Friday
14 Dec 2018

പെണ്‍മനസുകളിലെ മഞ്ഞുകണങ്ങളാകുന്ന വിധി

By: Web Desk | Friday 13 October 2017 1:58 AM IST

ബാലാവകാശത്തിന്റെ അന്തസും ഗൗരവവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നിര്‍ണായകവിധിയാണ് ഇക്കഴിഞ്ഞ ദിവസം രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാമെന്നാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂറും ദീപക് ഗുപ്തയുമടങ്ങിയ ബഞ്ച് വിധിച്ചത്. നേരത്തെ ഇത് സംബന്ധിച്ച് കോടതി നടത്തിയ ന്യായീകരണങ്ങളെ ഈ വിധി തള്ളിപ്പറഞ്ഞിരിക്കുന്നു. 15 മുതല്‍ 18 വയസുവരെയുള്ള ഭാര്യമാരുമായുള്ള വിവാഹത്തിലെ ലൈംഗികബന്ധം ബലാത്സംഗക്കുറ്റമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമം 375-ാം വകുപ്പിലെ രണ്ടാമത് വ്യവസ്ഥയാണ് കോടതി ഇതുവഴി റദ്ദാക്കിയിരിക്കുന്നത്. ബാലാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് തോട്ട് എന്ന എന്‍ജിഒ നല്‍കിയ പൊതുതാല്‍പര്യഹര്‍ജിക്കെതിരെ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ റാണാമുഖര്‍ജി കോടതിയില്‍ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയുണ്ടായി. കുടുംബമെന്ന സ്ഥാപനത്തെ ഈ വിധി തകര്‍ക്കുമെന്നും രാജ്യത്ത് നിലനിന്നുപോരുന്ന ബാലവിവാഹമെന്ന ആചാരത്തെ ഹനിക്കുമെന്നുമാണ് അദ്ദേഹം വാദിച്ചത്.
പെണ്‍കുട്ടികള്‍ക്കായുള്ള രാജ്യാന്തര ദിനത്തിലാണ് ഈ വിധി പ്രസ്താവം നടന്നത് എന്നത് കേവലം യാദൃച്ഛികതയാവാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ദിവസം 39,000 ശിശുവിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ നല്ലൊരു ശതമാനത്തിലും 15 വയസില്‍ താഴെ മാത്രം പ്രായമുള്ളവരാണ് വധുക്കളാകുന്നത്. 10നും 14നും ഇടയ്ക്കുള്ള പ്രായത്തില്‍ പ്രസവിക്കുന്നത് 10 ലക്ഷം പേരാണ്. ലോകത്ത് കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണ്. ഇവിടെ ബാലവധുക്കളുടെ എണ്ണം 2.3 കോടിയിലധികമാണ്. എന്നുവച്ചാല്‍ ജീവിതമെന്തെന്ന് പോലും തിരിച്ചറിയാന്‍ ശാരീരികവും മാനസികവുമായ ശേഷി ഉണ്ടാകുന്നതിന് മുന്‍പേ ഇവര്‍ അമ്മമാരാകുന്നു. ദാമ്പത്യത്തില്‍ ഇവര്‍ അനുഭവിക്കുന്നത് ബലാത്സംഗമാണ്. ലൈംഗികതയെക്കുറിച്ച് അവബോധമില്ലാത്ത പ്രായത്തില്‍ ഈ ബാലികമാര്‍ നേരിടുന്നത് നിര്‍ബന്ധിത ലൈംഗികതയാണ്. ഈ അവസ്ഥയെ ആചാരവുമായും കുടുംബമെന്ന സ്ഥാപനവുമായൊക്കെ ബന്ധപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം മനുഷ്യത്വരഹിതമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
മറ്റൊന്ന് രാജ്യത്ത് നിരന്തരമായ പോരാട്ടങ്ങളിലൂടെ പരിഷ്‌കൃത സമൂഹം നേടിയെടുത്ത രണ്ട് പ്രബലനിയമങ്ങള്‍ക്ക് കടകവിരുദ്ധമാണ് സര്‍ക്കാര്‍ നിലപാടെന്നതാണ്. ഒന്ന് പോക്‌സോ നിയമവും മറ്റൊന്ന് 2005ലെ ഗാര്‍ഹിക പീഡനവിരുദ്ധ നിയമവും. ഒരു വശത്ത് ബാലാവകാശങ്ങളെപ്പറ്റിയും ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും വാചാലമാകുന്ന സര്‍ക്കാര്‍ ബാലവിവാഹത്തിലൂടെ ഈ രണ്ട് അവസ്ഥകളും നേരിടുന്ന ബാലികമാര്‍ക്കെതിരെ നിയമയുദ്ധത്തിനുമുതിരുന്നു. 2012 ലെ ബലാവകാശ നിയമം പോക്‌സോയുടെ വകുപ്പുകള്‍ക്ക് വിരുദ്ധമായ ഒന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമം 375ലെ രണ്ടാം വകുപ്പ്. ഇത് പ്രകാരം 18 വയസിന് താഴെയുള്ളവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് ബലാത്സംഗം. പത്ത് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെടാവുന്ന വകുപ്പ്. പോക്‌സോ നിയമത്തിനനുസൃതമായി ഇന്ത്യന്‍ ശിക്ഷാനിയമം പരിഷ്‌കരിക്കണമെന്ന ആവശ്യം പലവട്ടം രാജ്യത്ത് ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വിവാഹപ്രായം പെണ്‍കുട്ടികള്‍ക്ക് 18 ആണെന്നിരിക്കെ ബാലവിവാഹത്തിന് ആചാരത്തിന്റെ പേരില്‍ സാധൂകരണവുമായി ബിജെപി സര്‍ക്കാര്‍ നിലപാടെടുക്കുന്നു എന്ന് പറഞ്ഞാല്‍ അതിന്റെ പച്ചയായ അര്‍ഥം ഭരണഘടനാവിരുദ്ധമായ നടപടിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നാണ്. മാത്രമല്ല ഇന്ത്യന്‍ ശിക്ഷാനിയമം 375-ാം വകുപ്പിലെ രണ്ടാം വകുപ്പ് ഭരണഘടനയുടെ 14, 15, 21 എന്നീ വകുപ്പുകളുടെ നഗ്നമായ ലംഘനം കൂടിയാണ്. ബാലവേലയും ബാലപീഡനങ്ങളും നിരോധിക്കുന്ന ബാലാവകാശ നിയമമനുസരിച്ച് രാജ്യത്തെ പൗരന് ഭരണഘടന നല്‍കുന്ന അവകാശ പരിരക്ഷകള്‍ സംരക്ഷിക്കുന്ന പ്രസ്തുത വകുപ്പുകളാണ് ഇന്ത്യന്‍ ശിക്ഷാ നിയമം ഇതുവഴി പാടേ നിരാകരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ സുപ്രിംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വാദിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിവാഹബന്ധത്തിലെ ലൈംഗികത ബലാത്സംഗക്കുറ്റമാകുകയാണെങ്കില്‍ അത് രാജ്യത്തെ സാമൂഹ്യ അന്തരീക്ഷത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ഭവിഷ്യത്തുകളില്‍ സര്‍ക്കാരിന് ഉല്‍ക്കണ്ഠയുണ്ടെന്നാണ്. ബാലവിവാഹങ്ങള്‍ ആചാരമാക്കാനുള്ള ബിജെപിയുടെ യാഥാസ്ഥിതിക സാമൂഹ്യ നിലപാടുകളാണ് ഇതിന് പിന്നിലുള്ളത്.
ബേട്ടി ബചാവോ, പഠാവോ പോലുള്ള സുന്ദര മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രാജ്യത്തെ സ്ത്രീകളേയും കുട്ടികളേയും വിശ്വാസത്തിലെടുക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തുന്ന മോഡി സര്‍ക്കാര്‍ ബാലവിവാഹം ആചാരമാക്കി നിലനിര്‍ത്തുന്നത് ഇരട്ടത്താപ്പും ജനവഞ്ചനയുമാണ്. പഠിക്കാനും വ്യക്തി എന്ന നിലയില്‍ വികസിക്കാനുമുള്ള പെണ്‍കുട്ടികളുടെ അവകാശം പൂര്‍ണമായും കവര്‍ന്നെടുക്കുന്ന ഒരു സാമൂഹ്യ ദുരാചാരമാണ് ബാലവിവാഹം. ഇത്തരം വിവാഹത്തിലെ ലൈംഗികത ബലാത്സംഗക്കുറ്റമാക്കുന്നതിലൂടെ ഒരു പരിധിവരെ രാജ്യത്തെ പെണ്‍കുട്ടികളെ സാമുദായിക തടവറകളില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞേക്കും.
രാജ്യത്തിന്റെ പിന്നോക്കാവസ്ഥയും സാമൂഹ്യ ദുരാചാരങ്ങളും പെണ്‍ജീവിതങ്ങളില്‍ സൃഷ്ടിക്കുന്ന ദുരവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പകരം ഉപരിപ്ലവമായ പ്രഖ്യാപനങ്ങള്‍ നടത്തി അവയ്ക്കുവേണ്ടി കോടിക്കണക്കിന് രൂപ ചിലവിട്ട് പരസ്യങ്ങള്‍ സൃഷ്ടിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജനവഞ്ചന കോടതി ഈ വിധിയിലൂടെ ചോദ്യം ചെയ്തിരിക്കുകയാണ്. ഇത് പെണ്‍കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നവരുടെ നെഞ്ചിലെ കനലില്‍ വീണ മഞ്ഞുകണങ്ങളാണ്.

Related News