Friday
14 Dec 2018

തൊഴിലില്ലായ്മ: യുവാക്കള്‍ക്ക് പ്രതീക്ഷയും ഭാവിയെപ്പറ്റി ഉറപ്പും നല്‍കണം

By: Web Desk | Thursday 23 November 2017 10:17 PM IST

യുവതലമുറ ഏറ്റവും രൂക്ഷമായ തൊഴില്‍രാഹിത്യം നേരിടുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയിലാണ് കേരളം. രാജ്യത്തെ വലിയ സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. തീരെച്ചെറിയ സംസ്ഥാനങ്ങളായ നാഗാലാന്റും ത്രിപുരയും മാത്രമാണ് ഇക്കാര്യത്തില്‍ കേരളത്തിന് മുന്നിലുള്ളത്. 2016 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടനുസരിച്ച് 7.4 ശതമാനമാണ് കേരളത്തിന്റെ തൊഴിലില്ലായ്മാ നിരക്ക്. അത് ദേശീയ തൊഴിലില്ലായ്മാ നിരക്കിന്റെ (2.3 ശതമാനം) മൂന്നിരട്ടിയിലധികമാണ്. തൊഴില്‍രാഹിത്യം ഗ്രാമപ്രദേശങ്ങൡ നഗരങ്ങളേക്കാള്‍ രൂക്ഷമാണ്. യുവാക്കളെക്കാള്‍ അധികം തൊഴിലില്ലായ്മയുടെ ഇരകള്‍ യുവതികളാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 15-29 പ്രായക്കാരില്‍ 21.7 ശതമാനം തൊഴില്‍രഹിതര്‍ ഗ്രാമങ്ങളിലാണ്. ഇത് നഗരപ്രദേശങ്ങളില്‍ 18 ശതമാനമാണ്. കേരളത്തില്‍ തൊഴില്‍രഹിതരായ വനിതകള്‍ 47.4 ശതമാനം വരും. പുരുഷന്മാര്‍ക്കിടയില്‍ ഇത് 9.7 ശതമാനമാണ്. സംഘടിത മേഖലയില്‍ തൊഴില്‍ ഗണ്യമായി കുറഞ്ഞുവരികയാണ്. 2004 ല്‍ 12.6 ലക്ഷം പേര്‍ക്ക് തൊഴിലുണ്ടായിരുന്നിടത്ത് 2005 ല്‍ അത് 11.4 ലക്ഷമായും 2015 ല്‍ 10.88 ലക്ഷമായും കുറഞ്ഞു. പതിമൂന്നു വര്‍ഷം കൊണ്ട് സംഘടിത മേഖലയില്‍ തൊഴില്‍ 11.3 ശതമാനം കണ്ടാണ് കുറഞ്ഞത്. പൊതുമേഖലയില്‍ തൊഴിലവസരം കുറയുന്നതാണ് ഇതിനു കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഉല്‍പാദന മേഖലയില്‍ മൊത്തം തൊഴിലവസരങ്ങളുടെ 20.4 ശതമാനം മാത്രമാണുള്ളത്. സ്വയം തൊഴില്‍ മേഖല 37.7 തൊഴിലവസരങ്ങളുമായി ഏറ്റവും വലിയ തൊഴില്‍ മേഖലയാണ്. സ്ഥിരം തൊഴില്‍ നല്‍കുന്ന ശമ്പളമേഖലയില്‍ 22.5 ശതമാനമാണുള്ളത്. 39.8 ശതമാനം പേര്‍ താല്‍ക്കാലിക തൊഴില്‍രംഗത്താണുള്ളത്. തൊഴില്‍ രംഗത്തെ ഈ ദുരവസ്ഥയാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടന്ന സമരത്തിലൂടെ അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ (എഐവൈഎഫ്) ഗവണ്‍മെന്റിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്.
ലോകവ്യാപകമായി ആധിപത്യം പുലര്‍ത്തുന്ന നവഉദാരീകരണ സാമ്പത്തിക നീതിയുടെ ഫലമാണ് കേരളത്തിലടക്കം ലോകത്തെമ്പാടും യുവജനതയെ തുറിച്ചുനോക്കുന്ന തൊഴിലില്ലായ്മ. നവഉദാരീകരണ സാമ്പത്തിക നയത്തിന്റെ അടിത്തറയാണ് തൊഴില്‍രഹിതമായ വളര്‍ച്ച. കേരളവും ഈ സാമ്പത്തിക അനീതിക്ക് ഒരപവാദമല്ല. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചനിരക്ക് ഈ വസ്തുതയെ സാധൂകരിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും മികച്ച വളര്‍ച്ചനിരക്കായ 8.24 ശതമാനമായിരുന്നു 2012-13 കാലയളവില്‍ കേരളത്തിന്റേത്. അന്നും കേരളം തന്നെയായിരുന്നു തൊഴിലില്ലായ്മയില്‍ രാജ്യത്തിന്റെ മുന്‍നിരയില്‍. രാജ്യത്തിന്റെ മൊത്തം വളര്‍ച്ചനിരക്കില്‍ ഇടിവു സംഭവിച്ചിട്ടും തൊഴിലില്ലായ്മ നിരക്ക് കാര്യമായി ഉയര്‍ന്നിട്ടില്ലെന്നത് സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് ഭരണത്തിന്റെ മികവായി അവകാശപ്പെടാമെങ്കിലും അതില്‍ ഊറ്റംകൊള്ളാന്‍ കഴിയില്ല. കാരണം, തൊഴില്‍രാഹിത്യവും പുതിയ തൊഴിലവസരങ്ങള്‍ ഏറെയൊന്നും സൃഷ്ടിക്കപ്പെടുന്നില്ലെന്നതും യുവജനങ്ങളെ അസ്വസ്ഥരും അസംതൃപ്തരുമാക്കുന്നു. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) കഴിഞ്ഞ ദിവസം പുറത്തുവിട്ട പഠനങ്ങള്‍ യുവജനങ്ങളെ കൂടുതല്‍ ഉല്‍ക്കണ്ഠാകുലരാക്കുന്നുണ്ട്. ആ പഠനങ്ങള്‍ നല്‍കുന്ന സൂചന മുമ്പെന്നത്തെക്കാളും അരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ തന്നെയാണ്. വികസ്വര രാജ്യങ്ങളില്‍ പണിയെടുക്കുന്ന 20 ല്‍ 19 യുവതീയുവാക്കളും അസംഘടിത മേഖലയിലാണ്. ഭാവിയെക്കുറിച്ചുള്ള യുവതീയുവാക്കളുടെ ഈ അരക്ഷിതബോധം സാമൂഹ്യവും രാഷ്ട്രീയവുമായ അസ്ഥിരതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കേരളത്തിലെ യുവജനതയെ അസ്വസ്ഥമാക്കുന്ന തൊഴില്‍രാഹിത്യത്തെയും തൊഴില്‍രംഗത്തെ അരക്ഷിതത്വത്തേയും കുറിച്ച് ഏറെ ഗൗരവത്തോടെ ചിന്തിക്കാന്‍ ഭരണാധികാരികളെ പ്രേരിപ്പിക്കേണ്ടതാണ്. സര്‍ക്കാര്‍ തലത്തില്‍ സംസ്ഥാനത്ത് യാതൊരുവിധ തൊഴില്‍ നിരോധനവും നിലവിലില്ലെന്നും പിഎസ്‌സി നിയമനങ്ങള്‍ ത്വരിതഗതിയിലാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു നടത്തിയിട്ടുണ്ട്. എന്നാല്‍ പ്രായോഗിക തലത്തില്‍ അതിന്റെ പ്രതിഫലനം വേണ്ടത്ര ദൃശ്യമല്ലെന്നതാണ് വാസ്തവം. പിഎസ്‌സി അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുന്നതിലെ കാലതാമസത്തിന്റെ കാരണം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈമുഖ്യം കാണിക്കുന്ന വകുപ്പുമേധാവികള്‍ക്കെതിരെ സത്വര നടപടികള്‍ ഇനി വൈകിക്കൂട. കരാര്‍നിയമനത്തിനെതിരായ നിലപാടാണ് സര്‍ക്കാരിന്റേത്. എന്നിട്ടും കരാര്‍ ജീവനക്കാര്‍ സര്‍വീസില്‍ തുടരുന്നതായും കരാര്‍ നിയമനങ്ങള്‍ ഇപ്പോഴും നടക്കുന്നതായും പരാതികളുണ്ട്. കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിച്ച് സ്ഥിരം നിയമനത്തിന് നടപടികള്‍ സ്വീകരിക്കണം. യുവാക്കള്‍ക്ക് പ്രതീക്ഷയും ഭാവിയെപ്പറ്റി ഉറപ്പും നല്‍കാന്‍ കഴിയുന്ന ഭരണസംവിധാനമാണ് എല്‍ഡിഎഫ് എന്ന് അവരെ ബോധ്യപ്പെടുത്താന്‍ രാഷ്ട്രീയമായും ധാര്‍മികമായും ഗവണ്‍മെന്റിന് ഉത്തരവാദിത്വമുണ്ട്.

Photo Courtesy: Netrishtdaily

 

Related News