Sunday
22 Oct 2017

ഫാം-ഡി കോഴ്‌സുകള്‍ക്ക് അനുമതിയായില്ല

By: Web Desk | Monday 25 September 2017 3:46 PM IST

സര്‍ക്കാരില്‍ തൊഴില്‍സാധ്യതയില്ല

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച് സംസ്ഥാനങ്ങള്‍ നടപ്പിലാക്കണമെന്ന് ശുപാര്‍ശ ചെയ്ത ഫാം – ഡി കോഴ്‌സുകള്‍ക്ക് ഇതുവരെയും അനുമതിയായില്ല. ഫാര്‍മസിയില്‍ ആറു വര്‍ഷത്തെ ബിരുദ ഗവേഷണ കോഴ്‌സാണ് ഡോക്ടര്‍ ഓഫ് ഫാര്‍മസി – ഫാം ഡി – കോഴ്‌സ്. സംസ്ഥാനത്തെ 16 സ്വകാര്യ കോളജുകളില്‍ ഈ കോഴ്‌സ് നടത്തുന്നുണ്ടെങ്കിലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും ഈ കോഴ്‌സ് ഇല്ലെന്ന പ്രത്യേകതയുമുണ്ട്. അതേസമയം പരിയാരം മെഡിക്കല്‍ കോളജില്‍ ഫാം ഡി കോഴ്‌സ് നടത്തുന്നുണ്ട്.
സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഈ കോഴ്‌സ് പഠിപ്പിക്കുകയും ആശുപത്രികളില്‍ ഫാം – ഡി കോഴ്‌സ് പാസാകുന്നവരെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകളായി ഡോക്ടര്‍മാരോടൊപ്പം ജോലി ചെയ്യിക്കുന്നുമുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലോ ആശുപത്രികളിലോ ഫാം -ഡി പാസായകുന്നവരുടെ സേവനം ഉപയോഗിക്കുന്നില്ല. ഫാം -ഡി പാസാകുന്നവരെ നിയോഗിക്കുകയാണെങ്കില്‍ ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമായി ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയ ആയിരത്തിലധികം മലയാളികളുണ്ടെന്നാണ് കണക്ക്.

ഫാം-ഡി ഒരു പോസ്റ്റു ഗ്രാഡുവേറ്റ് യോഗ്യതയാണെന്നും പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ 2011 ഓഗസ്റ്റ് മാസം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ഫാര്‍മസി രംഗത്തെ അധ്യാപന ജോലിക്ക് ഫാം-ഡി ഒരു അംഗീകൃത വിദ്യാഭ്യാസ യോഗ്യതയാണെന്നും ഡി ഫാം, ബി ഫാം, എം ഫാം, ഫാം ഡി കോഴ്‌സുകളില്‍ പഠിപ്പിക്കുവാനും ഫാം ഡി പാസാകുന്നവര്‍ യോഗ്യരാണെന്നും ഫാര്‍മസി കൗണ്‍സില്‍ വിവിധ വിജ്ഞാപനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.

ഇത്രയും വര്‍ഷമായിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ ഫാര്‍മസി കോളജുകളില്‍ അധ്യാപക ജോലിക്കോ മെഡിക്കല്‍ കോളജ്, വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്‌ററുമാരായോ ഫാം – ഡി കോഴ്‌സ് പാസാകുന്നവരെ പരിഗണിക്കുന്ന സ്ഥിതി ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഏറ്റവും ഉയര്‍ന്നതെന്ന് ഫാര്‍മസി കൗണ്‍സില്‍ പോലും അംഗീകരിച്ച ഫാം ഡി യോഗ്യത നേടിയവര്‍ക്ക് അര്‍ഹമായ ജോലി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. എം ഫാം നേടിയവര്‍ ഫാര്‍മസി കോളജുകളില്‍ അധ്യാപക തസ്തികയില്‍ ജോലിയെടുക്കുമ്പോള്‍ ഫാം -ഡി യോഗ്യത നേടിയവര്‍ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ ഔദാര്യത്തില്‍ തൊഴില്‍ ചെയ്യേണ്ട സ്ഥിതിയാണുള്ളത്.
അതുപോലെ തന്നെ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ചും ഇവര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പുവരുത്താവുന്നതാണ്.
ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഫാം -ഡി കോഴ്‌സിന് മതിയായ പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിദ്യാര്‍ഥി – രക്ഷാകര്‍തൃ അസോസിയേഷന്‍.
ഫാം -ഡി കോഴ്‌സ് സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെന്നതുപോലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആരംഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.