Saturday
17 Nov 2018

പ്രീ സ്‌കൂളുകളില്‍കൂടി ചുവടുറപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

By: Web Desk | Monday 29 October 2018 7:48 PM IST

കോഴിക്കോട്: ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രീ സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെയും അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിച്ചത് പോലെ പ്രീ സ്‌കൂളുകളിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ വന്‍തോതില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം വര്‍ധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പല അണ്‍എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നാമമാത്രമാണ് ഇപ്പോഴുള്ളത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രീ സ്‌കൂള്‍ മേഖലയിലുള്ള ആധിപത്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസവകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ശാസ്ത്രീയ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ കര്‍മ പദ്ധതിയുടെ ക്ലസ്റ്റര്‍ അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ജില്ലാതല പരിശീലനങ്ങള്‍ക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി.

സര്‍വ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ 30 പ്രീ സ്‌കൂളുകളില്‍ ശാസ്ത്രീയ പ്രീ സ്‌കൂള്‍ കര്‍മ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ജില്ലാതല പരിശീലനം ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. ഏഴ് ബി ആര്‍ സികള്‍ കേന്ദ്രീകരിച്ച് നടക്കാവ് ഗേള്‍സ് സ്‌കൂളിലും എട്ട് ബി ആര്‍ സികള്‍ കേന്ദ്രീകരിച്ച് പേരാമ്പ്ര ബി ആര്‍ സിയിലുമാണ് അഞ്ചു ദിവസത്തെ പരിശീലനം നടക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രീ സ്‌കൂളിലെ പ്രധാനധ്യാപകന്‍, നഴ്‌സറി ടീച്ചര്‍, ഒരു പി ടി എ അംഗം, രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ അല്ലെങ്കില്‍ റിട്ട. അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

Related News