Monday
22 Oct 2018

വിദ്യ അഭ്യസിക്കുന്നത് മതപരമായ ചട്ടക്കൂടില്‍

By: Web Desk | Thursday 4 January 2018 7:29 PM IST

കൊച്ചി :

സിലബസുകള്‍ മുഴുവന്‍ മതപരമായ ചട്ടക്കൂട്ടില്‍. കണക്ക് പഠിപ്പിക്കുന്നത് മതകാര്യങ്ങള്‍ നിരത്തി. ലൈംഗിക വിഷയമുള്ളതിനാല്‍ ബയോളജി പുസ്തകമില്ല. ഇതിനു പകരം മതപരമായ മാര്‍ഗങ്ങളിലൂടെ കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ദേശവിരുദ്ധവും മതനിരപേക്ഷവുമല്ലാത്ത കാര്യങ്ങള്‍ കുരുന്നുകളെ പഠിപ്പിച്ചതിനാണ് എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായത്.

പാഠ പുസ്തകങ്ങളിലെ കഥകളിലും പാട്ടുകളിലും ദേശവിരുദ്ധവും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ഉള്ളടക്കങ്ങള്‍ ഉണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 2016ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് പൊലീസിനും വിദ്യാഭ്യാസ വകുപ്പിനുംനല്‍കി. സിബിഎസ്ഇ സിലബസായിരുന്നില്ല സ്‌കൂളില്‍ പഠിപ്പിച്ചിരുന്നതെന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പാഠ്യപദ്ധതിയാണ് അവിടെയുണ്ടായിരുന്നതെന്നുമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിലബസിലെ ഒരു പേപ്പറില്‍ പ്രത്യേകം മതത്തിന് മാത്രം പ്രാധാന്യം നല്‍കി. നേരത്തെ ഇവിടെ അധ്യാപകരായിരുന്നവര്‍ക്ക് ഇസ്‌ളാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്‍ മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പൊലീസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിദ്യാഭ്യാസ, പൊലീസ് വകുപ്പുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവിടെയുള കുട്ടികള്‍ക്ക് മറ്റ് സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരമുണ്ട്.

ചക്കരപ്പറമ്പിലുള്ള സ്‌കൂളില്‍ മാത്രം 300 ലധികം വിദ്യാര്‍ത്ഥികള്‍ എല്‍കെജി, യുകെജി വിഭാഗത്തില്‍ പഠിക്കുന്നുണ്ട്. പീസ് ഇന്റര്‍നാഷണലിന്റെ ഭരണ നിര്‍വഹണ വിഭാഗവും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. പറവൂര്‍ തത്തപ്പിള്ളിയിലെ സ്‌കൂളില്‍ ഒന്നുമുതല്‍ പത്താംക്ലാസ് വരെ പഠിപ്പിക്കുന്നുണ്ട്.

ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2016 ഒക്‌ടോബറിലാണ് പാലാരിവട്ടം പൊലിസ് കേസെടുത്തത്. വ്യവസായികളായ സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികള്‍, അഡ്മിനിസ്‌ട്രേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. മതസ്പര്‍ദ്ധ വളര്‍ത്തിയതിന് സെക്ഷന്‍ 153 എ വകുപ്പാണ് ചുമത്തിയത്. കേസ് എറണാകുളം സിജെഎം കോടതിയില്‍ തുടരുകയാണ്. പുസ്തകത്തിന്റെ പ്രസാധകരായ നവി മുംബയ് സ്വദേശികളായ സൃഷ്ടി ഹോംസില്‍ ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്‍ ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പൊലീസ് 2016 ഡിസംബര്‍ രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയ് ആസ്ഥാനമായ ബൂര്‍ജ് റിയലൈസേഷന്റെ പേരിലാണ് രണ്ടാം ക്‌ളാസിലെ ഇസ്‌ളാമിക് സ്റ്റഡീസ് പാഠപുസ്തകം പ്രസിദ്ധീകരിച്ചത്. പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം എം അക്ബര്‍ നിലവില്‍ വിദേശത്താണെന്നാണ് സൂചന. ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായ ചിലര്‍ക്ക് പീസ് സ്‌കൂളുമായും അനുബന്ധ സംഘടനകളുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴില്‍ കേരളത്തില്‍ മാത്രം 12 സ്‌കൂളുകളുണ്ടെന്നാണ് വിവരം. ലക്ഷദ്വീപ്, സൗദി അറേബ്യ, ജിദ്ദ എന്നിവിടങ്ങളിലുള്ള സ്‌കൂളുകള്‍ മറ്റ് ട്രസ്റ്റുകളുടെ കീഴിലാണ്. 2009ല്‍ ആരംഭിച്ച സ്‌കൂളിന് അംഗീകാരമില്ലെന്ന് ഡിഡിഇ അസി. കമ്മീഷണര്‍ കെ ലാല്‍ജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്‌കൂളിനെതിരെ നടപടിയാകാമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

Related News