Tuesday
22 Jan 2019

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകണം: ഉന്നത വിദ്യാഭ്യാസ സമ്മേളനം

By: Web Desk | Saturday 3 November 2018 5:02 PM IST

ഉന്നത വിദ്യാഭ്യാസ സമ്മേളനം മുന്‍ അംബാസഡര്‍ ഡോ. ടി. പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ. രവീന്ദ്രനാഥ്, കുസാറ്റ് മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ്, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍,കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. സി ദിലീപ്കുമാര്‍, കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. കെ സി നായര്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ആര്‍ വിശ്വംഭരന്‍, വെറ്റിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക്, അവിനാശിലിംഗം സര്‍വകലാശാല ചാന്‍സലര്‍ ഡോ. പി. ആര്‍ കൃഷ്ണകുമാര്‍ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. കെ ധര്‍മരാജ് അടാട്ട് എന്നിവർ സമീപം.

കൊച്ചി: വിദ്യാഭ്യാസ മേഖലയെകുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളും പൊതു സമൂഹവും ഏറ്റെടുക്കുന്നില്ലെന്ന് കേരളത്തിലെ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം കുറ്റപ്പെടുത്തി. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ മാറ്റം ഉണ്ടാകണമെങ്കില്‍ നമ്മുടെ മനോ നിലയില്‍ മാറ്റമുണ്ടാകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സമ്മേളനം അംബാസഡര്‍ ടി. പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ രാഷ്ട്രീയ നേതാക്കളും ഒന്നിച്ചിരുന്നു പൊതുവായ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ നയത്തിന് തുടര്‍ച്ചയില്ലാത്തതിനാല്‍ സര്‍ക്കാരുകള്‍ മാറുമ്പോള്‍ നയങ്ങളും മാറുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത വൈസ് ചാന്‌സലര്മാര് അഭിപ്രായപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിന്ന് കൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ കാര്യങ്ങള്‍ ചെയ്യുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിനെ കുറിച്ച ചിന്തിക്കാതിരിക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്‌നം. വിദ്യാഭ്യാസ മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ നമുക്കാവുന്നില്ല. അവസരങ്ങള്‍ വന്നു ചേരുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ നമ്മുടെ വിദ്യാഭ്യാസമേഖലയ്ക്ക് കഴിയുന്നില്ല. ഹാര്‍വാര്‍ഡ് അടക്കമുള്ള സര്‍വകലാശാലകള്‍ അടക്കമുള്ളവര്‍ കേരളത്തില്‍ ശാഖകള്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെയെല്ലാം എതിര്‍ത്തത് കേരളത്തിലെ ചില ചിന്തകരും സൈദ്ധാന്തികരും ആണ്. ഇരുന്നൂറ്റമ്പതോളംസര്‍വകലാശാലകളാണ് ഇന്ത്യയിലേക്ക് വരാന്‍ താത്പര്യപ്പെട്ടിരുന്നത്. കുട്ടികളെ വലിയ പണം കൊടുത്ത് അന്യ രാജ്യങ്ങളില്‍ വിട്ടു പഠിപ്പിക്കുമ്പോള്‍ എന്ത് കൊണ്ട് അത്തരം സര്‍വ്വകലാശകളുടെ റീജിയണല്‍ ശാഖകള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് യോഗത്തില്‍ മോഡറേറ്ററായിരുന്ന കാലടി സര്‍വകലാശാല മുന്‍ വി സി. ഡോ. എം. സി ദിലീപ്കുമാര്‍ പറഞ്ഞു.

ആഗോള വിദ്യാഭ്യാസ മാതൃകകള്‍ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായത് വിദ്യാര്‍ഥികളില്‍ നിന്നല്ല, മറിച്ച് ചില മുന്‍ വൈസ് ചാന്‍സലര്‍മാരില്‍ നിന്നായിരുന്നുവെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ടി. പി ശ്രീനിവാസന്‍ പറഞ്ഞു. പുതുതലമുറ സര്‍വ്വകലാശാലകള്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ വരും തലമുറ പിന്നാക്കം പോകും. ലോകത്തെ പല സര്‍വകലാശാലകളും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് ഇനിയും അതിന് കഴിയുന്നില്ല. ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കനത്ത തിരിച്ചടി നേരിടും. വിദ്യാഭ്യാസ അമേഖലയിലെ കുറവുകള്‍ കണ്ടെത്താനോ അത് പരിഹരിക്കണോ സംഥാനത്ത് യാതൊരു സംവിധാനവും നിലവിലില്ല. വിദ്യാഭ്യാസ രംഗത് നാം എവിടെ നില്‍ക്കുന്നു എന്നതിന് ഉദാഹരണമാണിത്. സര്‍വകലാശാലകളുടെ മാതൃകയില്‍ അധ്യാപക പരിശീലന അക്കാദമി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. സി ദിലീപ്കുമാര്‍, കലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ. രവീന്ദ്രനാഥ്, കുസാറ്റ് മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ്, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍, കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. കെ സി നായര്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ആര്‍ വിശ്വംഭരന്‍, വെറ്റിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക്, അവിനാശിലിംഗം സര്‍വകലാശാല ചാന്‍സലര്‍ ഡോ. പി. ആര്‍ കൃഷ്ണകുമാര്‍ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് സെന്റ്. തെരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ലതാ നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related News