Monday
22 Oct 2018

പൊതുവിദ്യാഭാസം തിരിച്ചുവരവിന്റെ പാതയില്‍: മന്ത്രി പി തിലോത്തമന്‍

By: Web Desk | Saturday 9 December 2017 9:05 PM IST

എ കെ എസ് ടി യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു

മാന്നാര്‍: എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മുന്‍കാല പ്രതാപത്തോടെ പൊതുവിദ്യാഭ്യാസം തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം മാന്നാര്‍ പെന്‍ഷന്‍ ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്താകമാനം വര്‍ഗ്ഗീയ വിഷം വിദ്യാഭ്യാസ മേഖലയില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തിക്കൊണ്ടേ അതിനെ പ്രതിരോധിക്കാനാവൂ. അധ്യാപക പ്രസ്ഥാനങ്ങള്‍ ഈ മേഖലയില്‍ കരുതലോടെ പ്രവര്‍ത്തിക്കണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ തിളങ്ങുന്നത് ദളിതരെ ചുട്ടുചാമ്പലാക്കിയ വെളിച്ചത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി മികച്ച നടനാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി കൊടുങ്കാറ്റില്‍ ദുരന്തമുണ്ടായിട്ട് പ്രധാനമന്ത്രി ഒരു ടെലിഫോണ്‍ പോലും കേരളത്തിലേക്ക് ചെയ്തില്ല. അതേ സമയം ഗുജറാത്തില്‍ ഓഖി വരാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് വേണ്ട സംവിധാനങ്ങളൊരുക്കാന്‍ അദ്ദേഹം തയ്യാറായി. ഇന്ത്യയെ ഒന്നായി കാണാനുള്ള മനസ്സ് അദ്ദേഹത്തിനില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് വേണ്ടി വലിയൊരു ശതമാനം വരുമാനം സര്‍ക്കാര്‍ നീക്കി വെക്കുന്നു. ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ നിന്നും പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ഒരുപാട് വിദ്യാര്‍ഥികള്‍ കടന്നു വന്നു. വരും വര്‍ഷങ്ങളില്‍ അത് കൂടുതലാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. എ കെ എസ് ടി യു ജില്ലാ പ്രസിഡന്റ് ഉണ്ണി ശിവരാജന്‍ അദ്ധ്യക്ഷത വഹിച്ചു. പൂര്‍വ്വകാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ആധ്യകാല അധ്യാപക സംഘടനാ നേതാവ് ആര്‍ എസ് ആനന്ദന് യോഗത്തില്‍ വെച്ച് മന്ത്രി പി തിലോത്തമന്‍ പുരസ്‌ക്കാരം സമര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ ശ്രീകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി കെ സി സ്‌നേഹശ്രീ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി പി ഐ മാന്നാര്‍ മണ്ഡലം സെക്രട്ടറി എന്‍ രവീന്ദ്രന്‍, ടി കെ ചന്ദ്രചൂഢന്‍നായര്‍, കെ ബി ശശി, ബി രാജേഷ് കുമാര്‍, വി ആര്‍ രജിത, ജോസ് ഇന്നസെന്റ്, രവികുമാര്‍, പി തുളസീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ പ്രദീപ് നന്ദി പറഞ്ഞു.
ജില്ലയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുവാന്‍ ജില്ലാ പഞ്ചായത്ത് ഇടപെടുക, ഹയര്‍സെക്കന്ററി അദ്ധ്യാപകരുടെ നിയമനം വേഗത്തിലാക്കുകയും റീജയണല്‍ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, അദ്ധ്യാപക പരിശീലനങ്ങളുടെ എണ്ണം കുറയ്ക്കുകയും പരിശീലനങ്ങള്‍ ശാസ്ത്രീയമാക്കുക, ജില്ലയിലെ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും പ്രീപ്രൈമറി ആരംഭിക്കുകയും പ്രൈമറി അധ്യാപകരുടെ സേവന വേതന അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.

Related News