Saturday
21 Oct 2017

വിദ്യാഭ്യാസ പലിശ സബ്‌സിഡി അര്‍ഹര്‍ക്ക് നല്‍കിയില്ല

By: Web Desk | Monday 25 September 2017 11:00 PM IST

ചെന്നൈ: വിദ്യാഭ്യാസ വായ്പയുടെ പലിശ സബ്‌സിഡിയിനത്തില്‍ അനുവദിച്ച 534 കോടി രൂപയുടെ ആനുകൂല്യം വിദ്യാര്‍ഥികള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുഖേന നടപ്പിലാക്കിയ പദ്ധതിയിലാണ് 2009 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇത്രയും തുക വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകാതെ പോയത്.
കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയമാണ് തുക എസ്ബിഐക്ക് നല്‍കുന്നത്. ഓരോ വര്‍ഷവും ഈയിനത്തില്‍ ആവശ്യമായ തുക അനുവദിക്കുന്നുണ്ടെങ്കിലും അത് വിദ്യാര്‍ഥികളിലെത്തുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കാലയളവിനിടയില്‍ 2,333. 60 കോടി രൂപയാണ് എസ്ബിഐ കേന്ദ്രത്തോടാവശ്യപ്പെട്ടത്. അത്രയും തുക ലഭിച്ചുവെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് 1,799.31 കോടി രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടി വ്യക്തമാക്കുന്നു.
4.51 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി നിശ്ചയിച്ചാണ് പലിശ സബ്‌സിഡിക്ക് അര്‍ഹരായവരെ തീരുമാനിക്കുന്നത്. വായ്പ അനുവദിച്ചു കഴിഞ്ഞാല്‍ അര്‍ഹരായവര്‍ക്കുള്ള പലിശ സബ്‌സിഡി തുക എസ്ബിഐ ആവശ്യപ്പെടുകയും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയുമാണ് രീതി. ഈ തുക ബാങ്കുകള്‍ പലിശ സബ്‌സിഡിയിലേയ്ക്ക് വരവ് വയ്ക്കുന്നതിനായി വ്യക്തിഗത അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമായ തുകയില്‍ 534.29 കോടി രൂപയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാതെ പോയിട്ടുള്ളത്.
2009-10 ല്‍ എസ്ബിഐക്ക് ലഭിച്ചത് 86.92 കോടി രൂപയായിരുന്നുവെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് 7.95 കോടി രൂപയാണ്. 2010-11 ല്‍ അനുവദിച്ച തുക 194 കോടി രൂപയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് 174 കോടി രൂപയായിരുന്നു. 2011-12, 2012-13 വര്‍ഷങ്ങളില്‍ യഥാക്രമം 294, 427 കോടി ലഭിച്ചതില്‍ പലിശ സബ്‌സിഡിയായി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് 239, 375 കോടി രൂപവീതമാണ്. 2013-14ല്‍ 439, 2014-15ല്‍ 487 കോടി രൂപവീതം ലഭിച്ചതില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് യഥാക്രമം 337, 470 കോടി രൂ വീതമാണ്. 2015-16ല്‍ അനുവദിച്ച തുക 406 കോടിയും പലിശ സബ്‌സിഡിയായി നല്‍കിയത് 125 കോടി രൂപയുമായിരുന്നു.
പലിശ സബ്‌സിഡി തുക ലഭ്യമല്ലാത്തതുകാരണം പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ പോലും വായ്പയെടുത്തതിന്റെ 40 ശതമാനം തുകയെങ്കിലും അധികമായടയ്‌ക്കേണ്ടിവരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സബ്‌സിഡിക്ക് അര്‍ഹരാണെങ്കിലും അധിക തുക തിരിച്ചടയ്‌ക്കേണ്ടിവരുന്നുവെന്ന് വായ്പയെടുത്ത പലരും പരാതി ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അനുവദിച്ച സബ്‌സിഡി തുക പോലും ലഭ്യമാകുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.