Tuesday
11 Dec 2018

മന്ത്രമോതിരത്തില്‍ മണി വിഴുങ്ങിയത് 1968ലെ വിസിലാണോ..?

By: Web Desk | Sunday 7 October 2018 8:42 PM IST

രഞ്ജിനി രാമചന്ദ്രന്‍
മന്ത്രമോതിരം എന്ന ദിലീപ് ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സീന്‍ ആണ് കലാഭവന്‍ മണി വിസില്‍ വിഴുങ്ങുന്നത്. വിസില്‍ വിഴുങ്ങിയതിന് പിന്നാലെ തൊണ്ടയില്‍ നിന്ന് വരുന്ന ശബ്ദം വിസില്‍ ഒച്ച തന്നെയായിരുന്നു. മുഴുനീള ഹാസ്യ സിനിമയായ മന്ത്രമോതിരത്തിലെ ഈ ഭാഗം 1968ല്‍ ചിത്രീകരിച്ചാല്‍ എങ്ങനെയിരിക്കും… സാങ്കേതികത ഒട്ടും കലര്‍ന്നിട്ടില്ലാത്ത കാലത്തെ ഒരു ഹിന്ദി സിനിമയിലെ ഭാഗത്തിലും ഇത്തരം ഒരു സീന്‍ നമുക്ക് കാണാന്‍ കഴിയും. ഇത്തവണത്തെ ഈച്ച കോപ്പിയുടെ വിഷയം വിസിലാണ്.
പല തരത്തിലുള്ള വിസിലടികള്‍ നാം കണ്ടിട്ടുണ്ട്. അതുപോലെ വിസിലടിക്കാന്‍ ശ്രമിക്കാത്തവര്‍ വിരളമായിരിക്കും. വിസിലടി ഒരു കലയാണ് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഒരു വിസിലടിക്കു കഴിയും. എന്നാല്‍ അബദ്ധത്തില്‍ വിസില് വിഴുങ്ങിയാലോ വിഷയം സീരിയസാണെങ്കിലും അറിയാതെ ചിരി വന്നു പോകും. കാണുന്നവര്‍ക്ക് അത്തരത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ച സിനിമയാണ് മന്ത്രമോതിരം. പ്രണയത്തിന് പ്രാധാന്യം നല്‍കി ചിത്രീകരിച്ച സിനിമയില്‍ ദിലീപിന്റെ പ്രണയത്തിന് കുടപിടിക്കാന്‍ നിന്ന കലാഭവന്‍ മണിയാണ് അബദ്ധത്തില്‍ വിസില്‍ വിഴുങ്ങിയത്. പിന്നത്തെ കഥ പറയേണ്ടല്ലോ, ബഹുവിശേഷം.
സിനിമാലോകത്ത് ആദ്യമായല്ലാ ഈ വിസില്‍ വിഴുങ്ങല്‍. സാങ്കേതിക വിദ്യ പുരോഗമിച്ചിട്ടില്ലാത്ത കാലഘട്ടത്തിലും സിനിമാലോകം വിസില്‍ വിഴുങ്ങിയിട്ടുണ്ട്. 1968ല്‍ വാഹീദ റഹ്മാനും മനോജ് കുമാറും അഭിനയിച്ച് അനശ്വരമാക്കിയ പ്രണയ കാവ്യം നില്‍കമല്‍ എന്ന ഹിന്ദി ചിത്രത്തിലാണ് ഈ വിസില്‍ വിഴുങ്ങല്‍ നടന്നത്. നായകന്റെ കൂട്ടുകാരനായ ഗിരിദര്‍ ഗോപാലാണ് വിസില്‍ വിഴുങ്ങിയത്. കാലങ്ങള്‍ എത്ര കഴിഞ്ഞാലും ഭാഷ ഏതായാലും ഹാസ്യത്തിന് ആവര്‍ത്തന വിരസതയുണ്ടാവില്ല എന്ന് ഈ രണ്ട് ചിത്രങ്ങളിലെയും വിസില്‍ വിഴുങ്ങല്‍ തെളിയിക്കുന്നു. എന്താ വിസിലടിക്കാന്‍ തോന്നുന്നുണ്ടോ എങ്കില്‍ വിസില്‍ ഒന്ന് വിഴുങ്ങിയിട്ടായാല്‍ ഏറെ നന്നാവും.