Thursday
24 Jan 2019

ബജറ്റ്: പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള അധരവ്യായാമം

By: Web Desk | Thursday 1 February 2018 11:07 PM IST

ന്യൂഡല്‍ഹി: വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ള വാഗ്ദാനങ്ങളും വാചാടോപങ്ങളും കുത്തിനിറച്ച രാഷ്ട്രീയ വ്യായാമമായി നരേന്ദ്രമോഡി സര്‍ക്കാരിന്റെ 2018-19 ബജറ്റ്. പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറം പദ്ധതികള്‍ക്കും പരിപാടികള്‍ക്കും ആവശ്യമായ തുക വകയിരുത്തുന്നതില്‍ ബജറ്റ് സമ്പൂര്‍ണ പരാജയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കര്‍ഷകരും പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങളും മുതിര്‍ന്ന പൗരന്മാരും തൊഴില്‍ രഹിത യുവാക്കളുമടക്കം ദരിദ്രരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്ക് ബജറ്റ് തെല്ലും പ്രതീക്ഷ നല്‍കുന്നില്ല. ബജറ്റ് പ്രഖ്യാപനങ്ങള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങളും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നു. നോട്ട് അസാധൂകരണത്തിന്റെയും ജിഎസ്ടി പരിഷ്‌കാരങ്ങളുടെയും കെടുതികളില്‍ നിന്ന് സമ്പദ്ഘടനയെ കരകയറ്റാവുന്ന യാതൊന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ ഇല്ല.
കര്‍ഷക വരുമാനം രണ്ടിരട്ടി ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില ഉല്‍പാദന ചിലവിനെക്കാള്‍ 50 ശതമാനം വര്‍ധിപ്പിക്കാനുള്ള നടപടികളുണ്ടാവുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ താങ്ങുവില ഉയരില്ലെന്ന് മാത്രമല്ല കര്‍ഷകര്‍ കൂടുതല്‍ കടക്കെണിയിലാവുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ മതം. കാര്‍ഷികമേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് 6.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം അടിയന്തിരമായി നടത്തണമെന്നാണ് മോഡി സര്‍ക്കാര്‍ നിയോഗിച്ച അശോക് ദല്‍വായ് കമ്മിറ്റി ശുപാര്‍ശ. ബജറ്റില്‍ ഈ മേഖലയ്ക്കുള്ള വിഹിതത്തില്‍ 4845 കോടി രൂപയുടെ വര്‍ധനവ് മാത്രമാണുള്ളത്. 2022 ആകുമ്പോഴേയ്ക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റിന് ദിവസങ്ങള്‍ക്ക് മുമ്പ് മോഡി പ്രഖ്യാപിച്ചു. പക്ഷേ തുച്ഛമായ തുക മാത്രം വകയിരുത്തിയതിലൂടെ സമീപകാലത്തൊന്നും കര്‍ഷകരുടെ വരുമാനം വര്‍ധിക്കിെല്ലന്ന് വ്യക്തം. കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില 50 ശതമാനത്തിലധികം വര്‍ധിപ്പിക്കണമെന്ന് സ്വാമിനാഥന്‍ കമ്മിറ്റിയും ശുപാര്‍ശ ചെയ്തിരുന്നു. നിലവിലുള്ള ബജറ്റ് വിഹിതം അനുസരിച്ച് രാജ്യത്തെ 94 ശതമാനം കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കില്ല. പൊതുമേഖലാ ബാങ്കുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളാണ് ഇന്നലെ ബജറ്റില്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ സാധാരണ കര്‍ഷകര്‍ക്ക് വായ്പകള്‍ നല്‍കാന്‍ പൊതുമേഖലാ ബാങ്കുകള്‍ വിമുഖത കാണിക്കും. പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും തന്നെ ബജറ്റില്‍ ഉണ്ടായില്ല. കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയും ചെയ്യും.
11 ലക്ഷം കോടി രൂപ കാര്‍ഷിക മേഖലയില്‍ നിക്ഷേപിക്കുമെന്നാണ് ജെയ്റ്റ്‌ലി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ ഈ തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ല. നബാര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ആ തുക കണ്ടെത്തണമെന്നാണ് വിവക്ഷ. സര്‍ക്കാര്‍ പൂര്‍ണമായും ആ ഉത്തരവാദിത്വത്തില്‍ നിന്നും കൈകഴുകുന്നു.
ആദിവാസി മേഖലകളില്‍ നവോദയ വിദ്യാലയ മാതൃകയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് പറയുന്നു. എന്നാല്‍ എവിടെയൊക്കെയാണ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേവലം പൊള്ളയായ പ്രഖ്യാപനങ്ങളാണിതെന്ന് ഈ വ്യക്തതയില്ലായ്മ സൂചിപ്പിക്കുന്നു.
വിദ്യാഭ്യാസ മേഖലയ്ക്കും പൂര്‍ണമായ അവഗണനയാണ് ഇന്നലത്തെ ബജറ്റില്‍. ആധുനിക സാങ്കേതികത്വങ്ങള്‍ നടപ്പാക്കുമെന്ന് പറയുമ്പോഴും ഇതിനാവശ്യമായ തുക ബജറ്റ് വകയിരുത്തുന്നില്ല.
വിദ്യാഭ്യാസ മേഖലയ്ക്കായി 31,212 കോടി രൂപയാണ് ഇക്കുറി അനുവദിച്ചത്. കേവലം 3000 കോടിയുടെ വര്‍ധന. വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ വല്‍ക്കരണത്തിനായി ഇക്കുറി അനുവദിച്ച തുക 456 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷമിത് 518 കോടി രൂപയായിരുന്നു. അധ്യാപക പരിശീലനത്തിന് 120 കോടി, സര്‍വശിക്ഷാ അഭിയാന് കേവലം 3915 കോടി രൂപയുടെ വര്‍ധനവ് മാത്രമാണ് വരുത്തിയത്. ഈ ഗവേഷണ പദ്ധതികള്‍ക്കായി തുക അനുവദിച്ചിട്ടുമില്ല.
നടപ്പുസാമ്പത്തികവര്‍ഷത്തെ ധനക്കമ്മി ലക്ഷ്യം 3.2 ശതമാനമായി നിജപ്പെടുത്താനും മോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് വരുത്തിവയ്ക്കുന്ന ബാധ്യതയാണ് ധനക്കമ്മി വര്‍ധിക്കാനുള്ള കാരണമായി ജെയ്റ്റ്‌ലി പറയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുവാനോ അല്ലെങ്കില്‍ അവ മൊത്തമായി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനോ ഉള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണിതില്‍ പ്രതിഫലിക്കുന്നത്.
ആരോഗ്യമേഖലയിലും ആവശ്യമായ നിക്ഷേപം നടത്താന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുമെന്നും രാജ്യത്തെ അമ്പത് കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പറയുന്നു. എന്നാല്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കായിരിക്കും ഇതിന്റെ നേട്ടം. വര്‍ധിപ്പിച്ച തീരുവയുടെ പേരില്‍ പ്രീമിയം തുക ഉയര്‍ത്തുന്ന തന്ത്രമായിരിക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ സ്വീകരിക്കുക.
ഗ്രാമീണ ജനതയുടെ സാമ്പത്തിക-സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടുള്ള ”മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്” പദ്ധതിക്കും അവശ്യമായ തുക അനുവദിച്ചില്ല. കഴിഞ്ഞ വര്‍ഷം 48,000 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്. എന്നാല്‍ ഇക്കുറി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 500 കോടി രൂപ മാത്രമാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി അനുവദിച്ചത്.
പ്രതിരോധ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കോടികള്‍ കൊയ്യാനുള്ള അവസരങ്ങളൊരുക്കാനും ജെയ്റ്റ്‌ലി മറന്നില്ല. ഹിന്ദുസ്ഥാന്‍ ഫോര്‍ജിങ് ലിമിറ്റഡുള്‍പ്പെടെ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുള്ള യാതൊരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ല. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടിലും കാര്യമായ വര്‍ധന ഉണ്ടായില്ല.

വിലക്കയറ്റം രൂക്ഷമാക്കുന്ന ബജറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം; പണപ്പെരുപ്പം ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതും വിലക്കയറ്റം രൂക്ഷമാക്കുന്നതുമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും നയങ്ങള്‍ വിപല്‍ക്കരമാംവിധം മുമ്പോട്ടു കൊണ്ടുപോവുന്ന ബജറ്റ് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കുമേല്‍ ഗുരുതരമായ ആഘാതമേല്‍പ്പിക്കും. പൊതുമേഖലാ ഓഹരിവില്‍പന 72,000 കോടിയില്‍ നിന്നു 80,000 കോടിയിലേക്ക് ഉയര്‍ത്തി എന്നത് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിച്ചു കൈമാറാനുള്ള നീക്കവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. കേരളത്തിന്റെ റയില്‍വേ വികസനത്തിന് കാര്യമായ ഒരു സംഭാവനയും ഈ ബജറ്റ് നല്‍കുന്നില്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള നിക്ഷേപ വര്‍ധനാ കാര്യത്തിലെ അവഗണനയും ഗുരുതരമായി കാണേണ്ടതുണ്ട്.

Related News