Friday
14 Dec 2018

ആനകള്‍ക്ക് പീഡന കേന്ദ്രമായി ഗുരുവായൂരിലൊരു ആനത്താവളം

By: Web Desk | Saturday 7 October 2017 1:24 AM IST

മനീഷ് ഗുരുവായൂര്‍
കെടുകാര്യസ്ഥതയുടെ പര്യായമായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനത്താവളം മാറുന്നു. ദേവസ്വത്തിലെ രണ്ട് പിടിയാനയും ഒരു മോഴയാനയും പാദരോഗത്തിന് ഏറെനാളായി ചികിത്സയില്‍ കഴിയുമ്പോഴും ആനത്താവളത്തില്‍ എങ്ങും ചീഞ്ഞളിഞ്ഞ മാലിന്യ കൂമ്പാരങ്ങളാണ്. ദേവസ്വം അധികാരികളുടെയും ആനത്താവളം ചുമതലക്കാരുടെയും ഭാഗത്തുനിന്ന് തികഞ്ഞ അവഗണനയാണ് ആനത്താവളത്തിന് ലഭിക്കുന്നത്. മദപ്പാടില്‍ നിന്ന് അഴിച്ച കൊമ്പനെ വേണ്ടത്ര വിശ്രമം നല്‍കാതെ എഴുന്നള്ളിപ്പിനയച്ചതും വിവാദമായിട്ടുണ്ട്.
മദപ്പാടില്‍ നിന്ന് അഴിച്ച ആനയെ 15 ദിവസത്തെ വിശ്രമം നല്‍കിയശേഷമേ പുറത്തേക്ക് കൊണ്ടുപോകാവു എന്ന ചട്ടം നിലനില്‍ക്കുമ്പോഴാണ് സെപ്തംബര്‍ 20 ന് മദപ്പാടില്‍ നിന്ന് അഴിച്ച കൊമ്പന്‍ ദാമോദര്‍ദാസിനെ നാട്ടാനപരിപാലന നിയമം ലംഘിച്ച് വെറും മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കോഴിക്കോട്ടേക്ക് എഴുന്നള്ളിപ്പിനയച്ചത്. ഇക്കാര്യത്തില്‍ ആനപ്രേമികള്‍ പ്രതിഷേധത്തിലാണ്. കോഴിക്കോട് എത്തിയ ആന അവിടെ ഇടയുകയും ആനയെ നാല് ദിവസം അവിടെത്തന്നെ തളച്ചിടേണ്ടി വരികയും ചെയ്തിരുന്നു. തിരികെ എത്തിച്ച ആനയെ പിറ്റേന്ന് തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ എഴുള്ളിപ്പിന് നിയോഗിക്കുകയും ചെയ്തു. എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ ആക്രമിച്ചു. പരിക്കേറ്റ പാപ്പാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ആനത്താവളത്തിലെ പീഡനകഥകള്‍ ദൃശ്യങ്ങള്‍ സഹിതം പുറം ലോകമറിഞ്ഞതിനെ തുടര്‍ന്ന് എല്ലാം രഹസ്യമാക്കി വെയ്ക്കാനായിരുന്നു പിന്നീട് അധികാരികളുടെ ശ്രമം. ഇതിന്റെ ഭാഗമായി ഇവിടെ ക്യാമറകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സുരക്ഷയ്ക്ക് വേണ്ടിയെന്നായിരുന്നു ഭാഷ്യം. നേരത്തെ ആനത്താവളത്തില്‍ നടക്കുന്ന ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ചുമതലക്കാര്‍ മാധ്യമപ്രവര്‍ത്തകരെപോലും അകറ്റുകയാണ്.
കൃത്യനിര്‍വഹണത്തിലുള്ള തങ്ങളുടെ അനാസ്ഥ പുറത്തറിയുന്നത് തടയുന്നതിനുള്ള വ്യഗ്രതയുടെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടുംബസമേതം ആനത്താവളത്തിലെത്തുന്ന സന്ദര്‍ശകരോടും മൊബൈല്‍ ക്യാമറയുടെ കാര്യം പറഞ്ഞ് വളരെ അപമര്യാദയായി ആനത്താവളം ചുമതലക്കാര്‍ പെരുമാറുന്നുവെന്ന ആക്ഷേപവുമുണ്ട്. ഒരു വര്‍ഷം മുന്‍പ് ദേവസ്വം മന്ത്രി തന്നെ ആവശ്യപ്പെട്ടിട്ടും ഫോട്ടോഗ്രാഫി നിരോധനം മാറ്റാന്‍ ദേവസ്വം തയ്യാറായിട്ടില്ല.

Related News