Monday
25 Jun 2018

ആനകളോടുള്ള ക്രൂരതയ്ക്ക് പരിഹാരം തേടണം

By: Web Desk | Friday 11 August 2017 10:51 AM IST

 

കാട്ടാനകള്‍ നാട്ടിലേയ്ക്ക് വഴിതെറ്റിയും അല്ലാതെയും വന്നുകൊണ്ടിരിക്കുന്നു. ഈ വരവില്‍ ചിലര്‍ വൈദ്യുതി ആഘാതമേറ്റും അല്ലാതെയും കൊല്ലപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകള്‍ ഭീതിയും വേദനയും സംശയങ്ങളും ഉയര്‍ത്തുന്നതാണ്.
പരിണാമ ചരിത്രത്തില്‍ ആനയുടെ സ്ഥാനം ഏതാണെന്നറിയില്ല. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ആനകളുടെ സാന്നിധ്യം നിശ്ചയമായും ഉണ്ട്. കാലാള്‍പ്പടയ്‌ക്കൊപ്പം ആനപ്പടയുമുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിമേനോന്‍ രചിച്ച എട്ട് വോള്യമുള്ള ഐതിഹ്യമാലയിലെ ഓരോ വോള്യവും അവസാനിക്കുന്നത് ഒരു ആനക്കഥയോടെയാണ്. കേരളത്തില്‍ ക്ഷേത്രങ്ങളുടെയും വ്യക്തികളുടെയും കൈകളിലായി 700 ആനകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഏതാണ്ട് പതിനായിരത്തില്‍ പരം ഉത്സവങ്ങള്‍ക്കായി ഈ ആനകളെ കാല്‍നടയായും വാഹനങ്ങളിലും എത്തിക്കുക പതിവാണ്. ഉത്സവങ്ങളുടെ ഭാഗമായുള്ള കൊട്ടും വാദ്യവും പടക്കപ്രയോഗവുമൊക്കെ ഈ മിണ്ടാപ്രാണി നിശബ്ദം അനുഭവിക്കേണ്ടിവരാറുണ്ട്. ആന വിരണ്ടുണ്ടാകുന്ന അപകടങ്ങളില്‍ പലരും കൊല്ലപ്പെടുക സാധാരണമാണ്. നിശബ്ദ ജീവിയാണെങ്കിലും തന്നോട് നീതി പുലര്‍ത്താത്ത പാപ്പാന്മാരെ അവ കൊല്ലുകയും ചെയ്യും. അതേസമയം പാപ്പാന്മാര്‍ക്ക് തുണയാകുന്ന ആനകളെപ്പറ്റിയും നമുക്കറിയാം.
നാട്ടിലെ മനുഷ്യര്‍ക്കിടയില്‍ ജീവിക്കുന്ന ആനയുടെ അവസ്ഥ ഒട്ടും കരണീയമല്ല. എന്നാല്‍ ഈ മനുഷ്യരുടെ ഇടയിലേയ്ക്ക് കാട്ടാനകള്‍ കൂട്ടമായി വരുന്നതെന്തുകൊണ്ട്? കാട്ടില്‍ വെള്ളം, ഭക്ഷണലഭ്യത എന്നിവ കുറയുന്നതോടെ ഇത്തരത്തില്‍ മൃഗങ്ങള്‍ മനുഷ്യ ആവാസകേന്ദ്രങ്ങളിലേയ്ക്ക് കടന്നുവരിക പതിവാണ്. കാട്ടില്‍ മനുഷ്യന്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ തടയുകയാണിതിന് ആവശ്യം. ഉള്‍ക്കാടുകളില്‍ നടക്കുന്ന കഞ്ചാവ് കൃഷി, യഥേഷ്ടം രഹസ്യമായി നടത്തുന്ന മരംമുറിച്ചുമാറ്റല്‍ ഇവയൊക്കെ മൃഗങ്ങളുടെ ആവാസമേഖലയായ വനത്തെ തകര്‍ക്കുന്ന ഘടകങ്ങളാണ്. കേരളത്തിലെ വനമേഖലയില്‍ ഏതാണ്ട് 6800-ല്‍പ്പരം ആനകളുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യരുടെ സ്വാര്‍ഥലാഭമോഹം കാരണം കാട്ടാനകള്‍ അപായപ്പെടുന്നതിനും കൊല്ലപ്പെടുന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട്. ആനക്കൊമ്പ് വേട്ടക്കാര്‍, ആനക്കാല്‍ വേട്ടക്കാര്‍, ആനരോമ വേട്ടക്കാര്‍ എന്നിവരൊക്കെ ഇത്തരത്തില്‍ ആനകള്‍ അപായപ്പെടുന്നതില്‍ മുഖ്യ കുറ്റക്കാരാണ്. വനമാഫിയകള്‍ക്ക് ഉള്‍ക്കാടുകളില്‍ എത്തിച്ചേരാന്‍ കഴിയുന്നതെങ്ങനെയെന്നതും അന്വേഷിക്കേണ്ടതുണ്ട്.
കണ്ണന്‍ദേവന്‍ ഹില്‍സിലെ പ്ലാന്റേഷന്‍ ഉദ്യോഗസ്ഥര്‍ കാട്ടാനയെ പിന്തുടര്‍ന്ന് ജെസിബി കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവം മറക്കാറായിട്ടില്ല. അതുപോലെ തന്നെ റിസര്‍വ് വനമേഖലയില്‍ കയറി കാട്ടാനയെ വെടിവച്ചു കൊന്ന സംഭവവും. രണ്ടിലും കര്‍ശനമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ട്. കൃഷിയിടങ്ങളിലേയ്ക്ക് വന്യമൃഗങ്ങളുടെ ആക്രമണം ഒഴിവാക്കാന്‍ വനംവകുപ്പ് പല മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. കൃഷിയിടങ്ങള്‍ക്ക് സമീപമുള്ള മരങ്ങളില്‍ ഏറുമാടം കെട്ടി അവിടെ തമ്പടിച്ച കൃഷിക്കാര്‍ പാട്ടയും മറ്റും ഉപയോഗിച്ച് ശബ്ദമുണ്ടാക്കി മൃഗങ്ങളെ കാട്ടിലേയ്ക്ക് പറഞ്ഞുവിടും. പക്ഷേ, കൃഷിയിടത്തിന് ചുറ്റും വൈദ്യുതിവേലി കെട്ടുന്നത് സുപ്രിംകോടതി നിയമത്തിന് എതിരാണ്.
ഇന്നലെ ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ കാട്ടാന വൈദ്യുതി ആഘാതമേറ്റാണ് കൊല്ലപ്പെട്ടത്. പതിനൊന്ന് വയസുള്ള പിടിയാന എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ബന്ധുവിന്റെ എസ്റ്റേറ്റ് കവാടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തിനിടെ മൂന്നാര്‍ വനമേഖലയില്‍ ചരിഞ്ഞ മൂന്നാമത്തെ ആനയാണിത്. എസ്റ്റേറ്റില്‍ സോളാര്‍ ഇലക്ട്രിക് സുരക്ഷാവേലികള്‍ സ്ഥാപിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നിയമവിരുദ്ധമായി വൈദ്യുതിവേലി കെട്ടിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് – കോഴിക്കോട് ദേശീയപാത മുറിച്ചുകടന്ന് മുണ്ടൂരിലെത്തിയ ആനക്കൂട്ടം പരിഭ്രമിച്ച് തെക്കും വടക്കും ഓടുന്നതിന് നാം സാക്ഷികളായി. ഒരു കൊമ്പനും പിടിയാനയും കുട്ടിയാനയും ചേര്‍ന്ന കുടുംബം എന്തുകൊണ്ട് കാടിറങ്ങി എന്നത് അന്വേഷിക്കേണ്ടതുണ്ട്. മുണ്ടൂരില്‍ നിന്നും പാലക്കാട് കൊളപ്പുള്ളി സംസ്ഥാനപാത മുറിച്ചുകടന്ന് മാങ്കുറിശിയിലെത്തി ഭാരതപ്പുഴ മുറിച്ച് കടന്ന് മടപുള്ളിത്തറയിലെത്തിയ ആനയെ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും മറ്റും ഓടിക്കാന്‍ ശ്രമിച്ചു. വനംവകുപ്പും പൊലീസും ആനകളെ കാട്ടിലേയ്ക്ക് തിരികെ പറഞ്ഞുവിടാന്‍ ശ്രമിക്കുംതോറും പരിഭ്രാന്തരായ ആനക്കൂട്ടം ജനവാസമേഖലയില്‍ തന്നെ തങ്ങിനില്‍ക്കുന്ന കാഴ്ച വിഷമിപ്പിക്കുന്നതായിരുന്നു. ധോണി വനം ലക്ഷ്യമാക്കി നീങ്ങുന്നതിനിടയില്‍ 30 കിലോമീറ്റര്‍ പിന്നിട്ടതോടെ ആനക്കൂട്ടത്തിന് നേരെ വീണ്ടും നാട്ടുകാര്‍ പടക്കമെറിഞ്ഞതോടെ അവ നാട്ടിലേയ്ക്കുതന്നെ മടങ്ങി. നാലഞ്ചു ദിവസം ഗതികിട്ടാ പ്രേതംകണക്കെ കാട്ടാനക്കൂട്ടം നെട്ടോട്ടമോടിയത് നിസാരമായി കാണരുത്. പ്രത്യേകിച്ചും ആനത്താരകളെക്കുറിച്ച് നല്ല ബോധ്യമുള്ള മൃഗങ്ങളാണ് ആനകള്‍. കണ്ണുകെട്ടിവിട്ടാല്‍പോലും ആവാസമേഖല അവയ്ക്ക് സുപരിചിതമായിരിക്കും. അങ്ങനെയുള്ള മിണ്ടാപ്രാണികളുടെ ജീവന്‍മരണ ഓട്ടം വനത്തിനുള്ളിലല്ല സംഭവിച്ചത്. വനത്തിന് പുറത്തേയ്ക്ക് അജ്ഞാത കാരണങ്ങള്‍കൊണ്ട് എത്തപ്പെട്ട ആനക്കൂട്ടം നല്‍കുന്ന സൂചനകള്‍ എന്തായിരിക്കും. കൂര്‍മ്മബുദ്ധിയുള്ള ഒരു മൃഗം കൂട്ടംതെറ്റി വന്നതാകുമോ? കൂട്ടത്തില്‍ നിഷ്‌കാസിതരായതാകുമോ? അതോ മറ്റുവല്ല കാരണവും?
കാട്ടാനകള്‍ ചത്തൊടുങ്ങുന്നതും കൊലചെയ്യപ്പെടുന്നതും ഗൗരവമായി കാണുകയും കര്‍ശന നടപടികള്‍ എടുക്കേണ്ടതായും ഉണ്ട്. ആനകളുടെ ആവാസമേഖലകളെപ്പറ്റി സമഗ്ര പഠനം നടത്തേണ്ടതുണ്ട്. വനംവകുപ്പ് ഈ സംഭവങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നുതന്നെ പ്രത്യാശിക്കാം.

Related News