Saturday
22 Sep 2018

വൈകാരിക ബുദ്ധി

By: Web Desk | Tuesday 3 July 2018 10:15 PM IST

ഡോ. ചന്ദന ഡി കറുത്തുള്ളി ആയുര്‍വേദ ഫിസിഷ്യന്‍, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്. ഫോണ്‍ 7907198263

നാം നേരിടുന്ന പല ജീവിതസാഹചര്യങ്ങളിലും നാം വികാരവിക്ഷുബ്ധരായി മറ്റുള്ളവരോട് പെരുമാറാറുണ്ട്. പലരും നമ്മളോടും വികാരവിക്ഷുബ്ധതയോടെ പെരുമാറാറുണ്ട്. അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നോ എങ്ങനെ വൈകാരികപക്വതയോടെ പെരുമാറണമെന്നോ മറ്റുള്ളവരെയും സ്വയമേതന്നെയും വേദനിപ്പിക്കാതെ എങ്ങനെ വികാരങ്ങളെ നിയന്ത്രിക്കണമെന്നും ആശയവിനിമയം ചെയ്യണമെന്നോ ഒന്നും നമ്മെ ആരും പഠിപ്പിക്കുന്നില്ല. വൈകാരികപക്വത ജീവിതവിജയത്തിന് വളരെയധികം ആവശ്യമാണെന്ന് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടും കേരളത്തിലെ ജനങ്ങള്‍ ഇന്നും ജീവിതവിജയത്തിന് അടിസ്ഥാനമായി കരുതുന്നത് പണവും സ്റ്റാറ്റസും മാത്രമാണ്. കുടുംബബന്ധങ്ങളിലെയും സാമൂഹികബന്ധങ്ങളിലെയും അസംതൃപ്തിയും ഓരോ വ്യക്തിയും നേരിടുന്ന മാനസിക സംഘര്‍ഷവും നമ്മുടെ ജീവിതഗുണനിലവാരത്തെ ബാധിക്കുമെന്നതിനാല്‍ നാം സ്വയമേയും നമ്മുടെ കുഞ്ഞുങ്ങളേയും വൈകാരികപക്വതയെ കുറിച്ചും അതെങ്ങനെ ജീവിതത്തില്‍ പകര്‍ത്താമെന്നതിനെ കുറിച്ചും ബോധവല്‍ക്കരിക്കേണ്ടതാണ്.
നമ്മുടെ സ്വന്തം വികാരങ്ങളെ കുറിച്ചും മറ്റുള്ളവരുടെ വികാരങ്ങളെ കുറിച്ചും തിരിച്ചറിയാനും അതിനനുസരിച്ച് നമ്മുടെ ചിന്തകളെ നിയന്ത്രിക്കാനും പെരുമാറ്റത്തില്‍ ഭേദഗതികള്‍ വരുത്താനും നമ്മെ സഹായിക്കുന്ന ബുദ്ധിശക്തിയാണ് വൈകാരികബുദ്ധി അഥവാ വൈകാരികപക്വത. 1995 ല്‍ ഡാനിയല്‍ ഗോള്‍മാന്‍ എഴുതിയ ‘ഇമോഷണല്‍ ഇന്റലിജന്‍സ്’ എന്ന പുസത്കത്തിലാണ് ആദ്യമായി ഈ വിഷയത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. മാനസികാരോഗ്യത്തിനും ബന്ധങ്ങളിലുള്ള ഇഴയടുപ്പത്തിനും വൈകാരികപക്വത വളരെയധികം ആവശ്യമാണ്. ജന്മനാ ലഭിക്കേണ്ട ഒരു ബുദ്ധി എന്നതിനപ്പുറം ചെറുപ്പംമുതല്‍ക്കേ വളര്‍ത്തിക്കൊണ്ടുവരേണ്ട ഒരു കഴിവാണ് വൈകാരികപക്വത. 1983ല്‍ ഹോവാര്‍ഡ് ഗാര്‍ഡനര്‍ വിശദമാക്കിയ പലതരം ബുദ്ധിശക്തികള്‍പ്പെട്ട ഇന്റര്‍പേഴ്‌സണല്‍, ഇന്‍ട്രാ പേഴ്‌സണല്‍ ബുദ്ധിശക്തികളുമായി വൈകാരിക പക്വതയ്ക്ക് വളരെയധികം ബന്ധമുണ്ട്. മറ്റുള്ളവരുടെ വികാരങ്ങളും ചിന്തകളും മനസും മനസിലാക്കി അതിനനുസരിച്ച് പെരുമാറാന്‍ നമ്മെ സഹായിക്കുന്നതാണ് ഇന്റര്‍പേഴ്‌സണല്‍ ബുദ്ധിശക്തി. എന്നാല്‍ നമ്മുടെ സ്വന്തം ചിന്തകളെയും വികാരങ്ങളെയും മനസിനെയും അബോധമനസിനെയും മനസിലാക്കാനുള്ള കഴിവാണ് ഇന്‍ട്രാപേഴ്‌സണല്‍ ബുദ്ധിശക്തിയുടെ അടിസ്ഥാനം.

എന്തിന് നാം നമ്മുടെ വികാരങ്ങളെ മനസിലാക്കണം എന്ന ചോദ്യം നാമേവരുടെയും മനസിലുയര്‍ന്നേക്കാം. സാമൂഹിക വിഷയങ്ങളില്‍ മാത്രം തല്‍പരരായിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിനാല്‍ തന്നെ വ്യക്തിഗത വിഷയങ്ങളില്‍ നമുക്കത്ര താല്‍പര്യം തോന്നാനിടയില്ല. ഉദാഹരണത്തിന്, ഒരു തോല്‍വിയെയോ ഒഴിവാക്കലിനെയോ എങ്ങനെ നേരിടാമെന്ന് നാം നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ടോ? നാം സ്വയം അത് അറിയാന്‍ ശ്രമിക്കുന്നുണ്ടോ? ജീവിതത്തിലെ നിരാശകളില്‍, ഒറ്റപ്പെടലുകളില്‍, വേദനകളില്‍ എങ്ങനെ സ്വയം സമാധാനിപ്പിക്കണെന്നോ, പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുവരണമെന്നോ നമുക്കറിയില്ല. ശറീരം വേദനിച്ചാല്‍ ഡോക്ടറെ കാണാനോടുന്ന നാം മനസിന്റെ വേദന ഒളിപ്പിച്ചുവയ്ക്കുന്നു. വികാരങ്ങളെ ഉള്ളില്‍ അടിച്ചമര്‍ത്തണമെന്നും അത്ര സഹിക്കാന്‍ വയ്യാത്ത സാഹചര്യങ്ങളില്‍ ദേഷ്യപ്പെട്ടും കലിതുള്ളിയും കലഹങ്ങളും കലാപങ്ങളും വാക്‌പോരും അക്രമാസക്തതയും കാണിച്ചും അവയെ പുറത്തുവിടണമെന്നുമാണ് നമ്മുടെ സമൂഹം പഠിപ്പിക്കുന്നത്. ഉദാഹരണത്തിന്, നമ്മുടെ സീരിയലുകളും സിനിമകളും നിരന്തരമായി നമ്മെ പഠിപ്പിക്കുന്നത് അതാണ്. കണ്ണീരില്‍ കുതിര്‍ന്ന ജീവിതവുമായി മറ്റുള്ളവരുടെ കുത്തുവാക്കുകേട്ട് നിരാലംബയായി ജീവിക്കുന്ന നായിക ഒരിക്കലും അത്തരമൊരു സാഹചര്യത്തെ എങ്ങനെ വൈകാരിക പക്വതയോടെ നേരിടണമെന്ന് പഠിപ്പിക്കുന്നില്ല. ദേഷ്യം വന്നപ്പോള്‍ വരുംവരായ്മകള്‍ ചിന്തിക്കാതെ വില്ലന്റെ വീട്ടില്‍ പോയി അസഭ്യം പറയുകയും വില്ലനെ ഇടിച്ചു പഞ്ചറാക്കുകയും ചെയ്യുന്ന നടന്‍ ഹീറോയിസമല്ല കാണിക്കുന്നത്, വൈകാരിക പക്വതയുടെ അപര്യാപ്തതയാണ്. തന്റെ ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ അബലയായ മകളുടെയോ അമ്മയുടെയോ മേലോ ഭര്‍ത്താവിന്റെ മോലോ പ്രസംഗിച്ചുതീര്‍ക്കുന്നതും ജീവിതം മുഴുവനും പരാതിപറഞ്ഞും കണ്ണീരൊഴുക്കിയും മറ്റുള്ളവരോട് കലഹിച്ചും ജീവിക്കുന്നതും ഒന്നും വൈകാരിക പക്വതയുടെ ലക്ഷണങ്ങളല്ല. സ്വന്തം ദുഃഖം ഉള്ളില്‍ കടിച്ചമര്‍ത്തി മറ്റുള്ളവരുടെ ഇംഗിതത്തിന് വഴങ്ങി ജീവിക്കുന്നതും ഉള്ളിലെ ദേഷ്യം പാവം കുട്ടികളുടെമേല്‍ അടിച്ചും കാരണമില്ലാതെ വഴക്കുപറഞ്ഞും തീര്‍ക്കുന്നതും തീര്‍ച്ചയായും വൈകാരികപക്വതയല്ല. എത്രമാത്രം സന്തോഷത്തോടെ ജീവിതത്തെ നാം നേരിടുന്നു എന്നും എത്രമാത്രം ബഹുമാനവും കരുതലും നമ്മുടെ സഹജീവികളോട് പ്രകടിപ്പിക്കുന്നുവെന്നും നാം എത്രമാത്രം വൈകാരികമായി ആരോഗ്യവാന്മാരാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍തന്നെ

വൈകാരികപക്വതയുള്ള ഒരു വ്യക്തി-
1. തന്റെ കുറവുകളെന്തെന്ന് അംഗീകരിക്കുന്നു
2. തന്റെ കുറവുകള്‍ തുറന്നുപറയാന്‍ മടികാണിക്കുന്നില്ല
3. എത്ര വലിയ ദുരന്തത്തിന്റെ മുന്നിലും സഹജീവികള്‍ക്കും കുടുംബത്തിനും അത്താണിയായി നിലകൊള്ളുന്നു.
4. വേണ്ട സാഹചര്യങ്ങളില്‍ സങ്കടം പുറത്തുകാണിക്കാനും തന്റെ ദുഃഖം പങ്കുവയ്ക്കാനും മടികാണിക്കുന്നില്ല.
5. മറ്റുള്ളവരുടെ വികാരങ്ങള്‍ തിരിച്ചറിയുന്നു. അവരുടെ ഭാഗം ക്ഷമയോടെ കേള്‍ക്കാനുള്ള മനസ് കാണിക്കുന്നു.
6. മറ്റൊരാള്‍ എന്തുകൊണ്ടായിരിക്കും അങ്ങനെ പെരുമാറിയത് എന്ന് ചിന്തിക്കുന്നു.
7. അതിനാല്‍തന്നെ ആ വ്യക്തിയുടെ കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നില്ല.
8. തനിക്കും മറ്റുള്ളവര്‍ക്കും വേദനയുണ്ടാക്കുന്നരീതിയില്‍ പെരുമാറുന്നില്ല. സാഹചര്യത്തിന് അനുസൃതമായി ഏവര്‍ക്കും ഗുണകരമാകുന്നരീതിയില്‍ പെരുമാറുന്നു.
9. സ്വന്തം ജീവിതത്തിന്റെയും വിജയത്തിന്റെയും തോല്‍വിയുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. മറ്റുള്ളവരെ പഴിചാരാതെ ‘ഇനി എനിക്ക് എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം’ എന്ന് ചിന്തിച്ച്, അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു.
10. സ്വയം കുറ്റപ്പെടുത്തുന്നില്ല, സ്വയം ന്യായീകരിക്കുന്നുമില്ല. സ്വന്തം വികാരങ്ങള്‍ മനസ് തുറന്ന് നേരിടുകയും അനുഭവിക്കുകയും തരണം ചെയ്യുകയും ചെയ്യുന്നു
11. മറ്റുള്ളവരോട് കരുണാപൂര്‍വവും ബഹുമാനപൂര്‍വവും മാത്രം പെരുമാറുന്നു.
12. ജീവിതത്തില്‍ നേരിട്ടേക്കാവുന്ന മോശം അനുഭവങ്ങളെ ഭയക്കുന്നില്ല, അവയെ നേരിടാന്‍ സഹായിക്കുന്ന സ്വന്തം മനോധൈര്യത്തില്‍ വിശ്വസിക്കുന്നു.
പ്രസക്തമായ മറ്റൊരു ചോദ്യം എങ്ങനെ വൈകാരികബുദ്ധി വളര്‍ത്തിയെടുക്കാം എന്നതാണ്. തീര്‍ച്ചയായും ചില വ്യക്തിത്വഘടകങ്ങള്‍ വൈകാരികബുദ്ധിക്ക് ആശ്യമാണെങ്കിലും ശ്രമിച്ചാല്‍ നമുക്കെല്ലാം വൈകാരികമായുള്ള പക്വത നേടാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. അതിനായുള്ള ചില നിര്‍ദേശങ്ങളിതാ.

1. സ്വന്തം വികാരങ്ങള്‍ ശ്രദ്ധിക്കുക

നിത്യജീവിതത്തില്‍ നാം പല വികാരങ്ങളും അനുഭവിക്കുന്നു. മൂകമായി അവ നിരീക്ഷിക്കുന്നത് എന്താണ് അവയെ ട്രിഗര്‍ ചെയ്യുന്നത് എന്ന് കണ്ടെത്താന്‍ നമ്മെ സഹായിക്കും. ഉദാഹരണത്തിന്, ഭര്‍ത്താവ് വാഗ്ദാനം ചെയ്ത സമ്മാനം നല്‍കാന്‍ മറന്നു എന്നിരിക്കട്ടെ, നിങ്ങള്‍ക്ക് ദേഷ്യം തോന്നുക സ്വാഭാവികം. ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് നിങ്ങള്‍ക്ക് എന്തുകൊണ്ട് ദേഷ്യം വന്നു എന്ന് ചിന്തിക്കാം. ‘എന്നെ ആരും ശ്രദ്ധിക്കുന്നില്ല, എന്നെ ആരും പരിഗണിക്കുന്നില്ല’ എന്ന തോന്നലില്‍ നിന്നാണ് ദേഷ്യം വന്നതെങ്കില്‍ മിക്കവാറും അത് സങ്കടം കൊണ്ടായിരിക്കും. പൊതുവേ ഭര്‍ത്താവിനോടുള്ള ദേഷ്യമാണ് ഈ സന്ദര്‍ഭത്തില്‍ പുറത്തുവന്നത് എന്നിരിക്കട്ടെ, അപ്പോഴും അതിന് പിന്നില്‍ ചില സങ്കടങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടാകും. നിങ്ങളുടെ വൈവാഹികബന്ധത്തിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ സമയമായി എന്ന് തോന്നിയാല്‍ വൈകരുത്, ഒരു പുതിയ തുടക്കം എപ്പോഴും നല്ലതാണ്.

2. ചിന്തിക്കാം, പ്രതികരിക്കുന്നതിന് മുമ്പ്

വികാരങ്ങളുടെ പുറത്ത് പ്രതികരിക്കുന്നതിന് മുമ്പ് ഒരു നിമിഷം കണ്ണടച്ച് സ്വന്തം ഉള്ളിലേക്ക് നോക്കാം. ഇപ്പോള്‍ ഈ നിമിഷം എന്റെ മനസില്‍ എന്തെല്ലാം ചിന്തകളാണ് ഉദിക്കുന്നത് എന്ന് ശ്രദ്ധിക്കാം.

3. ശ്വാസം ശ്രദ്ധിക്കാം

പലപ്പോഴും വികാരവിക്ഷോഭത്തോടെ പെരുമാറുമ്പോള്‍ നമ്മുടെ ശ്വാസഗതി വേഗത്തിലായിരിക്കും. അതിനാല്‍ തന്നെ കണ്ണടച്ച് കുറച്ചുപ്രാവശ്യം ദീര്‍ഘമായി ശ്വസിക്കുന്നത് മനസിനെ ശാന്തമാക്കാന്‍ സഹായിക്കും. നിത്യേന ഇത് പരിശീലിക്കുന്നത് സ്വയം നിയന്ത്രിക്കാനും ശാന്തതയോടെ പ്രശ്‌നങ്ങളെ നേരിടാനും നമ്മെ സഹായിക്കുന്നു.

4. മറ്റുള്ളവരുടെ വികാരങ്ങള്‍ തിരിച്ചറിയാം

നമ്മോട് ഇഷ്ടമില്ലാത്ത രീതിയില്‍ ഒരാള്‍ പെരുമറിയാലും ‘അയാള്‍ എന്തുകൊണ്ടായിരിക്കും അങ്ങനെ പെരുമാറിയത്’ എന്ന് ചിന്തിക്കാം. എല്ലാവര്‍ക്കും അവരവരുടേതായ ന്യായവാദങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ അയാളുടെ ഭാഗത്തുനിന്നും ചിന്തിക്കുന്നത് ആ വ്യക്തിയെ മനസിലാക്കാന്‍ നമ്മെ സഹായിച്ചേക്കാം.

5. പോസിറ്റീവായി ചിന്തിക്കാം

ഏതു സാഹചര്യത്തേയും പോസിറ്റീവായി നോക്കിക്കാണുക എന്നത് നാം ഒരു ശീലമാക്കി മാറ്റേണ്ടതുതന്നെയാണ്. ജീവിതത്തില്‍ അശുഭകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ എന്റെ ജീവിതത്തില്‍ അങ്ങനെ മാത്രമേ സംഭവിക്കൂ എന്ന അശുഭചിന്ത മനസില്‍ നിരാശയുടെ വിത്തുപാകും. പ്രശ്‌നങ്ങളുണ്ടാവാതിരിക്കലല്ല ജീവിതവിജയം, പ്രശ്‌നങ്ങളില്‍ ഉയര്‍ന്നുപറക്കുകയും പ്രശ്‌നപരിഹാരം കണ്ടെത്തി കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ജീവിതവിജയം കണ്ടെത്തലാണ് വേണ്ടത്.

വികാരങ്ങളെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്, അവയെ ഫലപ്രദമായി ആശയവിനിമയം ചെയ്യുകയാണ് വേണ്ടത്.

Related News