Tuesday
24 Oct 2017

കൂട്ട പിരിച്ചുവിടല്‍ ഭീഷണി: എംപ്ലോയീസ് ഫോറം രൂപീകരിക്കാന്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍

By: Web Desk | Sunday 8 October 2017 1:29 AM IST

ശ്യാമ രാജീവ്
തിരുവനന്തപുരം: ഐടി രംഗത്ത് കൂട്ട പിരിച്ചുവിടല്‍ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എംപ്ലോയീസ് ഫോറം എന്ന ആശയവുമായി ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍.
പിരിച്ചുവിടല്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ രൂപീകരണം ജീവനക്കാര്‍ ഉന്നയിച്ചിരുന്നു. ഇടതു യൂണിയന്‍ പ്രതിനിധികളെ ജീവനക്കാര്‍ വ്യക്തിപരമായി അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു സമീപിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ പേര്‍ യൂണിയനെ സമീപിച്ചാല്‍ പിന്തുണക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.
ജര്‍മ്മനി ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളിലുമുള്ള എംപ്ലോയീസ് ഫോറം കേരളത്തിലും രൂപപ്പെട്ടുവരണമെന്നാണ് ടെക്കികളുടെ അഭിപ്രായം. ഐടി കമ്പനികളില്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടു സംഘടനാ സ്വഭാവത്തോടെ രൂപീകരിക്കുന്നവയാണ് എംപ്ലോയീസ് ഫോറം. തൊഴിലാളികളുടെ എണ്ണത്തിനു ആനുപാതികമായാണ് ഫോറം രൂപീകരിക്കുന്നത്. രാഷ്ട്രീയം, മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് തുടങ്ങി ചില ട്രേഡ് യൂണിയന്‍ സ്വഭാവങ്ങളും ഫോറത്തിനുണ്ട്.
ഐടി കമ്പനികള്‍ മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ എംപ്ലോയീസ് ഫോറത്തിനെ അറിയിച്ചിരിക്കണം എന്നതാണ് പ്രധാനം. തൊഴിലാളികളെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ ഫോറത്തിനെ അറിയിച്ചിരിക്കുകയും വേണം. മാനേജ്‌മെന്റിന് ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി ഒരു തീരുമാനവും കൈക്കൊള്ളാനാവില്ല എന്നതാണ് ഫോറത്തിന്റെ നല്ല വശം. തൊഴില്‍പ്രശ്‌നം രൂക്ഷമാകുന്ന വേളയില്‍ ഇത്തരം ഫോറം രൂപീകരിക്കേണ്ടതിന്റെ ആവശ്യം വലുതാണെന്ന് ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധി രാജീവ് പറഞ്ഞു.
കേരളത്തില്‍ എംപ്ലോയീസ് ഫോറം രൂപീകരിക്കണമെങ്കില്‍ മാനേജ്‌മെന്റുകളുടെ മാത്രം അനുമതി പോര. സര്‍ക്കാരിന്റെ ഇടപെടലാണ് പ്രധാനം. ഐടി തൊഴില്‍ നയത്തില്‍ എംപ്ലോയീസ് ഫോറം എന്നത് നിഷ്‌ക്കര്‍ഷിച്ചുകൊണ്ട് സര്‍ക്കാര്‍ അംഗീകാരം നല്‍കണം.
നേരത്തെ മുഖ്യമന്ത്രിയ്ക്കു നല്‍കിയ നിവേദനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു സമിതി വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
ക്ഷേമനിധി ബോര്‍ഡിന്റെ രൂപീകരണം സംബന്ധിച്ച് അനുകൂല നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും ഫോറത്തിന്റെ സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും രാജീവ് പറഞ്ഞു.