Tuesday
21 Nov 2017

തൊഴിലുറപ്പും വേതനവും

By: Web Desk | Saturday 26 August 2017 10:33 PM IST

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള വേതനകുടിശിക ഈ ഓണക്കാലത്തെങ്കിലും നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കണം. പതിനഞ്ചു ദിവസത്തിനകം നല്‍കിയിരിക്കണമെന്ന നിര്‍ദേശം കാറ്റില്‍പറത്തി എന്ന് മാത്രമല്ല മാസങ്ങള്‍ കുടിശിക വരുത്തുക കൂടിയാണിന്ന്. കേന്ദ്രവിഹിതം കുറഞ്ഞതിലുള്ള പ്രശ്‌നങ്ങളൊക്കെ നിലനില്‍ക്കുമ്പോഴും അനുവദിക്കപ്പെട്ട തുകകള്‍ പോലും യഥാസമയം വിതരണം ചെയ്യപ്പെടുന്നില്ല. ഇതിനിടയില്‍ പ്രധാനമന്ത്രിയുടെ ചില കേന്ദ്രപദ്ധതികളുമായി ബന്ധപ്പെടുത്തി വേതനവിതരണത്തില്‍ തടസങ്ങള്‍ നേരിടുന്നതായി തൊഴിലുറപ്പ് തൊഴിലാളികള്‍ പരാതിപ്പെട്ടതായി കണ്ടു. ഏര്‍ടെല്‍ കമ്പനിക്കാര്‍ വേതനം ചിലയിടങ്ങളില്‍ തടഞ്ഞുവച്ചു എന്നും ആരോപണങ്ങള്‍ ഉണ്ടായി. ഇതേക്കുറിച്ച് വിശദമായ അനേ്വഷണം നടക്കുന്നുണ്ട്. തൃതല പഞ്ചായത്ത് സംവിധാനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി നിയമം അനുശാസിക്കുന്ന വകുപ്പുകളും നിര്‍ദേശങ്ങളും ശുഷ്‌കാന്തിയോടെ പാലിക്കേണ്ടതുണ്ട്. സുതാര്യവും ഉത്തരവാദിത്തം ഉറപ്പിക്കുന്നതുമായ നടപടികള്‍ നടപ്പിലാക്കുക തന്നെ വേണം. പബ്ലിക് ഹിയറിങ്ങിനുള്ള അവസരം പലപ്പോഴും ബന്ധപ്പെട്ടവര്‍ ഒരുക്കുന്നില്ല. ഇത് ഈ നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ്. രാജ്യത്തെ അവശ്യാധിഷ്ഠിതമായ ഏക നിയമമെന്നതുകൊണ്ടു കൂടി ഇക്കാര്യത്തില്‍ അതീവശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്.

ഗോവിന്ദന്‍കുട്ടി
തൃപ്രയാര്‍