Monday
17 Dec 2018

തുല്യ ജോലി തുല്യ ശമ്പളം വ്യവസ്ഥ അട്ടിമറിക്കപ്പെട്ടേയ്ക്കും

By: Web Desk | Saturday 6 January 2018 10:28 PM IST

ജയശ്ചന്ദ്രന്‍ കല്ലിംഗല്‍

പൊതുപരീക്ഷയിലൂടെയാണ് മൂന്നു സ്ട്രീമിലും നിയമനം നടക്കുന്നതെങ്കിലും ഒന്നാം സ്ട്രീമില്‍ മാത്രമേ സംവരണതത്വം പാലിക്കപ്പെടുകയുള്ളു. ബാക്കി രണ്ടു സ്ട്രീമും ബൈട്രാന്‍സ്ഫര്‍ നിയമനമാകയാല്‍ സുപ്രിം കോടതി വിധിപ്രകാരം സംവരണതത്വം പാലിക്കാന്‍ കഴിയില്ല. ഇത് കെഎഎസില്‍ ആകെ ഉള്‍പ്പെടുന്നവരില്‍ സംവരണം പാലിക്കപ്പെടാതെവരികയും വലിയ സാമൂഹിക വിഷയമായി മാറുകയും ചെയ്യും.
നാലു ശ്രേണികളിലായാണ് കെഎഎസ് വിഭാവനം ചെയ്തിരിക്കുന്നത്. നാലു ശ്രേണികളിലും 6: 5: 4: 3 എന്ന അനുപാതത്തിലാണ് തസ്തികകള്‍ വരുന്നത്. ജൂനിയര്‍ ടൈം സ്‌കെയിലില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ 8-ാം വര്‍ഷം സീനിയര്‍ ടൈം സ്‌കെയിലിലും 14-ാം വര്‍ഷം സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലും 22-ാം വര്‍ഷം സൂപ്പര്‍ ടൈം സ്‌കെയിലിലും എത്തപ്പെടും. ഉദാഹരണത്തിന് 2017 ല്‍ ജൂനിയര്‍ ടൈം സ്‌കെയിലില്‍ കെഎഎസില്‍ പ്രവേശിക്കുന്ന 120 പേരില്‍ 100 പേര്‍ 2025 ല്‍ സീനിയര്‍ ടൈം സ്‌കെയിലിലും 2031 ല്‍ 80 പേര്‍ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലും 2039 ല്‍ 60 പേര്‍ സൂപ്പര്‍ ടൈം സ്‌കെയിലിലും എത്തും. ഇതില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ നാമമാത്രമായ എണ്ണം ആദ്യ ഘട്ടത്തില്‍ കുറയുമെങ്കിലും കാലാന്തരത്തില്‍ ഇത്രയും തസ്തികകള്‍ ഈ നാലു ശ്രേണികളിലും ഉണ്ടായാലേ മതിയാകു. ഇതില്‍ ഉള്‍പ്പെട്ടുവരുന്ന തസ്തികകളുടെ 10 ശതമാനത്തില്‍ അധികരിച്ചാല്‍ അധിക തസ്തിക സൃഷ്ടിക്കുവാന്‍ സര്‍ക്കാരിന് പ്രത്യേക അധികാരം ചട്ടത്തില്‍ പറഞ്ഞിട്ടുണ്ട്. നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്ക് പ്രകാരം 10 ശതമാനം അനുസരിച്ച് 126 തസ്തികകളും ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേരിട്ടു നിയമനം നടന്നു കൊണ്ടിരുന്ന 17 തസ്തികകളും ചേര്‍ത്ത് 143 തസ്തികകള്‍ ജൂനിയര്‍ ടൈം സ്‌കെയിലില്‍ ഉള്‍പ്പെട്ടു വരുന്നു. സീനിയര്‍ ടൈം സ്‌കെയിലില്‍ 19 തസ്തികകളും സെലക്ഷന്‍ ഗ്രേഡ് തസ്തികയില്‍ 26 തസ്തികകളും സൂപ്പര്‍ ടൈം സ്‌കെയിലില്‍ എട്ട് തസ്തികകളും ഉള്‍പ്പെട്ടുവരുമെന്നാണ് നിലവില്‍ ചട്ടത്തില്‍ ചേര്‍ത്തിരിയ്ക്കുന്ന ഡാറ്റകള്‍ പ്രകാരം മനസിലാകുന്നത്.
10 ന് താഴെയുള്ള അംശം ജനറല്‍ റിസര്‍വ് എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വരുമ്പോള്‍ മേല്‍പ്പറഞ്ഞ എണ്ണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരാം. നിലവിലെ ഈ കണക്കു പ്രകാരമുള്ള ഏകദേശം എണ്ണം തസ്തികകളായിരിക്കുമല്ലോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും സര്‍വീസില്‍ ഉണ്ടാകുക. സിവില്‍ സര്‍വീസ് ഇന്നത്തേക്കാളും കൂടുതല്‍ ഒരിക്കലും വളരില്ല എന്നും നമുക്കറിയാം. അതായത് 2025 ല്‍ സീനിയര്‍ ടൈം സ്‌കെയിലില്‍ 100 തസ്തികകള്‍ വേണമെന്നിരിക്കെ നിലവിലുള്ളത് വെറും 19 തസ്തികകളും 2031 ല്‍ സെലക്ഷന്‍ ഗ്രേഡ് തസ്തികയില്‍ 80 തസ്തികകള്‍ വേണമെന്നിരിക്കെ നിലവിലുള്ളത് 26 തസ്തികകളും 2039 ല്‍ സൂപ്പര്‍ ടൈം സ്‌കെയിലില്‍ 60 തസ്തികകള്‍ വേണമെന്നിരിക്കെ നിലവിലുളളത് എട്ട് തസ്തികകളുമാണ്. ഈ കണക്കിലെ അന്തരം എത്ര വലുതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. കെഎഎസിന്റെ വിവിധ ശ്രേണികള്‍ക്ക് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ഇതിന് പ്രതിവിധിയായി ചട്ടത്തല്‍ ചേര്‍ത്തിരിയ്ക്കുന്നു. അതായത് 2025 മുതല്‍ കെഎഎസിന് വേണ്ടി അധിക തസ്തികകള്‍ സൃഷ്ടിക്കപ്പെടേണ്ടിവരുമെന്ന് ചുരുക്കം. ലക്ഷക്കണക്കിന് ശമ്പളവും മറ്റാനുകൂല്യങ്ങളും വാങ്ങുന്ന കെഎഎസിന്റെ ഉന്നത തസ്തികകള്‍ വര്‍ഷാവര്‍ഷം സൃഷ്ടിക്കപ്പെട്ടാല്‍ നമ്മുടെ സര്‍വീസ് എങ്ങോട്ട് പോകുമെന്ന് ഊഹിക്കാവുന്നതെയുള്ളു. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിയ്ക്കുന്നതിനാണ് മൂന്ന് ശ്രേണികള്‍ മതിയെന്നും അതിന്റെ അനുപാതം 6:2:1 എന്നാകണം എന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതൊന്നും അംഗീകരിക്കുവാന്‍ കെ.എ.എസ് രൂപീകരണ കമ്മിറ്റി തയ്യാറായില്ല. ഇത്തരത്തിലാണ് ഘടനയെങ്കില്‍ കെഎഎസ് നമ്മുടെ ഖജനാവിന് വലിയ ബാധ്യതയായ വെള്ളാനയായി മാറും എന്നകാര്യത്തില്‍ സംശയമേയില്ല.
ആകര്‍ഷകമായ ശമ്പളമാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ. ജൂനിയര്‍ ടൈം സ്‌കെയില്‍ 40,500-85,000 മുതല്‍ 68,700-1,10,400 വരെയുള്ള നാല് സ്‌കെയിലുകളില്‍ ഉള്‍പ്പെട്ടവരെ ചേര്‍ത്തിരിക്കുന്നു. നിര്‍ദ്ദിഷ്ട ചട്ടപ്രകാരം ഇതിലെ ഏറ്റവും കൂടിയ 68,700-1,10,400 എന്ന സ്‌കെയിലിലായിരിക്കും കെഎഎസിന്റെ ശമ്പളം. ഇതിന്റെ കൂടെ 10 ശതമാനം ഗ്രേഡ് പേയും കൂട്ടി ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന ശമ്പളം എത്രമാത്രമായിരിക്കും. താഴെ തട്ടിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് മിനിമം 300 രൂപയെങ്കിലും ദിനംപ്രതി നല്‍കുവാന്‍ കഴിയാത്ത സംവിധാനമാണ് ഇത്രയധികം ശമ്പളം നല്‍കുവാന്‍ തയാറാകുന്നതെന്ന വൈരുദ്ധ്യവും നാം കാണണം.
സമാനസ്വഭാവമുള്ള ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കെഎഎസും നോണ്‍ കെഎഎസും ആകുന്ന സ്ഥിതിയെ കൂടാതെ തുല്യ ജോലിക്ക് തുല്യ ശമ്പളം എന്ന വ്യവസ്ഥയാണിവിടെ അട്ടിമറിക്കപ്പെടുന്നത്. ഉദാഹരണത്തിന് നോണ്‍ കെഎഎസില്‍ ഉള്‍പ്പെട്ട ഒരു ഡെപ്യൂട്ടി കളക്ടര്‍ക്ക് ആരംഭത്തില്‍ 40,500 അടിസ്ഥാന ശമ്പളം ലഭിക്കുമ്പോള്‍ അതേ ജോലി ചെയ്യുന്ന കെഎഎസില്‍പ്പെട്ട ഡെപ്യൂട്ടി കളക്ടര്‍ക്ക് ഏകദേശം 72,750 അടിസ്ഥാന ശമ്പളം ലഭിക്കും. ക്ഷാമബത്തയും വീട്ടുവാടകബത്തയും ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും കൂടി ചേരുമ്പോള്‍ എന്തുവലിയ ബാധ്യതയാണ് ഇത് സൃഷ്ടിക്കുക എന്നത് കാണേണ്ടതാണ്.
റവന്യൂ വകുപ്പിനെയാണ് കെഎഎസ് ഏറ്റവുമധികം ബാധിക്കുന്നത്. ഡെപ്യൂട്ടി കളക്ടര്‍മാരുടെ 86 തസ്തികകള്‍ ജൂനിയര്‍ ടൈം സ്‌കെയിലിന്റെ പട്ടികയിലും ഡെപ്യൂട്ടി കളക്ടര്‍ (ഹയര്‍ ഗ്രേഡ്) ലെ 28 തസ്തികകള്‍ സൂപ്പര്‍ ടൈം സ്‌കെയിലിലും ചേര്‍ത്തിരിക്കുന്നു. സംസ്ഥാനത്തെ ആകെ 21 ആര്‍ഡിഒ ഓഫീസുകളില്‍ ഒന്‍പത് സ്ഥലത്ത് കെഎഎസുകാരെ നിയമിക്കുന്നതിനാണ് വ്യവസ്ഥ. എന്നാല്‍ ഈ സബ്കളക്ടര്‍മാരുടെ എണ്ണം കൂടിചേര്‍ത്താണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) 14 നു പകരം 16 എന്ന പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു. സര്‍വീസ് സംഘടനകളുമായി നടന്ന ചര്‍ച്ചയില്‍ ഈ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും പരിഹരിക്കുവാന്‍ തയാറായിട്ടില്ല. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് (എക്‌സിക്യൂട്ടീവ്) പിന്‍വലിക്കുന്നതിനു പകരം ഭേദഗതി ചെയ്യുകയും നേരിട്ട് നിയമനത്തിനായി മാറ്റിവച്ചിരുന്ന അഞ്ചിലൊന്ന് തസ്തികള്‍ കൂടി കെഎഎസില്‍ ലയിപ്പിക്കുകയും ചെയ്തു. അതായത് മറ്റു വകുപ്പുകളിലെ രണ്ടാംനിര ഗസറ്റഡ് തസ്തികയില്‍ നിന്നും പത്ത് ശതമാനം തസ്തികകള്‍ കെ.എ.എസ്സില്‍ ലയിപ്പിക്കുമ്പോള്‍ ഡെപ്യൂട്ടി കളക്ടര്‍മാരുടെ 30 ശതമാനം തസ്തികകള്‍ ജൂനീയര്‍ ടൈം സ്‌കെയിലും ഡെപ്യൂട്ടി കളക്ടര്‍ (ഹയര്‍ഗ്രേഡ്) ന്റെ 10 ശതമാനം തസ്തികകള്‍ സീനിയര്‍ ടൈം സ്‌കെയിലിലും ഉള്‍പ്പെടുകയും ചെയ്തു. ഇതിന്‍ പ്രകാരം ഏകദേശം മുപ്പതില്‍ പരം ഡെപ്യൂട്ടി കളക്ടര്‍മാരുടെ തസ്തികകള്‍ നഷ്ടപ്പെടും. ആകെ 102 ഡെപപ്യൂട്ടി കളക്ടര്‍മാരില്‍ നിന്നാണ് അതിന്റെ മൂന്നിലൊന്നും കെഎഎസിലേയ്ക്ക് പോകുന്നത് ഗുരുതരമായ പ്രശ്‌നമാണ് റവന്യൂ വകുപ്പില്‍ ഉണ്ടാകുവാന്‍ പോകുന്നത്. വകുപ്പിലെ താഴെ തട്ടിലുള്ള എല്ലാ സ്ഥാനക്കയറ്റങ്ങളെയും ഇത് ബാധിക്കും.
കെഎഎസില്‍ ഉള്‍പ്പെട്ടുവരുന്നവര്‍ക്ക് 18 മാസത്തെ പരിശീലനപരിപാടിയാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ഈ തസ്തികകള്‍ എങ്ങനെ കൈകാര്യംചെയ്യുമെന്ന് റൂളില്‍ വ്യവസ്ഥ ചെയ്തതായി കാണുന്നില്ല. ഈ തസ്തികകളില്‍ ജോലി ചെയ്യുവാന്‍ ആളില്ലാത്ത അവസ്ഥ വരും.
രണ്ടാം ഗസറ്റഡ് തസ്തികയുടെ ഒന്നാമത്തെയും നാലാമത്തെയും ഏഴാമത്തെയും തസ്തികകളാണ് കെഎഎസില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. രണ്ടാം ഗസറ്റഡ് തസ്തികയില്‍ ഒന്നോ രണ്ടോ തസ്തികകള്‍ മാത്രമുള്ള ധാരാളം വകുപ്പുകള്‍ ഉണ്ട്. ഈ വകുപ്പുകളില്‍ രണ്ടാംനിര ഗസറ്റഡ് തസ്തികകളിലേക്ക് താഴെയുളള ഒരു ജീവനക്കാരനും സ്ഥാനക്കയറ്റം ലഭിക്കാത്ത അവസ്ഥ ഇത് സംജാതമാക്കുന്നു. ആദ്യം വരുന്ന ഒഴിവിന് പകരം മൂന്നാമത്തെയും തുടര്‍ന്ന് ആറാമത്തെയും ഒന്‍പതാമത്തെയും ഒഴുവുകളാണ് കെഎഎസില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ഇക്കാര്യവും സര്‍വീസ് സംഘടനകള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതാണ് ഇതും അംഗീകരിക്കപ്പെട്ടില്ല.
കാര്യശേഷിയും വൈദഗ്ധ്യവുമുള്ള ഒരു മധ്യതല ഉദ്യോഗസ്ഥശ്രേണിയാണ് കെഎഎസിലൂടെ ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ കാലം കഴിയുന്തോറും കെഎഎസ് സിവില്‍ സര്‍വീസിന് ഒരു ബാധ്യത ആകുന്ന തരത്തിലാണ് നിലവിലെ ഘടന. ലക്ഷക്കണക്കിന് രൂപ ശമ്പളം പറ്റുന്ന ഒരു വിഭാഗം ജീവനക്കാര്‍ സൃഷ്ടിക്കപ്പെടുകയും താഴെതട്ടിലുള്ള എല്ലാ സര്‍വീസ് തലങ്ങളെയും ഇത് ബാധിക്കുകയും ചെയ്യും. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ ഘടനയെയും വെല്ലുവിളിക്കുന്ന തരത്തില്‍ കെഎഎസ് എത്തപ്പെടും. സര്‍ക്കാര്‍ ഖജനാവിന് വന്‍ ബാധ്യത വരുത്തി വയ്ക്കുമെന്ന് മാത്രമല്ല മറ്റ് ജീവനക്കാരുടെ സേവന വേതന ഘടനകള്‍ സാമ്പത്തിക ബാധ്യതയുടെ പേരില്‍ വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്യും. കെഎഎസിന്റെ ഉയര്‍ന്ന തലങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന അധിക തസ്തികകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വ്യക്തവുമല്ല. താഴെതട്ടിലെ സിവില്‍ സര്‍വീസിന്റെ കരാര്‍വല്‍ക്കരണത്തിനും മിഷന്‍ ഭരണവ്യവസ്ഥയ്ക്കും ഉതകുന്നതരത്തില്‍ കെഎഎസ് മാറും.
സര്‍വീസ് സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഒന്നുപോലും പരിഗണിക്കാതെ തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ തലത്തിലാണ് കെഎഎസ് നടപ്പിലാക്കപ്പെട്ടതെന്ന കാര്യത്തില്‍ ഖേദമുണ്ട്. ഭാവിയില്‍ സിവില്‍ സര്‍വീസിന് ഭാരമുണ്ടാകാത്ത തരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവന ചെയ്തതു പോലെ തട്ടുകളുടെ എണ്ണം കുറച്ച് ഡയക്ടറേറ്റുകളും സെക്രട്ടേറിയറ്റും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ ലക്ഷ്യം വെച്ചായിരുന്നു കെഎഎസ് നടപ്പാക്കേണ്ടിയിരുന്നത്. ഭാവി തലമുറയ്ക്ക് ദോഷം വരാതെയും സിവില്‍ സര്‍വീസിന്റെ ശുദ്ധീകരണവും കൂടി ലക്ഷ്യംവച്ച് ഇവിടെ ചൂണ്ടികാട്ടിയ ന്യൂനതകള്‍ പരിഗണിച്ച് കെഎഎസ് നടപ്പിലാക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയാറാകുമെന്ന് കരുതുന്നു. (അവസാനിച്ചു)

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ലേഖകന്‍