Monday
21 Aug 2017

എന്റെ വീട്‌ അന്തസാർന്ന തൊഴിലിടം- ഓരോ തൊഴിൽ ദാതാവിന്റെയും പ്രഖ്യാപനമാകണം

By: Web Desk | Friday 16 June 2017 4:55 AM IST

ഇന്ന്‌ അന്തർദേശീയ ഗാർഹിക തൊഴിലാളി ദിനം

സോണിയ ജോർജ്ജ്‌

ജൂൺ 16 ഗാർഹിക തൊഴിലാളി ദിനമായി ലോകമെമ്പാടുമുള്ള ഗാർഹിക തൊഴിലാളികളും അവരുടെ സംഘടനകളും ആചരിക്കുകയാണ്‌. 2011 ജൂൺ 16 ന്‌ അന്തർദ്ദേശീയ തൊഴിലാളി കോൺഫറൻസിൽ (ഐഎൽസി) ഗാർഹിക തൊഴിലാളികളുടെ അന്തർദേശീയ കൺവൻഷൻ (ഇ189) അംഗീകരിക്കപ്പെട്ട ദിവസമാണ്‌ ഗാർഹിക തൊഴിലാളികൾ തങ്ങളുടെ ദിനമായി പ്രഖ്യാപിച്ചത്‌. മറ്റേതു തൊഴിലും പോലെ ഗാർഹിക തൊഴിൽ അന്തസുള്ള തൊഴിലാണെന്നും മാന്യമായ വേതനം തൊഴിലാളികളുടെ അവകാശമാണെന്നും ഈ കൺവൻഷൻ ഉറപ്പാക്കുന്നു. സംഘടിത തൊഴിലാളി വർഗത്തിന്റെയും സംഘാടനത്തിന്റെയും അവകാശങ്ങളുടെയും ചട്ടക്കൂട്ടിൽ നിന്നുകൊണ്ട്‌ ഗാർഹിക തൊഴിലിനെ മനസിലാക്കുന്നതിന്‌ പ്രയാസമുണ്ട്‌. മറ്റൊരാളുടെ ‘വീടാ’ണ്‌ തൊഴിലിടം എന്നുള്ളതു കൊണ്ടാണ്‌ ഈ സന്ദേഹങ്ങൾ ഉണ്ടാകുന്നത്‌. വീടെന്ന തികച്ചും സ്വകാര്യയിടത്തിൽ തൊഴിലെടുക്കുമ്പോൾ തൊഴിൽ ബന്ധങ്ങൾ പലപ്പോഴും അവ്യക്തമാകുന്നു. തൊഴിലാളിയോടുള്ള സമീപനത്തിലും ഈ അവസ്ഥ തന്നെയാണ്‌ ഉണ്ടാവുക.
ഇന്ന്‌ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള തൊഴിൽ മേഖലയാണ്‌ ഗാർഹിക തൊഴിൽ. പ്രത്യേകിച്ചും അണു കുടുംബങ്ങളിൽ സ്ത്രീകൾക്ക്‌ ജോലിക്ക്‌ പോകണമെങ്കിലും കുട്ടികളുടെ കാര്യം നോക്കണമെങ്കിലും പ്രായമായവരുടെ പരിചരണത്തിനും എല്ലാം ഇവരുടെ സഹായം ആവശ്യമാണ്‌. ഇവർ ഉള്ളതുകൊണ്ടുതന്നെ ഈ കാര്യങ്ങളിലൊന്നും മുടക്കം വരാതെ കുടുംബങ്ങൾ മുന്നോട്ട്‌ പോകുന്നു. ഇതമൂലം ആവശ്യക്കാർ ഒരിക്കലും കുറയാത്ത മേഖലയാണിത്‌. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ട്‌ മറുപുറം നോക്കുമ്പോൾ തൊഴിലാളിയാണെന്ന ഒരു പരിഗണനയും ഇവർക്ക്‌ ലഭിക്കുന്നില്ല. സഹായി, വേലക്കാരി, ‘മെയ്ഡ്‌’ തുടങ്ങിയ പേരുകളിൽ വിളിക്കപ്പെടുകയും ജാതിയുടേയും വർഗത്തിന്റെയും ഏറ്റവും പ്രാന്തവൽകൃതമായ അവസ്ഥകളിലേക്ക്‌ ഇവർ എത്തിപ്പെടുകയും ചെയ്യുന്ന അനുഭവങ്ങളാണ്‌ ഇവരുടെ തൊഴിൽ ആഖ്യാനങ്ങളിലെല്ലാം മുന്നിട്ടു നിൽക്കുന്നത്‌. കുടുംബവുമായി സ്ഥാപിക്കപ്പെടുന്ന വൈകാരിക അടുപ്പം തൊഴിലിന്റെ സ്വഭാവങ്ങളെ തന്നെ വ്യത്യസ്തമാക്കുന്നു. വേതനം, തൊഴിൽ സുരക്ഷ, സാമൂഹിക സുരക്ഷ തുടങ്ങിയവയൊന്നും പ്രധാനമല്ലാതായി മാറുകയും വൈകാരികതയുടെ പ്രകടനങ്ങൾ തൊഴിലാളിയെ തന്നെ മറ്റൊരവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നു. തൊഴിൽ ദാതാവ്‌ പലപ്പോഴും അദൃശ്യമായി പോകുന്നുണ്ട്‌. വീടിന്റെ സ്വകാര്യതയിൽ തങ്ങളുടെ കൃത്യനിർവ്വഹണം നടത്തി തിരിച്ചുപോകുമ്പോൾ തൊഴിലാളിയാണെന്നു രേഖപ്പെടുത്താനുള്ള തൊഴിൽ കാർഡോ, മറ്റു തിരിച്ചറിയൽ സംവിധാനങ്ങളോ ഒന്നുമില്ല. ഔദ്യോഗിക കണക്കെടുപ്പുകളിൽ ഒന്നും ഇവരുടെ കൃത്യമായ എണ്ണം ലഭ്യമല്ല. ഐഎൽഒ സാധൂകരിക്കാൻ ഇന്ത്യാ ഗവൺമെന്റിന്‌ ഇതുവരെ സാധിക്കാത്തത്‌ തന്നെ ഈ പ്രത്യേകതകളൊക്കെ കൊണ്ടുതന്നെയാണ്‌.
അന്തർദേശീയ അംഗീകാര പ്രക്രിയ നടക്കുന്ന അതേ സമയം തന്നെ ഇന്ത്യാ ഗവൺമെന്റ്‌ (2010) ഒരു ദേശീയ ടാസ്ക്‌ ഫോഴ്സ്‌ രൂപീകരിച്ചുകൊണ്ട്‌ ഗാർഹിക തൊഴിലാളികളുടെ ദേശീയ നയ രൂപീകരണത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അന്തർദേശീയ കൺവൻഷനിലെ പ്രധാന ഭാഗങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു ദേശീയ കരട്‌ നയം രൂപപ്പെടുത്തി എങ്കിലും യുപിഎ സർക്കാരിന്റ ക്യാബിനറ്റിന്‌ ഈ നയം അംഗീകരിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടായില്ല. കഴിഞ്ഞ മുന്നു വർഷമായി എൻഡിഎ ഗവൺമെന്റിന്റെ പരിഗണനയ്ക്ക്‌ നയത്തിന്റെ പല കരട്‌ രൂപങ്ങളും എത്തിയെങ്കിലും ഇതുവരെയും ഒരു കരടിനും പച്ചക്കൊടി ലഭിച്ചിട്ടില്ല. ഗാർഹികതൊഴിലാളി അവകാശ സംരക്ഷണ നയം വേണ്ട സമഗ്ര നിയമം മതി എന്ന ഉറച്ച നിലപാടിലാണ്‌ ഗാർഹിക തൊഴിലാളി സംഘടനകളും ദേശീയ വേദിയുമെല്ലാം. ദേശീയ തലത്തിൽ ഗാർഹിക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള ദേശീയ വേദി സമഗ്ര നിയമ നിർമാണത്തിനായുള്ള പ്രചാരണ പരിപാടികളും സമ്മർദ്ദ പ്രവർത്തനങ്ങളും നടത്തി വരുന്നു. ദേശീയവേദി വിവിധ ഘട്ടങ്ങളിലായി ഈ മേഖലയിലെ നിയമ വിദഗ്ധരുടെയും സംഘടനകളുടെയും തൊഴിലാളികളുടെയും ആലോചനാ ശിൽപശാലകൾ കൂടി ഒരു കരട്‌ നിയമം കേന്ദ്ര ഗവൺമെന്റിന്‌ സമർപ്പിച്ചിട്ടുണ്ട്‌. ഇന്ത്യൻ പാർലമെന്റിലെ പരമാവധി എംപിമാരെ നേരിൽ കണ്ടുകൊണ്ട്‌ ഈ കരട്‌ നിയമത്തിന്റെ കോപ്പി നൽകിയിട്ടുണ്ട്‌. ഗാർഹിക തൊഴിലിന്റെ സങ്കീർണതകൾ ഉൾക്കൊണ്ടുകൊണ്ട്‌ തൊഴിൽ ഏകീകരണം, മിനിമം വേതനം ഉറപ്പാക്കൽ, സാമൂഹ്യ സുരക്ഷ, പരാതി പരിഹാര സംവിധാനങ്ങൾ-എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്ര നിയമത്തിന്റെ കരടാണ്‌ സമർപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഗാർഹിക തൊഴിലിന്റെ സങ്കീർണതകൾ ഉൾക്കൊണ്ട്‌ സർക്കാർ നിയമ നിർമ്മാണം എത്രയും പെട്ടെന്ന്‌ നടപ്പിലാക്കണം എന്നുള്ളതാണ്‌ ഈ വർഷത്തെ ഗാർഹിക തൊഴിലാളി ദിനത്തിലെ പ്രധാന ആവശ്യം.
തങ്ങളുടെ വീട്ടിലെ മുഴുവൻ ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ച്‌ മറ്റൊരു വീട്ടിൽ ജോലിക്കായി പോകുമ്പോൾ ആ അധ്വാനത്തെ അംഗീകരിക്കുക ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യമാണ്‌. എന്റെ വീട്‌ അന്തഃസാർന്ന തൊഴിലിടമെന്ന പ്രചാരണപരിപാടി അന്തർദ്ദേശീയ ഗാർഹിക തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഓരോ തൊഴിൽ ദാതാവും ‘എന്റെ വീട്‌ അന്തഃസാർന്ന തൊഴിലിട’മാണെന്ന്‌ പ്രഖ്യാപിക്കുന്നതിനുള്ള ആർജ്ജവം ഉണ്ടാവുക എന്നതാണ്‌ ഈ പ്രചാരണത്തിന്റെ ലക്ഷ്യം. ഗാർഹിക തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞുകൊണ്ട്‌ തങ്ങളുടെ കുടുംബത്തിന്‌ ഈ തൊഴിലാളികൾ നൽകുന്ന സേവനത്തെ ബഹുമാനിക്കുക ഓരോ തൊഴിൽ ദാതാവിന്റേയും ഉത്തരവാദിത്വമാണ്‌. മാന്യമായ വേതനം നൽകുക, അംഗീകരിക്കപ്പെട്ട ജോലി സമയം, വിശ്രമം, അതിനുള്ള സാഹചര്യം, ഇവയെല്ലാം ഓരോ തൊഴിൽ ദാതാവിന്റെയും കടമയാണ്‌. അതിക്രമങ്ങളും ചൂഷണങ്ങളുമില്ലാതെ സുരക്ഷിതമായി പണിയെടുക്കാൻ പറ്റുന്ന തൊഴിലിടമായി ഓരോ വീടുകളും മാറേണ്ടതുണ്ട്‌. ഇവരുടെ ആരോഗ്യവും സാമൂഹ്യ സുരക്ഷയും ഇതോടൊപ്പം ഉറപ്പാക്കേണ്ടത്‌ പ്രധാനമാണ്‌. എല്ലാ തൊഴിൽ മേഖലകളിലും ആഴ്ചയിലൊരിക്കൽ വേതനത്തോടു കൂടിയ അവധി ലഭ്യമാകുമ്പോൾ അത്‌ ലഭിക്കുക എന്നത്‌ അസംഘടിത തൊഴിലാളികളുടെ സ്വപ്നം മാത്രമാണിന്നും. ഇന്ന്‌ സംഘടന മേഖലയിലെ നിലവിലുള്ള വിലപേശലുകൾ എല്ലാം തന്നെ നടക്കുന്നത്‌ തൃത്താല സംവിധാനങ്ങളിലൂടെയാണ്‌, തികച്ചും അസംഘടിതമായ ഈ തൊഴിൽ മേഖലകളിലൊക്കെ ഇത്‌ തികച്ചും അപ്രായോഗികമാണ്‌ എന്ന വാദം ഉയർത്തി ഈ നിർദേശങ്ങൾ തന്നെ തള്ളിക്കളയുന്ന സാഹചര്യമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഗാർഹികതൊഴിലിൽ തൊഴിലുടമ അദൃശ്യരല്ല. ഒരു നിശ്ചിത തുക തങ്ങൾക്ക്‌ സേവനം നൽകുന്ന ഗാർഹിക തൊഴിലാളിയുടെ സാമൂഹ്യ സുരക്ഷ വിഹിതമായി അടയ്ക്കുക തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ട്‌. ഗാർഹിക തൊഴിലാളികളുടെ ഭാഗത്തുനിന്നും സത്യസന്ധവും നീതിപരവുമായ പെരുമാറ്റം സംഘടനകളുടെ ഉത്തരവാദിത്വമാണ്‌.
സ്വന്തം വീട്ടിൽ ചെയ്യുന്ന ജോലിയുടെ അതേ സ്വഭാവമാണ്‌ എന്നുള്ളത്‌ ഈ തൊഴിലിന്റെ വൈദഗ്ദ്ധ്യത്തെ പലപ്പോഴും കുറച്ചു കാട്ടുന്നു. ആധുനിക സാഹചര്യങ്ങളിൽ വീടു വൃത്തിയാക്കുന്നതും പുതിയ തരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും വ്യത്യസ്തമായ ഭക്ഷണങ്ങൾ പാകം ചെയ്യുന്നതും എല്ലാം വൈദഗ്ദ്ധ്യം തന്നെയാണ്‌. ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ ഗാർഹികതൊഴിൽ പ്രത്യേക സർട്ടിഫിക്കറ്റ്‌ ഉള്ള തൊഴിലായി അംഗീകരിച്ചു കഴിഞ്ഞു. രോഗീപരിചരണവും, പ്രസവാനന്തര ശുശ്രൂഷകളും, കുട്ടിയെ പരിചരിക്കലുമെല്ലാം അതേ പോലെ വൈദഗ്ദ്ധ്യം വേണ്ട പണികളാണ്‌. കേരളസർക്കാർ ഗാർഹിക തൊഴിലാളികളുടെ മിനിമം കൂലി നിശ്ചയിച്ചിട്ടുള്ളത്‌ ഈ വൈദഗ്ധ്യങ്ങളെ ഒന്നും പരിഗണിക്കാതെയാണ്‌.
തൊഴിലിന്റെ സുരക്ഷിതത്വവും തൊഴിലാളികളുടെ സുരക്ഷിതത്വവും തൊഴിൽ ദാതാവിന്റെയും സർക്കാരിന്റെയും കൂട്ടുത്തരവാദിത്വമായി വികസിപ്പിക്കേണ്ടിയിരിക്കുന്നു. അദൃശ്യമായ തൊഴിലിടവും തൊഴിൽ ദാതാവും ഈ തൊഴിൽ മേഖലയുടെ അവകാശ നിഷേധത്തിൽ കാര്യമായ പങ്കു വഹിക്കുന്നുണ്ട്‌. എല്ലാ തൊഴിൽ ദാതാക്കളും തങ്ങളുടെ ഉപജീവനത്തിനായി മറ്റു തൊഴിൽ മേഖലകളിലെ നിയമങ്ങൾ പാലിക്കുന്നതിന്‌ തയാറാവുകയും കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾക്കായി ശബ്ദം ഉയർത്തുകയും ചെയ്യുമ്പോൾ തങ്ങൾ തൊഴിൽ ചെയ്യുന്ന ഓരോ കുടുംബവും നിലനിർത്തിക്കൊണ്ട്‌ തങ്ങളുടെ ഉപജീവനമാർഗങ്ങൾ തേടുന്ന ഈ തൊഴിലാളികളുടെ അവകാശങ്ങൾ തിരിച്ചറിയുക പൗരബോധമുള്ള പൊതുസമൂഹത്തിന്റെ കടമയാണ്‌.
അതുകൊണ്ട്‌ തന്നെ ഓരോ വീടും ഗാർഹിക തൊഴിലാളികളെ ബഹുമാനത്തോടെ കാണുന്ന, തൊഴിലിനെ അംഗീകരിക്കുന്ന, അന്തഃസുള്ള വേതനവും തൊഴിൽ സാഹചര്യങ്ങളും ഉറപ്പു വരുത്തുന്ന അന്തസാർന്ന വീടായി മാറട്ടെ.

(ലേഖിക സേവ-യൂണിയൻ ജനറൽ സെക്രട്ടറിയാണ്‌)

Related News