Tuesday
21 Aug 2018

കർണാടകത്തിൽ ബിജെപി യുടെ അന്ത്യം ആസന്നം: ബി എസ് യദ്യുരപ്പ

By: Web Desk | Thursday 17 May 2018 9:55 AM IST

കർണാടകത്തിൽ ബിജെപി യുടെ അന്ത്യം – ബി എസ് യദ്യുരപ്പയുടെ മുൻ വാക്യങ്ങൾ അദ്ദേഹത്തിന് തന്നെ അറം പറ്റിയാൽ അതിശയിക്കേണ്ടതില്ല.

യദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണ്ണറോട് ആവശ്യപ്പെട്ടത് ഏഴു ദിവസമാണെന്നും ബിജെപി ക്കാരനായ ഗവർണ്ണർ ദയാപൂർവം നൽകിയത് 15 ദിവസമാണെന്നും സുപ്രീം കോടതിയിൽ കോൺഗ്രസ്സും ജനതാദളും ചൂണ്ടിക്കാട്ടിയിരുന്നു. 48 മണിക്കൂറിനുള്ളിൽ ഈ കത്ത് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കയാണ്, ഇതിനെ ആശ്രയിച്ചാണ് യദ്യൂരപ്പയുടെ ഭാവി.

1996 ൽ എ ബി വാജ്‌പേയ് 13 ദിവസം മാത്രം അധികാരത്തിലിരുന്ന്, പാർലമെന്റിൽ ഭൂരിപക്ഷമില്ലാതെ, ഭൂരിപക്ഷം തെളിയിക്കാൻ പോലും നിൽക്കാതെ രാജി വച്ച ബിജെപി യുടെ ചരിത്രം കർണാടകത്തിലും ആവർത്തിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ, ഇന്നലെ കുമാരസ്വാമി ആരോപിച്ചപ്പോലെ 100 കോടി രൂപ വച്ച് എം എൽ എ മാർക്ക് നൽകി, അവരെ വിലക്കെടുക്കണം. ഇതിലെ അപകടം, മൂന്നിലൊന്നു അംഗങ്ങളെ വിലക്കെടുത്തില്ലെങ്കിൽ കൂറുമാറ്റ നിയമ പരിധിയിൽ പെടും.

ഇനി എല്ലാ നിയമങ്ങളെയും വിലക്കെടുക്കാമെന്നായാലും, ഏഴു എം എൽ എ മാരെ കൂടെ കൂട്ടി കർണാടകം പിടിക്കുന്നതോടെ ബിജെപി രാഷ്ട്രത്തിനു മുമ്പിൽ വിവസ്ത്രമാകുന്നു, ജനാധിപത്യത്തെ വെറും തെരുവുകച്ചവടച്ചരക്കാക്കുക വഴി.  2012 ൽ കർണാടക ജനതാപാർട്ടി രൂപീകരിച്ചുകൊണ്ടു യദ്യൂരപ്പ പറഞ്ഞ വാക്കുകൾ അതോടെ യാഥാർഥ്യമായി ഭവിക്കും. കർണാടകത്തിൽ ബിജെപി യുടെ മരണമണി. ദക്ഷിണേന്ത്യയുടെ ഗേറ്റ് വേ എന്ന് ബിജെപി അവകാശപ്പെട്ട കർണാടകം അതോടെ ബിജെപി ക്കു മുമ്പിൽ അടയും. ഇന്ത്യാ  ഗേറ്റും.