28 March 2024, Thursday

ഊർജ പരിവർത്തനം: ഇന്ത്യ നേരിടുക ഗുരുതരമായ സാമ്പത്തിക വെല്ലുവിളി

കെ ആര്‍ സുധാമന്‍
April 19, 2022 5:45 am

ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയില്‍ 2070-ഓടെ ഇന്ത്യ ‘സീറോ കാര്‍ബണ്‍ ബഹിര്‍ഗമന’മെന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഇതിനർത്ഥം ഫോസിൽ ഇന്ധനങ്ങളിൽ (പെട്രോളിയം) നിന്ന് മാറി പുതിയ ഊര്‍ജമാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നാണ്. ഈ ഊർജ പരിവർത്തന വെല്ലുവിളി ഇന്ത്യൻ സർക്കാരിന്റെ നികുതിവരുമാനത്തെ ഗുരുതരമായി ബാധിക്കുമെന്ന് സെന്റർ ഫോർ സോഷ്യൽ ആന്റ് ഇക്കണോമിക് പ്രോഗ്രസ് പറയുന്നു. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് സൗരോർജം, വൈദ്യുത വാഹനങ്ങൾ, കാറ്റ്, ജലവൈദ്യുതി തുടങ്ങിയ ഹരിത ഊർജത്തിലേക്ക് മാറുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തികരംഗം വെല്ലുവിളികൾ കടുത്തതായിരിക്കും.

കേന്ദ്ര സര്‍ക്കാര്‍, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ചാല്‍ ബജറ്റില്‍ മറ്റ് വരുമാന സ്രോതസുകൾ കണ്ടെത്തേണ്ടത് അനിവാര്യമായി വരും. സംസ്ഥാനങ്ങളില്‍ ഇതിന്റെ ആഘാതം വ്യത്യാസപ്പെടുകയും വിവിധ സംസ്ഥാനങ്ങളില്‍ പ്രത്യേക ഊർജസ്രോതസുകള്‍ ആവശ്യമായി വരികയും ചെയ്യും. ഫോസിൽ ഇന്ധനങ്ങൾക്ക് നികുതികളും സെസുകളും തീരുവകളും ചുമത്തിയാണ് കേന്ദ്രവും സംസ്ഥാനങ്ങളും റവന്യു വരുമാനമുണ്ടാക്കുന്നത്. കൂടാതെ, ആഭ്യന്തര ഖനന പ്രവർത്തനങ്ങളിൽ നിന്നുള്ള റോയൽറ്റി, പൊതുമേഖലാ ഇന്ധന കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതം ഉൾപ്പെടെയുള്ള നികുതിയേതര വരുമാനവുമുണ്ട്. ഈ നികുതിയേതര വരുമാനവും നികുതി വരുമാനവും എപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നതുമാണ്.

 


ഇതുകൂടി വായിക്കൂ: ജല അറിവും പ്രതിസന്ധിയും


 

കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഏകദേശം ആറ് ലക്ഷം കോടിയുടെ നികുതി വരുമാനം നേടുന്നു എന്നാണ് കണക്ക്. ഇത് രാജ്യത്തെ മുഴുവന്‍ പ്രതിരോധ ചെലവിന്റെ ഇരട്ടിയിലേറെയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ബജറ്റിന്റെ മൂന്നിരട്ടിയുമാണിത്. 2040 ഓടെ, ഫോസിൽ ഇന്ധന വരുമാനം ഗണ്യമായി കുറയും. 2019 ല്‍ മൊത്തം സർക്കാർ വരുമാനത്തിന്റെ വിഹിതം 13.3 ശതമാനത്തിൽ നിന്ന് വെറും 3.8 ശതമാനമായാണ് കുറയുക. ഫോസിൽ ഇന്ധനത്തെ കൂടുതല്‍ ആശ്രയിക്കുന്ന സംസ്ഥാനങ്ങൾ വ്യത്യസ്തമായ വെല്ലുവിളികളാണ് നേരിടേണ്ടിവരിക. എന്നാൽ ഏറ്റവും വലിയ ഗുണഭോക്താവ് എന്ന നിലയിൽ കേന്ദ്രത്തിനാണ് കൂടുതല്‍ ആഘാതം ഉണ്ടാവുക. ‘കാർബൺ നികുതി’ ചുമത്തിയാലും നിലവിലെ വരുമാനത്തിലെ ഇടിവ് നികത്താനാകില്ലെന്നും പഠനം പറയുന്നു.

ഫോസിൽ ഇന്ധനത്തിൽ ക്രമാനുഗതമായ കുറവ് വരുത്തി ഹരിത ഊര്‍ജം നടപ്പാക്കുമ്പോള്‍ ഭീമമായ ഒരു വരുമാനമാര്‍ഗമാണ് അടയുന്നത്. ഇന്ധന നികുതി ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം നടപ്പാക്കിയാല്‍ വരുമാനത്തിൽ ഇനിയും കുറവുണ്ടാകും. വരുമാനത്തിനായി ഒറ്റ ഉറവിടത്തില്‍ കനത്ത നികുതി ചുമത്താനുള്ള ഒരു മാര്‍ഗവും അടയും.

 


ഇതുകൂടി വായിക്കൂ: ആത്മനിര്‍ഭറിന്റെ പേരിലുള്ള വഞ്ചന


 

റവന്യുവരുമാനത്തിന് 60 ശതമാനം നേരിട്ടുള്ള നികുതി എന്ന സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള സംഘടന(ഒഇസിഡി)യുടെ ശുപാർശയിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും അകലെയാണ്. രാജ്യത്തിന്റെ നികുതി വരുമാനത്തിന്റെ 55 ശതമാനവും പരോക്ഷ നികുതിയാണ്. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾക്ക് അവരുടെ വരുമാനത്തിന്റെ നല്ലൊരു പങ്കാണ് പരോക്ഷ നികുതിയായി നല്‍കേണ്ടിവരുന്നത്. പ്രത്യക്ഷ നികുതിയാകട്ടെ സമ്പന്നർ സ്ലാബ് സമ്പ്രദായത്തില്‍ ആനുപാതികമായി അടയ്ക്കുന്നു. കൂടാതെ കാർഷിക വരുമാനത്തിന് രാജ്യത്ത് നികുതിയില്ല. അതിനാൽ പ്രത്യക്ഷ നികുതി സമ്പ്രദായത്തിൽ തുല്യതയില്ലെന്ന് പറയാം. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി നല്‍കുന്ന നികുതി ഇളവുകളും പ്രത്യക്ഷ നികുതി വരുമാനത്തില്‍ വലിയ നഷ്ടം ഉണ്ടാക്കുന്നു.

കോർപറേറ്റ് നികുതികൾ ഇന്ത്യയിൽ വളരെ കുറവാണ്. അവര്‍ക്ക് വീണ്ടും ഇളവുകളും നല്‍കുന്നു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം, പ്രത്യേക സാമ്പത്തിക മേഖല തുടങ്ങിയവ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നു. ഇവയും ഒരു തരത്തിൽ സര്‍ക്കാര്‍ വരുമാനം നഷ്ടപ്പെടുത്തുന്നു. ഒരു ഘട്ടത്തിൽ ആറ് ലക്ഷം കോടി രൂപ വരെ ഇങ്ങനെ നികുതി ഇളവുകൾ നല്‍കിയെന്ന് കണക്ക് സൂചിപ്പിക്കുന്നു. ഇത് ഇന്ധന നികുതിയും സെസും വഴി കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ നേടിയ മൊത്തം വരുമാനത്തിന് തുല്യമാണ്. ഇത് ഗുണകരമായ രീതിയല്ല. ഇക്കാരണത്താൽ തന്നെ സർക്കാർ തുടർനടപടികൾ വേഗത്തിലാക്കുകയും കൂടുതൽ നീതിയുക്തവും വിശാലാടിസ്ഥാനത്തിലുള്ളതുമായ പുതിയ പ്രത്യക്ഷ നികുതി കോഡ് കൊണ്ടുവരികയും വേണം. സർക്കാരിന്റെ വരുമാനം വർധിക്കുമ്പോള്‍ തന്നെ പാവപ്പെട്ടവരും ഇടത്തരക്കാരും വലിയ നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാകാനും പാടില്ല. പരോക്ഷ നികുതി വര്‍ധിപ്പിച്ചാല്‍ ഇരുട്ടടിയാവുക സാധാരണക്കാര്‍ക്കാണ്.

 


ഇതുകൂടി വായിക്കൂ:  ആഗോളതാപനം: പ്രധാനമന്ത്രി തിരുത്തലുകൾക്ക് തയാറാകുമോ?


 

നിർഭാഗ്യവശാൽ, ഇന്ത്യയിലെ സമ്പന്നർ വികസിത രാജ്യങ്ങളിലേതു പോലെ അര്‍ഹമായ നികുതി നൽകുന്നില്ല. ഇളവുകളും ഒഴിവാക്കലും അനുവദിക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ വികസിത സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്തമായി കാർഷിക വരുമാനത്തിന് നികുതി നൽകുന്നേയില്ല. ഇത് പലതവണ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. പക്ഷേ, സമ്പന്നരായ കർഷകർ ശക്തമായ രാഷ്ട്രീയ ലോബിയായതിനാൽ എന്തെങ്കിലും നീക്കം നടത്താൻ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. ജിഎസ്‌ടിയുടെ ഒരൊറ്റ നിരക്കിലേക്ക് ഇന്ത്യ നീങ്ങേണ്ടതുണ്ട്. ജിഎസ്‌ടി കൗൺസിലിൽ ഒരു സമവായം കൊണ്ടുവരുന്നത് മിക്കവാറും അസാധ്യമായതിനാൽ അതും ബുദ്ധിമുട്ടാണ്.

കാലാവസ്ഥാ ആഘാതങ്ങളെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ടിലും നിർണായക നടപടി ആവശ്യമാണെന്ന് അടിവരയിടുന്നു. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുന്നതോടൊപ്പം പുതിയ സുസ്ഥിര വരുമാനം കണ്ടെത്തേണ്ടതുണ്ട്. കാർബൺ നികുതി പോലുള്ള നയങ്ങൾ ഉൾക്കൊള്ളുന്നതും ഉറപ്പാക്കുന്നതുമായ ഒരു ഏകോപിത ആഗോള സമീപനം നിർണായകമാണ്. സാമ്പത്തിക സ്ഥിരത നിലനിർത്താനുള്ളതും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ വികസനത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാൻ ഐഎംഎഫ് നേതൃത്വത്തില്‍ കേന്ദ്രീകൃത നയം അനിവാര്യമാണ്.

(ഇന്ത്യ പ്രസ് ഏജന്‍സി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.