Sunday
24 Sep 2017

പരിസ്ഥിതി സംരക്ഷണവും ജനകീയ പ്രക്ഷോഭങ്ങളും

By: Web Desk | Tuesday 29 August 2017 9:35 PM IST

റെനി കുളത്തൂപ്പുഴ

പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ നമ്മുടെ ജനത പിന്നോക്കം പോയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും, മണ്‍സൂണുകളുടെ ലഭ്യതക്കുറവും, പരിസ്ഥിതി സംരക്ഷണത്തിന്റെ പരാജയം എടുത്തുകാണിക്കുന്നു. വയലേലകള്‍ നികത്തുന്നതും, മലകളും, കുന്നുകളും ഇടിച്ചുനിരത്തി വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്നതും, മരങ്ങള്‍ വെട്ടിമുറിക്കുന്നതും പ്രകൃതിമാറ്റങ്ങള്‍ക്ക് കാരണമാകുന്നു. മരങ്ങളെയും, മലകളെയും, വനവാസികളെയും സംരക്ഷിക്കാന്‍ തീരുമാനിച്ച ഒരു കൂട്ടം ഗ്രാമീണരെയും, അവരുടെ സമരവിജയവും നമുക്കിന്ന് പരിചയപ്പെടാം.
1970-കളില്‍ ഉത്തരാഖണ്ഡിലെ ഗ്രാമീണരായ ജനങ്ങള്‍ തങ്ങളുടെ പ്രദേശത്തെ വനങ്ങള്‍ സംരക്ഷിക്കാനായി ആരംഭിച്ച സമരത്തെയാണ് ചിപ്‌കോ പ്രസ്ഥാനം എന്നുപറയുന്നത്. ഈ പ്രദേശത്തെ ഗ്രാമീണരായ ജനങ്ങളും വനവാസികളും കാടിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. കാലികള്‍ക്ക് ആവശ്യമായ പുല്ല്, പാചകം ചെയ്യാന്‍ ആവശ്യമായ വിറക്, കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ മരം ഇവയെല്ലാം വനങ്ങളില്‍ നിന്നാണ് ശേഖരിച്ചിരുന്നത്. വനവാസികളുടെ ആവാസവ്യവസ്ഥ പൂര്‍ണമായും വനത്തിനെ ആശ്രയിച്ചായിരുന്നു. തദ്ദേശവാസികള്‍ വനവിഭവങ്ങള്‍ ഉപയോഗിക്കുന്നതിനെ വനംവകുപ്പ് വിലക്കുകയും, അതേസമയം സൈമണ്ട്‌സ് എന്ന സ്‌പോര്‍ട്ട്‌സ് കമ്പനിക്ക് ഇതേ പ്രദേശത്തെ മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. ഇത് പ്രദേശവാസികളെ രോഷാകുലരാക്കുകയും അവര്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു.
ഉത്തരാഖണ്ഡിലെ ഗോവേശ്വര്‍, മണ്ഡല്‍, ഉത്തരകാശി എന്നിവിടങ്ങളിലാണ് ആദ്യമായി ചിപ്‌കോ പ്രസ്ഥാനം ആരംഭിച്ചത്. തികച്ചും പുതുമയാര്‍ന്ന സമരതന്ത്രമാണ് അവര്‍ ഇതിനായി ഉപയോഗിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഗ്രാമീണര്‍ മരങ്ങളെ കെട്ടിപ്പിടിച്ച സമരത്തെ ചിപ്‌കോ പ്രസ്ഥാനം എന്നറിയപ്പെടുന്നു. ഈ സമരമുറ ലോകശ്രദ്ധ പിടിച്ചുപറ്റി. ചാന്ദി പ്രസാദ് ഭട്ട്, സുന്ദര്‍ലാല്‍ ബഹുഗുണ എന്നിവരാണ് ചിപ്‌കോ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്. ഒടുവില്‍ പ്രക്ഷോഭകാരികള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങി. ഹിമാലയന്‍ പ്രദേശത്തെ വനമേഖലയിലെ മരങ്ങള്‍ മുറിക്കുന്നത് നിരോധിച്ചു.
നമ്മുടെ കേരളത്തിലും അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. നടപ്പിലാക്കുമ്പോള്‍ നഷ്ടമാകുന്ന ആദിവാസി ഗ്രാമവും, അവരുടെ ജീവിതവും, അവിടുത്തെ പരിസ്ഥിതിയും നാം വിസ്മരിച്ചുകൂട. മിച്ചമുള്ള ആവാസ വ്യവസ്ഥയെങ്കിലും സംരക്ഷിക്കാന്‍ നമുക്ക് കഴിയണം.

 

Related News