Saturday
22 Sep 2018

ദിലീപിന്റെ ആദ്യ വിവാഹം; പ്രതികരണവുമായി അബി

By: Web Desk | Thursday 3 August 2017 2:26 PM IST

കൊച്ചി:ദിലീപ് മഞ്ജുവിന് മുൻപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും അതിനു സാക്ഷി ആയെന്ന റിപ്പോർട്ടുകൾക്കെതിരെ അബി രംഗത്ത് . അടിസ്ഥാനരഹിതമാണ് ഇത്തരം വാര്‍ത്തകള്‍ എന്ന് അബി പ്രതികരിച്ചു. താൻ ഇത്തരമൊരു വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്നും വാർത്ത നൽകിയ മാധ്യമങ്ങളോട് പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ റജിസ്റ്റര്‍ വിവാഹം കഴിഞ്ഞതായി കേട്ടിരുന്നെങ്കിലും അതില്‍ താന്‍ പങ്കാളിയായിരുന്നില്ലെന്നും വിവാഹം നടന്ന ഓഫീസിലെ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യമാണ് ഇതെന്നും അബി പറഞ്ഞു. തന്റെ ട്രൂപ്പില്‍ വര്‍ക്ക് ചെയ്തിരുന്ന കാലത്ത് കൂട്ടുകാരില്‍ നിന്നുമാണ് ഈ വിവരം അറിഞ്ഞത്. അന്ന് ഇത് എല്ലാവര്‍ക്കും അറിയാമായിരുന്ന കാര്യമായിരുന്നെന്നും ദിലീപും നാദിര്‍ഷയും തന്റെ ട്രൂപ്പില്‍ വര്‍ക്ക് ചെയ്തിരുന്നത് വെച്ചാണ് ഇതിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത്. എന്നാല്‍ അവരുമായി പ്രൊഫഷണല്‍ ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അവരുടെ വ്യക്തിജീവിതത്തിലേക്ക് താനോ തന്റെ വ്യക്തി ജീവിതത്തിലേക്ക് അവരോ ഇടപെട്ടിരുന്നില്ലെന്നും അബി പറഞ്ഞു.
അതുപോലെ തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെന്ന വാര്‍ത്തയും താരം തള്ളി. ഇക്കാര്യത്തില്‍ തന്നെ ഇതുവരെ ആരും വിളിച്ചിട്ടില്ലെന്നും ആര്‍ക്കുമുന്നിലും മൊഴി നല്‍കിയിട്ടില്ലെന്നും അബി വ്യക്തമാക്കി.