Tuesday
19 Sep 2017

മുളങ്കാടുകള്‍ പൂക്കുമ്പോള്‍

By: Web Desk | Monday 11 September 2017 9:55 PM IST

നിമിഷ
മുള പൂത്താല്‍ അശുഭലക്ഷണമാണെന്നൊരു വിശ്വാസം പരക്കെയുണ്ട്. പട്ടിണിയും പ്രകൃതിദുരന്തവുമുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്താണ് ഇതിന് പിന്നിലെ യുക്തി?
മുള ‘ഗ്രാമിനെ’ എന്ന പുല്ല് വിഭാഗത്തില്‍ പെട്ട ചെടിയാണ്. നെല്ല്, ഗോതമ്പ്, ചോളം, ബാര്‍ളി, ഓട്ട്‌സ് ഒക്കെ ഇതില്‍പ്പെടും. മുള പൊതുവെ പൂക്കുന്നതോടെ നശിക്കും. മാത്രമല്ല മുള പൂക്കുന്നതോടെ മുളയരിതേടി എലികള്‍ എത്തും. ഇവ സമീപപ്രദേശത്തെ വിളകളെക്കൂടി നശിപ്പിക്കും. ഇതൊരു പ്രകൃതിരീതിയാണ്. ഈ രീതികൊണ്ടുണ്ടാകുന്ന ധാന്യക്ഷാമം പട്ടിണി ഉണ്ടാക്കുമെന്ന് ഗ്രാമീണര്‍ക്കറിയാം. അതുകൊണ്ടാണ് മുള പൂക്കുന്നത് അശുഭലക്ഷണമെന്നവര്‍ പറയുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ മുള പൂക്കുന്ന കാലമാകും മുമ്പ് തന്നെ അവയുടെ ചോട്ടിലും പരിസരത്തുമായി ഇഞ്ചി, മഞ്ഞള്‍ എന്നിവ കൃഷി ചെയ്യാനായി നിര്‍ദ്ദേശിക്കാറുണ്ട്.
ലോകത്ത് 1200 ഇനം മുളകളുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് 138 ഇനം മുളകളാണുള്ളത്. ഇതില്‍ 53 ഇനം മണിപ്പൂരിലാണ്. അരുണാചല്‍ പ്രദേശില്‍ 50 ഇനവും. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലെ ജനജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ചെടിയാണ് മുള. അവരുടെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിലും മുളയുടെ പങ്ക് നിര്‍ണായകമാണ്. ഇതൊരു മുഖ്യവരുമാനമാര്‍ഗമാണ്. തൊട്ടില്‍ തൊട്ട് ശവമഞ്ചം വരെ മുള കൊണ്ടാണിവിടെ നിര്‍മിക്കുന്നത്. മുളയുടെ കൂമ്പും വിത്തും ഭക്ഷ്യവസ്തുവാണ്. ഈറ ഉപയോഗിച്ച് തൊപ്പി, ബാസ്‌കറ്റ്, കളിപ്പാട്ടങ്ങള്‍, സംഗീത ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, കടലാസ് തുടങ്ങി നിരവധി സാമഗ്രികള്‍ ഉണ്ടാക്കാന്‍ പറ്റും. മുള ഉപയോഗിച്ച് വീടും വേലിയും പോലും പണിയാറുണ്ട്. ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ മുളയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മണ്ണൊലിപ്പ് തടയുന്നു എന്നുള്ളതുകൊണ്ട് തന്നെ മുളസംരക്ഷണത്തില്‍ ഇവര്‍ വളരെ ശ്രദ്ധാലുക്കളാണ്. ഭൂമിക്കടിയിലെ ജലം സംഭരിച്ച് നിര്‍ത്തുന്നതില്‍ മുളയ്ക്കുളള പങ്ക് നിര്‍ണായകമാണ്.
മുളയുടെ ഏറ്റവും വലിയ പ്രത്യേകത അത് പൂക്കുന്നതോടെ നശിക്കുമെന്നുള്ളതാണ്. മിക്ക മുളകളും അതിന്റെ ആയുസില്‍ ഒരിക്കല്‍ മാത്രം പൂക്കുന്നവയാണ്. ചില മുളകള്‍ 40, 50 വര്‍ഷങ്ങള്‍ക്കുശേഷം മാത്രമേ പൂക്കുകയുള്ളൂ. മറ്റൊരു പ്രത്യേകത ഒരേ ഇനത്തില്‍പ്പെട്ട മുളകള്‍ ഒരേസമയം പൂക്കുമെന്നതാണ്. അവ എവിടെ ചിതറിക്കിടന്നാലും പൂക്കുന്നത് കൃത്യമായി ഒരേസമയത്തായിരിക്കും. അങ്ങനെ പൂത്തശേഷം അവയെല്ലാം കൂട്ടമായി നശിക്കുകയും ചെയ്യും. ഒരു തരം കൂട്ടമരണം.
മുള പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതിലെ കാലതാമസം ഇവയുടെ വംശ വര്‍ധനവ് പതുക്കെ ആക്കുന്നു. ഇത് വനം-വന്യജീവി മേഖലയ്ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. മാത്രമല്ല വന്‍തോതിലുള്ള ഈറ വെട്ടലും പ്രശ്‌നം ഗുരുതരമാക്കുന്നു. മുളയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പാണ്ടപോലുള്ള മൃഗങ്ങളാണ് ഇതിന് കൂടുതലും ഇരയാകുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുളയ്ക്കുള്ള പങ്ക് നിര്‍ണായകമാണ്. കാടിന്റെ സംഗീതമായ മുളകള്‍ മണ്ണിന്റെയും മൃഗങ്ങളുടേയും മനുഷ്യന്റെയും നല്ല സുഹൃത്താണ്. അതുകൊണ്ട് മുളങ്കാടുകള്‍ പൂത്തുലയട്ടെ, വംശം വര്‍ധിക്കട്ടെ, ഉള്ളവയെ നിലനിര്‍ത്താന്‍ മനുഷ്യരും തയാറാകട്ടെ.