Sunday
19 Aug 2018

വികസനത്തില്‍ പരിസ്ഥിതിയും പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവാകണം: കാനം

By: Web Desk | Tuesday 13 March 2018 10:03 PM IST

സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിന് മുന്നോടിയായി കോഴിക്കോട്ട് സംഘടിപ്പിച്ച ‘കേരളം കാട്ടുന്ന ബദല്‍’ സെമിനാറില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു

കോഴിക്കോട്: പരിസ്ഥിതിയും പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവായ ഒരു ബദല്‍ വികസനമാണ് ഇടതുപക്ഷം മുന്നോട്ടു വെയ്‌ക്കേണ്ടതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിന് മുന്നോടിയായി കോഴിക്കോട്ട് സംഘടിപ്പിച്ച ‘കേരളം കാട്ടുന്ന ബദല്‍’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം മാത്രമാണ് ശരിയുടെ പക്ഷത്ത് നില്‍ക്കുന്നത്. വര്‍ഗ്ഗീയതയും മതവുമെല്ലാം മനുഷ്യനെ പിറകോട്ട് നയിക്കുകയാണ്. കേരളത്തില്‍ നമ്മുടെ നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ച മണ്ണിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിത്തെറിഞ്ഞത്. അതുകൊണ്ടാണ് മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ നൂറുമേനി വിളഞ്ഞത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ സമ്മേളനത്തിന്റെ പ്രമേയമാണ് 1957-ലെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാനിഫെസ്റ്റോ ആയി ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത്. കേരളത്തിന്‍റെ പരിപ്രേക്ഷ്യം എന്താണെന്ന സൂചന നല്‍കുന്ന പരിഷ്‌കാരങ്ങള്‍ക്കാണ് 1957ലെ സര്‍ക്കാര്‍ തുടക്കമിട്ടത്. പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം ഈ അടിത്തറയില്‍ നിന്നാണ് ഉയര്‍ന്നുവന്നത്. കേരളത്തിന്റെ വികസനത്തിലും പുരോഗതിയിലും കയ്യൊപ്പ് ചാര്‍ത്തിയത് കമ്മ്യൂണിസ്റ്റുകാരാണ്.

എന്നാല്‍ നമുക്ക് നാം ആശിച്ചതുപോലെ മുന്നോട്ടു പോകാന്‍ കഴിഞ്ഞോ എന്ന് പരിശോധിക്കണം. കാര്‍ഷിക രംഗം ആധുനികവത്കരിക്കാന്‍ കഴിയാതിരുന്നതാണ് കൃഷിയില്‍ നിന്നും ആളുകള്‍ പിന്തിരിയുന്നതിന് ഇടയാക്കിയത്. 10 ലക്ഷം ഹെക്ടറുണ്ടായിരുന്ന നമ്മുടെ നെല്‍പ്പാടം ഇന്ന് 1.97 ലക്ഷം ഹെക്ടറായി കുറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് കാര്‍ഷിക പരിഷ്‌കരണം അത്യന്താപേക്ഷിതമാണ്. എന്നാല്‍ നാം ആഗ്രഹിച്ചതുപോലെ ഈ രംഗത്ത് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2006-ല്‍ മാത്രമാണ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞത്.

ഒരു ബദല്‍ വികസന നയം രൂപീകരിച്ച ഏക സംസ്ഥാനം കേരളമാണ്. പ്രകൃതിയും മനുഷ്യനും കേന്ദ്ര ബിന്ദുവായ വികസനത്തെകുറിച്ചാണ് നാം പറയുന്നത്. എന്നാല്‍ മുതലാളിത്ത വികസനത്തില്‍ മനുഷ്യന്‍ ഘടകമേയല്ല. ഇവിടെ മൂലധനത്തിലാണ് പിടിമുറുക്കുന്നത്. ഇതിന് ബദല്‍ രൂപീകരിച്ചാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. ഇതിലൂടെ മാത്രമേ സാമ്പത്തിക-സാമൂഹ്യ രംഗങ്ങളില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ.
മിത്തുകളെ യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. നമ്മുടെ ചരിത്രവും യുക്തി ചിന്തയും ശാസ്ത്ര ബോധവുമെല്ലാം ഇല്ലാതാക്കാനാണ് ഗൂഢ നീക്കം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മുതലക്കുളം മൈതാനത്ത് നടന്ന സെമിനാറില്‍ ഡോ. ആര്‍ രാമകുമാര്‍ മോഡറേറ്ററായി.