Wednesday
22 Aug 2018

പശ്ചിമഘട്ടചിന്തകൾ

By: Web Desk | Tuesday 10 October 2017 10:50 AM IST

ഹരി കുറിശേരി

പാമ്പാടും ചോല ദേശീയോദ്യാനത്തിനരികില്‍ തുറന്നുപിടിച്ച ക്യാമറക്കണ്ണുകളുമായി പാറ്റ പിടിയന്‍ നീലക്കിളിയെ തേടുകയായിരുന്നു. ഇടക്കിടെ അറിയാതെ പാദങ്ങളിലേക്ക് നോക്കുന്നുണ്ട്. പക്ഷേ ഒരൊറ്റ അട്ടയെപ്പോലും കണ്ടില്ല.അതെന്നെ അല്‍ഭുതപ്പെടുത്തുകയും ഉല്‍ക്കണ്ഠാകുലനാക്കുകയും ചെയ്തു.അടുത്തനാള്‍ കാടിനകത്തേക്ക് പ്രവേശിച്ചു. അപ്പോഴും രക്തംതേടി അട്ടകളൊന്നും എത്തിയില്ല. കൈകള്‍ തറയില്‍ വീണുപഴകിയ ഇലത്തുണ്ടുകളില്‍ വച്ചുനോക്കി. ഈര്‍പ്പമില്ല. ഷോലക്കാടുകള്‍ക്കടിവശം എപ്പോഴും നനവാര്‍ന്നുനില്‍ക്കും.ഇലകള്‍ പൊടിഞ്ഞും മരശിഖരങ്ങള്‍ വീണുറഞ്ഞും സ്‌പോഞ്ച്‌പോലെയുള്ള അവയ്ക്കുമീതേ പാദങ്ങള്‍ എടുത്തുവയ്ക്കുമ്പോള്‍ വിരലുകള്‍ക്കടിയിലൂടെ ഉറവകള്‍ കിനിയും .ഏതെങ്കിലും വൃക്ഷത്തില്‍ അല്‍പസമയം ചാരിനിന്നാല്‍ വസ്ത്രങ്ങളില്‍ നനവു പടരുന്നതും ഷോലക്കാടിന്റെ പ്രത്യേകതയാണ്. മഴക്കാലമല്ലെങ്കിലും അതിനുവ്യത്യാസമൊന്നും കാണാറില്ല. അട്ടയുടെ സാന്നിധ്യവും ഉണ്ടാകും. എവിടെയും തണുപ്പും പച്ചപ്പും കാട്ടുഗന്ധങ്ങളും നുകരുന്നതിന്റെ ധന്യത.ഇനി മഴ സ്പര്‍ശിച്ചാലേ എല്ലായ്‌പോഴും ഈര്‍പ്പമായിരുന്ന കാടിനെ നനയ്ക്കുവാന്‍ പറ്റൂ. ഷോലക്കാടിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റു കാടകങ്ങള്‍ അവയുടെ ഏറ്റവും പരീക്ഷണ ഘട്ടത്തിലൂടെയാകും ഇപ്പോള്‍ കടന്നുപോകുന്നത്…
മലമുഴക്കി, എന്‍ എ നസീര്‍ (വന്യജീവി ഫോട്ടോഗ്രാഫര്‍).

സമീപകാലത്തു വന്ന വ്യത്യസ്തമായ രണ്ടു രചനകളെ സംയോജിപ്പിച്ച് ഒരു പ്രശ്‌നം അവതരിപ്പിക്കുകയാണിവിടെ. വനത്തിന്റെ മാസ്മര അനുഭവലഹരികള്‍ നിരന്തരം തേടി നടക്കുന്ന ഒരു ഫോട്ടോ ജേണലിസ്റ്റിന്റെ അനുഭവക്കുറിപ്പുകളാണ് ഒന്ന് . പശ്ചിമഘട്ട സംരക്ഷണയാത്രക്കായി പരിസ്ഥിതിപ്രവര്‍ത്തകര്‍ അച്ചടിച്ച ബ്രോഷറുകളാണ് അടുത്തത്. നമ്മുടെ കാടിന്റെ വില നമ്മുടെ ജീവന്റെ വിലയാണ്.

പശ്ചിമഘട്ടത്തിന്റെ രൂപീകരണം ഹിമാലയത്തിനുംമുമ്പാണ്. ഭൂമിയില്‍ ജീവനുണ്ടാകുന്ന കാലത്ത് ഉദ്ദേശം 750 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മഡഗാസ്‌കറില്‍ നിന്നും തെന്നിമാറിയ ഭൂവല്‍ക്ക ശിലകള്‍ തെക്കുപടിഞ്ഞാറേഭാഗത്തേക്ക് നീങ്ങി ഡെക്കാണിലെ ഭൂവല്‍ക്കങ്ങളുമായി കൂട്ടിയിടിച്ച് അതിന്റെ ആഘാതത്തില്‍ അന്തര്‍ഭാഗത്തുനിന്ന് തിളച്ചുമറിഞ്ഞ ലാവയും മറ്റ് മൂലകങ്ങളും ഉയര്‍ന്നു പൊങ്ങി കാലക്രമേണ തണുത്തുറഞ്ഞ് പശ്ചിമഘട്ടം ഉണ്ടായി. ഈ മലനിരകളുടെ പടിഞ്ഞാറ് ഭാഗത്ത്കടലിന്റെ കയറ്റിറക്കങ്ങളില്‍ ഉണ്ടായതാണ് കേരളവും മറ്റ് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളും എന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളും ചോലവനങ്ങളും എപ്പോഴും ഇവിടെ അന്തരീക്ഷ ഊഷ്മാവ് 18-27 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്തുന്നു. ഇത് കടലില്‍നിന്നും ഉയരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്‍ത്തി തണുപ്പിച്ച് മഴപെയ്യിക്കുന്നു. വര്‍ഷത്തില്‍ ആറുമാസവും ലഭിക്കുന്ന മഴ ഭൂമിയില്‍ അരിച്ചിറങ്ങി രൂപപ്പെടുന്ന നീര്‍ച്ചാലുകള്‍ ഒന്നു ചേര്‍ന്ന് പുഴകളായി, നദികളായി ഉയരത്തുനിന്ന് ആ കുളിരിന്റെ ജീവന്റെ അന്തരീക്ഷം താഴേക്കു കൊണ്ടുവരുന്നു.കടലിലെത്തുംമുമ്പ് ഈ നദികള്‍ ഭൂമിക്ക് ജലം നല്‍കി,പച്ചപ്പു നല്‍കി,സംസ്‌കാരം നല്‍കിയാണ് പോകുന്നത്. കടലുമുതല്‍ മലവരെ രൂപം കൊണ്ട ആവാസവ്യവസ്ഥയാണ് കേരളത്തിന്റെ നിലനില്‍പ്പിന് ആധാരമെന്നതിന് തര്‍ക്കമുണ്ടാകാനിടയില്ല.പുല്ലും പുല്‍ച്ചാടിയും മുതല്‍ ആനയും ചോലക്കാടും വരെ നീളുന്ന ആവാസവ്യവസ്ഥയുടെ താളം തെറ്റുമ്പോഴാണ് നമ്മുടെ ജീവന് വെല്ലുവിളിയുണ്ടാകുന്നത്.

ഏട്ടിലപ്പടി പയറ്റില്‍ ഇപ്പടി എന്നതുപോലെയാണ് പരിസ്ഥിതിവിഷയങ്ങളോടുള്ള അധികാരികളുടെ സമീപനം. ബോധവല്‍ക്കരണവും ബോധ്യപ്പെടുത്തലുകളും മനസിലായെന്ന് തലകുലുക്കുന്നവര്‍തന്നെ അതിനെതിരെ നീങ്ങുകയാണ് പതിവ്. പോരാടുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ വല്ലാതെ കണ്ട് ഒറ്റപ്പെടുകയും നയരൂപീകരണ ചര്‍ച്ചകളില്‍ നിന്നും പുറത്താവുകയുമാണ് നടപ്പുരീതി.

കേരളം കണ്ട സമരങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒരു സമരമാണ് പശ്ചിമഘട്ട ഏകോപന സമിതിയുടെ പശ്ചിമഘട്ട രക്ഷായാത്ര.കേരളത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകങ്ങളെ നിര്‍ണയിക്കുന്ന ജലവും വായുവും മണ്ണും നിലനിര്‍ത്തേണ്ട അതിജീവന രാഷ്ട്രീയം വിശദീകരിക്കുന്ന യാത്ര ഓഗസ്റ്റ് 16ന് കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ ആരംഭിച്ചു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതികപ്രശ്‌നങ്ങള്‍മുഖ്യമായും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റ് പരിസ്ഥിതിവിഷയങ്ങള്‍ ഭാഗികമായും ചര്‍ച്ച ചെയ്താണ് യാത്രമുന്നേറുന്നത്.ഈ 16ന് തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും.

‘ ‘ഋതുക്കളൊന്നാകെ കൂടിക്കുഴയുകയാണിപ്പോള്‍ .ഓരോ മഴയും പെയ്‌തൊഴിയുമ്പോള്‍ ഉഷ്ണംതിരിച്ചെത്തുന്നു.മഴക്കാലം എന്നു പറയുമെങ്കിലും ഭൂമിയെപൊള്ളിക്കുവാന്‍ ഓരോ ഇടവേളകളില്‍ നീട്ടുന്ന തീനാളങ്ങള്‍ കണക്കെ വേനല്‍ ഇവിടെ തന്നെയുണ്ട്. കടന്നുപോയ വേനല്‍ക്കാല ഓര്‍മ്മകള്‍ പോലും ചുട്ടുപൊള്ളിക്കുന്നതാണ്. ‘

കേരളം സാവധാനം എങ്കിലും ഒരു മരുവല്‍ക്കരണത്തിലേക്ക് നീങ്ങുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂലംകുത്തിപ്പെയ്യുന്ന മഴകണ്ട്. പരിസ്ഥിതി താളംതെറ്റിയെന്ന് പറയുന്നവരെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയാണ് മുകളില്‍ പറഞ്ഞ വാക്കുകള്‍. വേനല്‍ ഓരോ മഴക്കുപിന്നിലും ഒളിച്ചിരിക്കുന്നു. നമ്മുടെ മഴ പൂര്‍ണമായും നമുക്ക് പ്രയോജനപ്പെടുന്നില്ല. അന്തരീക്ഷതാപം 42 ഡിഗ്രിവരെയാകുന്നത് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നു. പകല്‍ രാത്രി വ്യത്യാസം 10 ഡിഗ്രിക്ക് മുകളിലാകുന്നതും മരുവല്‍ക്കരണത്തിന്റെ സൂചനയാണ്.ഇത് സസ്യജാലങ്ങളുടെ പരാഗണശേഷി ഇല്ലാതാക്കുന്നു.സസ്യങ്ങള്‍ കുറയുന്നത് കൃഷികുറയുന്നതിനും മണ്ണ് ജലസംഭരണശേഷി നഷ്ടപ്പെട്ട് ഊഷരമാകുന്നതിനും വഴിവയ്ക്കുന്നു. അതാണ് മഴയ്ക്കുപിന്നില്‍ പതിയിരിക്കുന്ന വേനലിനെപ്പറ്റിയുള്ള പ്രഹേളിക. പശ്ചിമഘട്ടത്തിലെ അതിരൂക്ഷമായപാറപൊട്ടിക്കലും വനനശീകരണവും പടരുന്ന നഗരവല്‍ക്കരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം രൂക്ഷമാണ്. ജനതയുടെ മൗലികാവകാശങ്ങളായ നല്ലവായു നല്ലവെള്ളം നല്ലഭക്ഷണം എന്നിവ നിഷേധിക്കുന്നത് അവരെ രോഗഗ്രസ്തരാക്കുകയും വരും തലമുറക്കുകൂടി അസ്ഥിരത സമ്മാനിക്കുകയും ചെയ്യും..

‘കിലോമീറ്ററുകള്‍ അകലെ മാമലകളും താഴ്‌വാരങ്ങളും താണ്ടി മുള്‍ക്കാടുകള്‍ നിറഞ്ഞ മഴനിഴല്‍പ്രദേശത്തുനിന്നും എല്ലായ്‌പ്പോഴും മൂടല്‍മഞ്ഞും ഇരുണ്ട പച്ചനിറവും ഈര്‍പ്പസാന്നിധ്യവും കോര്‍ത്തിണക്കിയ ഷോലക്കാടിന്റെ ഹൃദയത്തിനുള്ളിലേക്ക് മയിലുകളെപ്പോലുള്ള ജീവികള്‍ എത്തുന്നതിനര്‍ത്ഥം അത്തരം ഒരു അവസ്ഥയിലേക്ക് കാട് മാറിക്കൊണ്ടിരിക്കുന്നു എന്നാണ്.’
നസീറിന്റെ വിവരണം തുടരുന്നത് ഇതത്ര സന്തോഷകരമായ കാഴ്ചയല്ല എന്നാണ്. വനത്തിന് താഴേത്തട്ടിലുള്ള ഇത്തരം ജീവികള്‍ക്ക് പര്‍വത ഒടിവുകളിലെ ഷോലക്കാടുകളില്‍ എത്താനും ജീവിക്കാനും കഴിയുന്നുവെന്നാല്‍ അവിടെ മാത്രം കണ്ടിരുന്ന ചിലസസ്യങ്ങളും ജന്തുക്കളും പൂമ്പാറ്റകളുമൊക്കെ ഇനി എങ്ങോട്ടാണ് കയറിപ്പോകേണ്ടത്. ചിലതരം സ്പീഷീസുകള്‍ക്ക് വംശനാശം വന്നിരിക്കുന്നു’
കാടുകളുടെ നാശം ഊര്‍ജ്ജപ്രവാഹത്തിന്റെ താളം തെറ്റിക്കും. ഈ താളം തെറ്റല്‍ നാം അറിയുന്നത് ജലചംക്രമണത്തിന്റെ താളം തെറ്റലിലൂടെയാണ്. പശ്ചിമഘട്ടത്തിന്റെ അന്തരീക്ഷ ആര്‍ദ്രത വളരെവേഗം കുറയുന്നു.ഉണങ്ങിയവായു മണ്ണിനെ ഉണക്കുന്നു. പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ മുമ്പ് 6000 മില്ലിമീറ്റര്‍ മഴലഭിച്ചിരുന്നു. ഇന്ന് മഴയുടെ അളവ് എത്രയോ താഴെയായി. ഈ പ്രദേശങ്ങള്‍ മരുഭൂമി ആയിക്കൊണ്ടിരിക്കുന്നു. കൃത്രിമവനങ്ങള്‍ക്ക് പരിസ്ഥിതി പ്രാധാന്യമുണ്ടെങ്കിലും അവ ഒരിക്കലും സ്വാഭാവിക വനത്തിന് പകരമാവില്ലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നു.ഒരു ഹെക്ടര്‍ ഹരിതവനത്തിന് രണ്ടരലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ചുവയ്ക്കുവാന്‍ കഴിയും.ഇത് ഭൂഗര്‍ഭ ജലസമ്പത്ത് വര്‍ദ്ധിപ്പിക്കും. നിത്യഹരിതവനങ്ങള്‍, അര്‍ധനിത്യഹരിതവനങ്ങള്‍,ആര്‍ദ്രഇലപൊഴിയുംകാടുകള്‍,വരണ്ട ഇലപൊഴിയും കാടുകള്‍,പുല്‍മേടുകള്‍,ചോലവനങ്ങള്‍,കണ്ടല്‍ കാടുകള്‍ എന്നിവയാണ് കേരളത്തിലെ പ്രധാന കാടിനങ്ങള്‍. ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനത്തിന് ആകെ ഭൂവിസ്തൃതിയുടെ മൂന്നിലൊരുഭാഗം വനഭൂമിയായി സംരക്ഷിക്കപ്പെടണം. കേരളത്തില്‍ കാടിന്റെ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ള കാടുകളുടെ വിസ്തൃതി ആറുശതമാനം മാത്രമത്രേ. കാടും വനവും ഒന്നല്ല. ഭൂമധ്യരേഖയില്‍ നിന്നും 28 ഡിഗ്രിവരെയുള്ളപ്രദേശത്ത് വളരുന്ന സസ്യജാലത്തെ കാട് എന്നും അതിനുശേഷമുള്ളവയെ വനമെന്നും വിളിക്കാം
കാടിന്റെ മാറ്റങ്ങള്‍ പാരിസ്ഥിതികത്തകര്‍ച്ചയുടെ ഉദാഹരണമാണ്. കേരളത്തില്‍ ഇടുക്കി, കമ്പംമേട്മുതല്‍ രാമക്കല്‍ മേട് വരെയുള്ള 826 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂപ്രദേശം സമീപകാലത്ത് മരുവല്‍ക്കരണത്തിന് വിധേയമായതായി മഴനിഴല്‍പ്രദേശമായതായി കാണാം. ആറായിരം മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്ന ഇവിടെ ഇപ്പോള്‍ 1200 മില്ലീമീറ്റര്‍ മഴമാത്രമാണ് ലഭിക്കുന്നത്.

സാമ്പത്തികപ്രധാനമായ വികസനം പ്രകൃതിവിഭവങ്ങളുടെ പരിധിയില്ലാത്ത ചൂഷണവും ഉപയോഗവും സൃഷ്ടിക്കുന്നു. സര്‍ക്കാരിന്റെ തെറ്റായ വികസന നയം പരിസ്ഥിതി അനുമതിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും അഴിമതിയുടെ കേന്ദ്രങ്ങളാക്കി മാറ്റുന്നു
ഇന്ത്യന്‍ മൈന്‍സ് ആക്ട് 1957, കെഎംഎംസിആര്‍ 1967,2015 മുതലുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍,ഒട്ടേറെ കോടതി വിധികള്‍ എല്ലാമുണ്ടെങ്കിലും അധികൃതരുടെ സമീപനം മാറാതെ പറ്റില്ല.
ഊര്‍ജ്ജത്തിന്റെ ഉയര്‍ന്ന ഉപഭോഗമാണ് വികസനത്തിന്റെ പ്രധാന അളവുകോലെന്നും ജിഡിപിയുടെ ഗ്രാഫ് ഉയരുന്നത് ഇത്തരം സാമ്പത്തിക വികസനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും അധികൃതര്‍ തെറ്റായി പ്രചരിപ്പിക്കുന്നു. എല്ലായിടത്തും നാലുവരിപ്പാത, ജില്ലകള്‍തോറും വിമാനത്താവളങ്ങള്‍ , എല്ലാ കുടുംബത്തിനും രണ്ടും മൂന്നും വാഹനങ്ങളും ആവശ്യത്തിലേറെ വലിപ്പമുള്ള വീടുകളും എല്ലാമാണ് വികസനമെന്ന് നമ്മള്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. അത് മനസില്‍ വച്ചുകൊണ്ട് സമീപിക്കുമ്പോള്‍ നമുക്ക് കുറച്ചുകാടല്ല ഊര്‍ജ്ജമാണ് വേണ്ടതെന്ന ചിന്തയാണ് തോന്നുക.

നദികള്‍ക്കു മേല്‍പണിതുയര്‍ത്തിയ 250ലധികം ചെറുതും വലുതുമായ ഡാമുകള്‍, വികസനത്തിനായി പാറയും മണലും കടത്തല്‍, വന്‍കിടതോട്ടങ്ങള്‍ക്കായി വനഭൂമി കൈമാറ്റം ചെയ്യല്‍,വനഭൂമി കടന്നെടുത്ത് ഏകവിളതോട്ടങ്ങള്‍ സ്ഥാപിക്കല്‍,വനം വകുപ്പിന്റെ അശാസ്ത്രീയ ഇടപെടലുകള്‍,വനത്തില്‍നിന്നും ചെറുകിടകര്‍ഷകരെയും ആദിവാസികളെയും ഒഴിവാക്കല്‍ എന്നിവയെല്ലാം പശ്ചിമഘട്ടത്തിന്റെ നാശത്തിനിടയാക്കിയെന്ന് പശ്ചിമഘട്ടരക്ഷാ യാത്ര വിശദമാക്കുന്നു.

കേരളത്തിന്റെ ഓരോ വികസന പദ്ധതിയിലും പശ്ചിമഘട്ടത്തിന്റെ നാശം അടങ്ങിയിരിക്കുന്നു. സസ്യശ്യാമളകോമളമായ കേരളത്തിന്റെ വികസനം ഗുജറാത്തിന്റെയോ തമിഴ്‌നാടിന്റെ പോലുമോ വികസനത്തോട് മല്‍സരിച്ച് ആകരുത്. സ്വത്വം മനസിലാക്കിയുള്ള വികസനമാണ് നമുക്ക് കരണീയമെന്ന സന്ദേശമാണ് ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

എന്തൊക്കെ നിര്‍മ്മിതികള്‍ ഉണ്ടായാലും ഉണ്ടാക്കിയാലും നാട് മുഴുവന്‍ ഹരിതം അണിയിച്ചാലും കിഴക്ക് പശ്ചിമഘട്ടവും അതിലെ പച്ചപ്പും നിലനിന്നാലേ പുഴ ഒഴുകൂ.പ്രാണവായുലഭ്യമാകൂ,ചവിട്ടി നില്‍ക്കാന്‍ ഈര്‍പ്പമുള്ള മണ്ണുണ്ടാകൂ.ചിലജന്തുക്കള്‍ ചില മരങ്ങളുടെ വിത്തുകള്‍ തിന്നു കാഷ്ഠിച്ചാലേ മുളയ്ക്കുകയുള്ളൂ, ചിലവിത്തുകള്‍ ആനപോലെയുള്ള ജീവികളുടെ പാദങ്ങള്‍ക്കടിയില്‍പെട്ട് പുറം തോട് പൊട്ടി മണ്ണിലേക്ക് ആഴ്ന്നിറങ്ങിയാലേ ആ വൃക്ഷത്തിന്റെ വംശാവലി നിലനില്‍ക്കൂ. ആനയുടെ തുമ്പിക്കൈവീശലില്‍ ചില സസ്യങ്ങളുടെ വിത്തുകള്‍ അകലങ്ങളിലേക്ക് തെറിച്ചുവീഴുന്നത് നോക്കിയിരുന്നിട്ടുണ്ട്. പുതുചെടികള്‍ മുളപൊട്ടുവാനുള്ള പരസ്പര സഹകരണം. ഇതിങ്ങനെയൊക്കെ യുഗങ്ങളോളം തുടര്‍ന്നുവന്ന പ്രക്രിയയാണ്. അതിനിയും ഇങ്ങനെ തുടര്‍ന്നാലേ മലഞ്ചെരിവുകളും താഴെ ശുദ്ധജലവും ശുദ്ധവായുവും നല്ല മണ്ണും നിറഞ്ഞ ജനപദമുണ്ടാവുകയുള്ളൂ.

 

കടപ്പാട്: എന്‍ എ നസീര്‍-മലമുഴക്കി(മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 24), പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി, പശ്ചിമഘട്ടരക്ഷായാത്ര പതിപ്പ്, ജോണ്‍ പെരുവന്താനം, എസ് ബാബുജി (പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി)