Friday
18 Aug 2017

പരിസ്ഥിതിവാദികൾ വേരറുക്കപ്പെടുന്നു

By: Web Desk | Tuesday 25 July 2017 4:45 AM IST

ലക്ഷ്മി ബാല
പ്രകൃതിവിഭവങ്ങളുടെയും സസ്യജന്തു വർഗങ്ങളുടെയും നിലനിൽപ്പിനായും പ്രാദേശിക ഭൂസംരക്ഷണത്തിനായും നിലകൊള്ളുന്നവരുടെ ജീവൻ ആഗോളതലത്തിൽ തന്നെ അപകടത്തിലെന്ന്‌ പഠനം. കഴിഞ്ഞ വർഷം പരിസ്ഥിതിവാദികൾ ദുരിതപൂർണമായ വർഷത്തിലൂടെയാണ്‌ കടന്നു പോയത്‌. ആഴ്ചയിൽ നാല്‌ പേരെന്ന നിലയിലാണ്‌ പരിസ്ഥിതിവാദികൾ കൊല്ലപ്പെട്ടതെന്ന്‌ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ വിറ്റ്നസിന്റെ നിരീക്ഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. 2016ൽ മാത്രം ഇരുനൂറിലധികം പരിസ്ഥിതി വാദികളും ഗോത്രവർഗ നേതാക്കളും വനസംരക്ഷകരും കൊല്ലപ്പെട്ടുവെന്നാണ്‌ പറയപ്പെടുന്നത്‌. കൊലപാതകങ്ങളുടെ കണക്കിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളെ അപേക്ഷിച്ച്‌ ഇരട്ടിയോളം വർദ്ധനവുണ്ടായതായും സൂചിപ്പിക്കുന്നു. ഈ വർഷവും ഇപ്രകാരം കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്‌. ആദ്യ അഞ്ചുമാസങ്ങൾക്കുള്ളിൽ 98 പേരാണ്‌ കൊല്ലപ്പെട്ടത്‌.
മനുഷ്യാവകാശ നിയമങ്ങൾ എല്ലാം ഉപേക്ഷിച്ചു കൊണ്ട്‌ അപായപ്പെടുത്തുന്ന ഒരു സംസ്കാരമാണ്‌ വളർന്നു കൊണ്ടിരിക്കുന്നതെന്ന്‌ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശപാരിസ്ഥിതിക സംരക്ഷണ വിഭാഗം വക്താവായ ജോൺ നോക്സ്‌ പറയുന്നു. ‘സാമ്പത്തിക നേട്ടങ്ങൾക്കായി പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്നത്‌ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്‌. ഇതിനെതിരെ ശബ്ദമുയർത്തുന്നവരെ അകറ്റി നിർത്താനാണ്‌ രാഷ്ട്രീയക്കാരും നീതിപീഠങ്ങളും ശ്രമിക്കുന്നത്‌. ഭരണകൂടങ്ങൾ ആരും തന്നെ നിയമവ്യവസ്ഥിതിയെ മാനിക്കുന്നില്ല. അതുകൊണ്ടു തന്നെ ലോകത്തിൽ എല്ലായിടത്തും പരിസ്ഥിതിവാദികൾ അപകടഭീഷണിയിലാണ്‌. ഖാനനം, കൃഷി, വനവിഭവങ്ങളുടെ ചൂഷണം, അണക്കെട്ടു നിർമ്മാണം തുടങ്ങിയ മേഖലകളെ കയ്യടക്കി വെച്ചിരിക്കുന്ന കുത്തകകൾക്ക്‌ തങ്ങളുടെ വഴിയിൽ വിലങ്ങു തടിയാകുന്നവരെ, പരിസ്ഥിതി വാദികളെ ഇല്ലായ്മ ചെയ്യാം എന്നത്‌ വ്യാപകമായി നടപ്പിലാക്കപ്പെട്ട ഒരാശയമായി മാറിയിരിക്കുന്നു.
നിയമവിരുദ്ധമായ മരംമുറിക്കലിനെതിരെ നിലകൊണ്ട മെക്സിക്കൻ ഗോത്രനേതാവായ ഇസിദ്രോ ബാൽഡിനെഗ്രോ ലോപസ്‌ കഴിഞ്ഞ ജനുവരിയിലാണ്‌ കൊല്ലപ്പെട്ടത്‌. മെയ്‌ മാസത്തിൽ, ബ്രസീലിലെ മാറൻഹാവോയിൽ ഭൂ തർക്കത്തെ തുടർന്ന്‌ തദ്ദേശീയരായ കർഷകർ ക്രൂരമായി ആക്രമിക്കപ്പെട്ടു. കൊളംബിയ, ഹോണ്ടുറാസ്‌, മെക്സിക്കോ തുടങ്ങി വിവിധ രാജ്യങ്ങളിൽ പുതുവർഷാരംഭം മുതൽ പരിസ്ഥിതി വാദികളും, ഭൂസംരക്ഷരും കൊല്ലപ്പെടുന്നത്‌ തുടർന്ന്‌ കൊണ്ടിരിക്കുകയാണ്‌. ഖാനനം, അനധികൃത മരം മുറിക്കൽ, അണക്കെട്ടു നിർമ്മാണം, കാർഷിക മേഖലയിലെ കുത്തകവൽക്കരണം എന്നിവ മൂലം ബാധിക്കപ്പെട്ട വനപ്രദേശങ്ങളിലും, ഗ്രാമങ്ങളിലും പ്രതിഷേധമുയർത്തുന്ന പരിസ്ഥിതിവാദികളാണ്‌ കൊല്ലപ്പെടുന്നവരിൽ ഏറെയും. കുത്തകകൾ വാടകയ്ക്കെടുക്കുന്നവരോ, സർക്കാർ സേനാവിഭാഗങ്ങളോ ആണ്‌ കൊലപാതകം നടത്തുന്നതും. ഇവരിൽ വളരെ ചുരുക്കം പേർ മാത്രമേ തിരിച്ചറിയപ്പെടുകയോ, പിടിക്കപ്പെടുകയോ ചെയ്യുന്നുമുള്ളൂ.
‘പരിസ്ഥിതി നശീകരണത്തിനെതിരെ ശബ്ദമുയർത്തുന്ന സമൂഹങ്ങൾ എല്ലാം കമ്പനികളുടെയോ, അവർക്ക്‌ വേണ്ടി നിയമനിർമ്മാണം നടത്തുന്ന ഭരണകൂടങ്ങളുടെയോ തോക്കിൻ മുനയുടെ കീഴിലാണ്‌. വാണിജ്യ നേട്ടങ്ങൾക്കായി പ്രതിഷേധക്കാരായ ഗ്രാമവാസികളും പരിസ്ഥിതിവാദികളും കൊല്ലപ്പെടുകയോ, കൂട്ടമായി ആക്രമിക്കപ്പെടുകയോ ചെയ്യുന്നു. മറ്റുള്ള ജനങ്ങളെ കമ്പനികൾ ഭീഷണിപ്പെടുത്തിക്കൊണ്ടു തങ്ങളുടെ പദ്ധതി നടത്തിപ്പിനായി കുടിയൊഴിപ്പിക്കുന്നു. ‘പരിസ്ഥിതിവാദികളുടെ കൊലപാതകങ്ങൾക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കുന്ന ഗ്ലോബൽ വിറ്റ്നസ്‌ അംഗമായ ബില്ലി കൈറ്റ്‌ പറഞ്ഞു. ‘ഇവയൊന്നും കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല. പ്രാദേശിക സമൂഹങ്ങളെ ഇല്ലായ്മ ചെയ്ത്‌ പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്ക്‌ കൃത്യമായ പദ്ധതിയുണ്ട്‌. അവരത്‌ വ്യാപകമായി നടപ്പിലാക്കുകയുമാണ്‌.’
‘ആഗോളവൽക്കരണത്തിന്റെ ഫലമായാണ്‌ ഈ പ്രശ്നങ്ങൾ എല്ലാം സൃഷ്ടിക്കപ്പെട്ടത്‌. ക്യാപ്പിറ്റലിസം അതിന്റെ ആക്രമണോത്സുകമായ മുഖമാണിപ്പോൾ കാണിക്കുന്നത്‌. അന്താരാഷ്ട്ര കുത്തകകൾ ദരിദ്രരാഷ്ട്രങ്ങളെ ലക്ഷ്യം വച്ചാണ്‌ പ്രവർത്തിക്കുന്നത്‌. അവർ ഇത്തരം രാജ്യങ്ങളെയും പ്രകൃതിവിഭവങ്ങളെയും വിലയ്ക്കെടുക്കുന്നു. ദരിദ്ര രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ പൊതുവേ അഴിമതിയിൽ മുങ്ങി നിൽക്കുന്നവ ആയതുകൊണ്ട്‌ തന്നെ നിയമവ്യവസ്ഥിതി നോക്കുകുത്തിയായി മാറുന്നു. ഇത്തരം ഇടങ്ങളിൽ കമ്പനികളും ഭരണകൂടങ്ങളും ഒരുമിച്ചു നിന്ന്‌ ജനങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ‘പ്രസ്തുത വിഷയത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി നിരീക്ഷണം നടത്തുന്ന കാസ്‌ ബിസിനസ്‌ സ്കൂളിലെ ബോബി ബാനർജി പറഞ്ഞു.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും കൊളംബിയ, ഫിലിപ്പീൻസ്‌, ഇന്ത്യ, ഹോണ്ടുറാസ്‌, കൊളംബിയ, കംബോഡിയ എന്നിങ്ങനെ അന്താരാഷ്ട്ര കുത്തകകൾ വിലയ്ക്കെടുത്ത ഭരണകൂടങ്ങളും നിരവധിയാണ്‌. ഇവിടങ്ങളിൽ എല്ലാം പ്രകൃതിചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവർ പ്രതികാരനടപടികൾക്കിരയായി കൊല്ലപ്പെടുകയോ, നിയമക്കുരുക്കുകളിൽ പെട്ട്‌ തുറങ്കിലടക്കപ്പെടുകയോ ചെയ്യുന്നു. സംരക്ഷിക്കപ്പെടാൻ ബാധ്യസ്ഥരായ ഭരണകൂടങ്ങൾ തന്നെ വേട്ടക്കാരാകുമ്പോഴും ഭയമില്ലാതെ ജീവൻ ബലി നൽകിക്കൊണ്ടിരിക്കുകയാണ്‌ ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികൾ.

Related News