Thursday
24 Jan 2019

കണികാ പരീക്ഷണ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നേടിയെടുക്കാന്‍ നീക്കം

By: Web Desk | Wednesday 14 February 2018 10:13 PM IST

പി കെ അജേഷ്

തിരുവനന്തപുരം: വീണ്ടും കണികാ പരീക്ഷണ പദ്ധതിക്ക് വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി നേടിയെടുക്കാന്‍ നീക്കം. ദേശീയ പ്രാധാന്യമുള്ള പദ്ധതി എന്ന വിശേഷണത്തോടെ പരിഗണിക്കുമെന്നാണ് വനംപരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞവര്‍ഷം ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ച ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി(ഐഎന്‍ഒ) പദ്ധതിക്കായി പുതിയ അപേക്ഷയുമായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചാണ് വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്.

കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ ഉത്തമപാളയം താലൂക്കിലെ പൊട്ടിപ്പുറത്താണ് ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായ തുരങ്കം ഇടുക്കിയിലെ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന്റെ ഭാഗമായ ചതുരംഗപ്പാറയിലേക്കും നീളും. പദ്ധതിക്കെതിരെ തമിഴ്‌നാട്ടിലും കേരളത്തിലും ഏറെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.
കഴിഞ്ഞയാഴ്ച വനംപരിസ്ഥിതി മന്ത്രാലയം വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതായിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് തീരുമാനമെടുക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ഭൂമിക്കടിയിലെ പരീക്ഷണശാലയെക്കുറിച്ചുള്ള വിവരങ്ങള്‍, പദ്ധതിയെക്കുറിച്ച് നിലവില്‍ കോടതികളിലുള്ള കേസുകള്‍, നേരത്തെ പ്രദേശവാസികളെ ഉള്‍പ്പെടുത്തി നടത്തിയ യോഗത്തിന്‍റെ വിശദവിവരങ്ങള്‍ എന്നിവയാണ് ഉന്നതതല സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട വനമേഖലയില്‍ ന്യൂട്രിനോ പരീക്ഷണശാലയും മറ്റ് അനുബന്ധ സൗകര്യകളും ഒരുക്കാനായി 600 ഏക്കര്‍ ഭൂമിയായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നത്. 960 കോടി ചെലവഴിച്ച് സ്ഥാപിക്കുന്ന പരീക്ഷണശാലയ്ക്കായി മലമുകളില്‍ നിന്ന് 1300 അടി താഴ്ചയില്‍ പാറ തുരന്ന് രണ്ടര കിലോ മീറ്റര്‍ നീളത്തിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്. 132 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയും 30 മീറ്റര്‍ ഉയരവുമുള്ള പ്രത്യേക അറയിലാണ് പരീക്ഷണശാല നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. 2.25 ലക്ഷം ഘനമീറ്റര്‍ പാറ തുരങ്ക നിര്‍മ്മാണത്തിനായി പൊട്ടിച്ചു മാറ്റേണ്ടതുണ്ട്.

നിലയത്തില്‍ 50,000 ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് കണികാ ഗവേഷണത്തിന് ഒരുങ്ങുന്നത്. ഇതിന്റെ യന്ത്രഭാഗങ്ങള്‍ കഴിഞ്ഞമാസം എത്തിയിരുന്നു.
ആണവോര്‍ജ വകുപ്പും ശാസ്ത്രസാങ്കേതിക വകുപ്പുമാണ് പദ്ധതിക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നത്. ഇന്ത്യയിലെ 25 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നായി 100 ശാസ്ത്രജ്ഞര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതിയില്‍ പങ്കാളികളാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 1500 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20 നാണ് ഹരിത ട്രൈബ്യൂണല്‍ പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയത്. കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഐഎന്‍ഒ പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജന്‍സിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതെന്നും ചെന്നൈ ആസ്ഥാനമായ പരിസ്ഥിതി സംഘടന പൂവുലകിന്‍ നന്‍പര്‍കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കിയത്. വീണ്ടും അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ മുഖ്യ ആസൂത്രകരായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്‌സിന് അനുവാദം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് അനുമതിക്കായി അപേക്ഷ നല്‍കിയതിനെതിരെ പരിസ്ഥിതി സംഘടന വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.