Sunday
21 Oct 2018

ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി റദ്ദാക്കി

By: Web Desk | Wednesday 27 September 2017 9:55 PM IST

കൊച്ചി ::

മുന്‍മന്ത്രി ഇ.പി. ജയരാജനടക്കമുള്ളവര്‍ക്കെതിരെയുള്ള ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. ജയരാജന്‍ വ്യവസായമന്ത്രിയായി ചുമതലയേറ്റശേഷം തന്റെ ബന്ധുവായ പി.കെ. സുധീറിന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമനം നല്‍കിയതിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ജയരാജനു പുറമേ പി.കെ. സുധീര്‍, വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരെ പ്രതിചേര്‍ത്താണ് വിജിലന്‍സ് കേസെടുത്തത്. ഇതു റദ്ദാക്കാന്‍ ഇ. പി. ജയരാജന്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നടപടി. ബന്ധു നിയമനക്കേസിന്റെ എഫ്.ഐ.ആറും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കിയതോടെ പോള്‍ ആന്റണി, പി.കെ. സുധീര്‍ എന്നിവര്‍ക്കെതിരായ നടപടികളും ഇല്ലാതായി.
2016 ഒക്ടോബര്‍ ഒന്നിനാണ് പി.കെ. സുധീറിന് നിയമനം നല്‍കിയത്. ഇതു വിവാദമായതോടെ സുധീര്‍ ചുമതലയേല്‍ക്കും മുമ്പ് ഒക്ടോബര്‍ 13 ന് നിയമന ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നിയമനം വിവാദമായതോടെ ജയരാജന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ബന്ധു നിയമനത്തിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കി. തുടര്‍ന്ന് ത്വരിതാന്വേഷണം നടത്തിയശേഷം വിജിലന്‍സ് കേസെടുത്തു. ഈ സാഹചര്യത്തിലാണ് ഇ.പി. ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കുമോയെന്നതാണ് പരിശോധിച്ചത്. നിയമനത്തിന്റെ പേരില്‍ വിലപ്പെട്ട കാര്യസാദ്ധ്യമോ സാമ്പത്തിക നേട്ടമോ ഉണ്ടെങ്കില്‍ മാത്രമേ അഴിമതി നിരോധന നിയമ പ്രകാരം നടപടിയെടുക്കാനാവൂ എന്നു വിലയിരുത്തിയ ഹൈക്കോടതി ഈ കേസില്‍ അഴിമതി നിരോധന നിയമം അനുസരിച്ച് നടപടി സാദ്ധ്യമാണോയെന്ന് വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്ന കാര്യം കൃത്യമായി രേഖപ്പെടുത്തി വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചു. ഇത് കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈ. എസ്. പി കെ.വി. മഹേഷ് ദാസ് കേസ് നിലനില്‍ക്കില്ലെന്ന് വിശദീകരണം നല്‍കി. ഇതു കൂടി കണക്കിലെടുത്താണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഈ കേസില്‍ സ്വജനപക്ഷപാതത്തെ അഴിമതിയായി ചിത്രീകരിക്കാന്‍ കഴിയില്ല. വിജിലന്‍സ് കേസിനാവശ്യമായ വസ്തുതകള്‍ കേസിലില്ലെന്നും സിംഗിള്‍ ബെഞ്ച് വിലയിരുത്തി.

 

Related News