Thursday
24 Jan 2019

എത്ര വേഗത്തില്‍

By: Web Desk | Saturday 12 May 2018 6:24 PM IST

എം. സങ്

എത്ര വേഗത്തില്‍ നമ്മള്‍
വെറുക്കാന്‍ പഠിക്കുന്നു
എത്ര താളത്തില്‍ നമ്മള്‍
പൊയ് വാക്കു പറയുന്നു
എത്രയോ മുന്നേ നമ്മള്‍
നമ്മളെ വെറുക്കിലും
എത്ര സ്‌നേഹത്തോടെ നമ്മള്‍
കണ്ണുകള്‍ തുടയ്ക്കുന്നു.

ഇനി നിന്‍ പിരാക്കിന്റെ
ആഴമാണെന്‍ പ്രാര്‍ത്ഥന
ഇനി നിന്‍ ശപഥത്തിന്‍
കരുത്താണെന്‍ ജീവിതം
ഇനി നീ പകരാത്ത
പ്രണയപ്പെരുക്കത്തിന്‍
തുരുമ്പില്‍ പിടിച്ചു ഞാന്‍
നക്ഷത്രം കണ്ടേ പോകും.

എത്ര വേഗത്തില്‍ നമ്മള്‍
അന്യോന്യം അകലുന്നു
എത്ര വേഗത്തില്‍ നമ്മള്‍
നന്മകള്‍ മറക്കുന്നു
മറവിക്കൊടും കാടിന്‍
ഇരുളും ഹൃദയത്തില്‍
എന്നു നാം വീണ്ടും കാണും
കൊഴിഞ്ഞോരിലകളായ്!