Monday
15 Oct 2018

അത്‌ലറ്റികോ ചാമ്പ്യന്‍മാര്‍

By: Web Desk | Thursday 17 May 2018 11:18 PM IST

ലിയോണ്‍: യുറോപ്പാ ലീഗിലെ കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിന് കിരീടം. ഫ്രഞ്ച് ടീം മാഴ്‌സെല്ലെയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ മഡ്രിഡ് തകര്‍ത്തത്. ഗ്രീസ്മാന്‍ രണ്ടും ഗാബി ഒരുഗോളും നേടി.
കളിയുടെ 21ാം മിനിറ്റില്‍ സൂപ്പര്‍ താരം അന്റോണിയോ ഗ്രിസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡുമായാണ് അത്‌ലറ്റികോ മാഡ്രിഡ് കളം പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അത്‌ലറ്റികോ ലീഡുയര്‍ത്തി. ഗ്രിസ്മാന്‍തന്നെയാണ് അത്‌ലറ്റികോയ്ക്ക് വേണ്ടി വീണ്ടും ഗോള്‍ നേടിയത്. ഗ്രീസ്മാന്‍ ഈ സീസണില്‍ ഇതുവരെ 30 ഗോളുകളാണ് അടിച്ചു കൂട്ടിയത്. പിന്നീട് 89ാം മിനിറ്റില്‍ ഗാബിയിലൂടെ അത്‌ലറ്റികോ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു.
വിജയകിരീടമണിഞ്ഞതോടെ ഒമ്പതു വര്‍ഷത്തിനിടയില്‍ മൂന്നാം തവണ ഈ കിരീടം നേടുന്ന ടീമായിട്ടാണ് അത്‌ലറ്റിക്കോ മാറിയത്. ഇതിന് മുമ്പ് 2010 ലും 2012 ലുമായിരുന്നു അത്‌ലറ്റിക്കോ കിരീടമുയര്‍ത്തിയത്. ഇതോടെ യൂറോപ്പ ലീഗ് കിരീടം ഏറ്റവും കൂടുതല്‍ നേടുന്ന ടീമെന്ന സെവിയ്യയുടെ പദവിക്കൊപ്പമായി അത്‌ലറ്റിക്കോ മാഡ്രിഡും. ഈ കിരീടം ഒന്നിലേറെ തവണ ഉയര്‍ത്തുന്ന മാനേജരായി സിമയോണിയും മാറി.
പരുക്കിന്റെ ഭീതിയുമായി ഇറങ്ങി ഉജ്വല കളി കെട്ടഴിച്ച മാഴ്‌സെലെ നായകന്‍ ദിമിത്രി പായെറ്റ് കണ്ണീരോടെ മടങ്ങി. ഈ സീസണില്‍ യൂറോപ്പിലെ അഞ്ചു ടോപ് ടയര്‍ ലീഗുകളിലെയും കണക്കുകളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് പായെറ്റിന്റെ പേരിലാണ്. ഈ സീസണിലെ മൊത്തം കളികളില്‍ 22 ഫലപ്രദമായ അസിസ്റ്റുകളാണ് പായെറ്റ് നടത്തിയത്.