Friday
19 Oct 2018

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍

By: Web Desk | Monday 22 January 2018 10:28 PM IST

ലുബ്ലിയാന:

യൂറോപ്യന്‍ രാഷ്ട്രമായ സ്ലൊവേനിയ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് റിപ്പോര്‍ട്ട്.

സ്ലൊവേനിയക്ക് പിന്നാലെ മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളായ ലക്‌സംബര്‍ഗ്, അയര്‍ലണ്ട്, ബെല്‍ജിയം, നോര്‍വേ എന്നിവയും സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇത് സംബന്ധിച്ച് സ്ലൊവേനിയന്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതിയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി ജനുവരി 31ന് വോട്ടെടുപ്പ് നടത്താനും പാര്‍ലമെന്റില്‍ ഫെബ്രുവരിയില്‍ വോട്ടെടുപ്പ് നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
രാജ്യത്തെ പ്രധാന മൂന്ന് സഖ്യകക്ഷി പാര്‍ട്ടികള്‍ക്കും പലസ്തീന് സ്വതന്ത്ര പദവി നല്‍കുന്നതിനോട് അനുകൂല തീരുമാനമാണെന്ന് സ്ലൊവേനിയന്‍ പ്രധാനമന്ത്രി മിറോ സിറാര്‍ നേരത്തെ പറഞ്ഞിരുന്നു.

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്നത് സംബന്ധിച്ച് 2014 മുതല്‍ പരിഗണനയിലുള്ള കാര്യമാണെന്ന് ഇസ്രയേലിലെ സ്ലൊവേനിയ അംബാസഡര്‍ ബാര്‍ബര്‍ സുസ്‌നിക് നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിഴക്കന്‍ ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
മുമ്പുതന്നെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും പ്രതീകാത്മകമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍വേണ്ടിയാണ് ഇപ്പോഴത്തെ നടപടി. പലസ്തീനുമായി പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കാര്യമായ നയതന്ത്ര ബന്ധങ്ങളില്ല.