Thursday
13 Dec 2018

ദയാമരണം: അന്തസായി ജീവിക്കാനും മരിക്കാനുമുള്ള അവകാശം

By: Web Desk | Sunday 11 March 2018 10:59 PM IST

സ്വാതന്ത്ര്യത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അതിന്റെ 21-ാം അനുഛേദത്തില്‍ ഉറപ്പുനല്‍കുന്നുണ്ട്. ജീവിക്കാനുള്ള അവകാശം പോലെ തന്നെ അന്തസായി മരിക്കാനും അവകാശമുണ്ടെന്ന് സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് വെള്ളിയാഴ്ചത്തെ അതിന്റെ ചരിത്രവിധിയിലൂടെ ഉപാധികളോടെ ഉറപ്പുവരുത്തിയിരിക്കുന്നു. ദയാമരണത്തിനുള്ള പൗരന്റെ അവകാശം ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധി. ലോകെത്ത പല രാജ്യങ്ങളും ഇതിനകം നിയമസാധുത നല്‍കിക്കഴിഞ്ഞ അവകാശമാണ് പരമോന്നത കോടതി ഈ വിധിയിലൂടെ അംഗീകരിച്ചിരിക്കുന്നത്. ഭാവിയില്‍ സ്വന്തം താല്‍പര്യം അറിയിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് ആശങ്കയുള്ള രോഗികള്‍ക്ക് മുന്‍കൂട്ടി മരണസമ്മത പത്രം തയാറാക്കി ബന്ധുക്കള്‍ക്കോ ആശുപത്രികള്‍ക്കോ അധികൃതര്‍ക്കോ കൈമാറാം. അത്തരം സാഹചര്യങ്ങളില്‍ ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടര്‍) നിയോഗിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനകള്‍ക്ക് ശേഷം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ ദയാമരണം അനുവദിക്കാവുന്നതാണ്. മരണസമ്മതപത്രം മുന്‍കൂട്ടി തയാറാക്കുന്ന കേസുകളില്‍ ആശുപത്രി രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡും ജില്ലാ മജിസ്‌ട്രേറ്റ് നിയോഗിക്കുന്ന മെഡിക്കല്‍ ബോര്‍ഡും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്ന പക്ഷം രോഗിയുമായി ബന്ധപ്പെട്ടവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം. അത്തരം കേസുകളില്‍ ഹൈക്കോടതി നിയോഗിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനമനുസരിച്ചായിരിക്കും അന്തിമതീരുമാനം. രോഗിയുടെ നിസഹായവസ്ഥയും ദുരിതപൂര്‍ണമായ ജീവിതത്തിനു വിരാമമിടണമെന്ന അന്ത്യാഭിലാഷത്തിനും രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വൈദ്യശാസ്ത്രത്തിന് ആവില്ലെന്ന വസ്തുതയും പരിഗണിച്ചാണ് സുപ്രിം കോടതി ദയാമരണത്തിന് നിയമസാധുത നല്‍കുന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുളളത്. മരണസമ്മതപത്രം നല്‍കാത്ത രോഗികളുടെ കാര്യത്തില്‍ വൈദ്യശാസ്ത്ര ഇടപെടലിലൂടെ സക്രിയ ദയാവധത്തിന് ഭരണഘടനാ ബെഞ്ച് നിയമസാധുത നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
നിഷ്‌ക്രിയ ദയാമരണത്തിന് വ്യക്തമായ വ്യവസ്ഥകളോടെ നിയമസാധുത നല്‍കിയ സുപ്രിം കോടതി വിധിയെ ഗണ്യമായ ഒരു വിഭാഗം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്നത് അനിഷേധ്യമായ വസ്തുതയാണ്. അവരില്‍ ഏറെയും മനുഷ്യജീവിതത്തെപ്പറ്റിയും മരണാനന്തര ജീവിതത്തെപ്പറ്റിയുമുള്ള തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് അനുസൃതമായാണ് എതിര്‍പ്പ് വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ എല്ലാവരും അംഗീകരിക്കുന്ന, ആര്‍ക്കും നിഷേധിക്കാനാവാത്ത, വസ്തുതയാണ് മനുഷ്യന്‍ ജനിക്കുന്നത് മുതല്‍ ജീവിതാന്ത്യം വരെ മരണത്തോടാണ് നടന്നടുക്കുന്നുവെന്നത്. മരണം മനുഷ്യനെ നിഴല്‍പോലെ ജീവിതാന്ത്യം വരെ പിന്‍തുടരുന്നു. മരണത്തെ അതിജീവിച്ച ഒരാളെപ്പോലും മതപരമായ സങ്കല്‍പങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം ചരിത്രത്തിലോ ഐതിഹ്യങ്ങളിലോ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോപോലും കാണാനാവില്ല. ജീവിതവും മരണവും തന്നെയാണ് ആത്യന്തിക യാഥാര്‍ഥ്യം എന്നിരിക്കെ സ്വതന്ത്രമായി അന്തസോടെ ജീവിക്കാനും മരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടുകൂട. മനുഷ്യന്റെ മഹത്തായ ആ അവകാശമാണ് പരമോന്നത കോടതി ഈ വിധിയിലൂടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ഈ വിധി ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആശങ്കപ്പെടുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. അവരുടെ ആശങ്കകള്‍ പങ്കുവയ്ക്കുമ്പോള്‍ തന്നെ നാളിതുവരെയുള്ള മനുഷ്യനിര്‍മിത നിയമങ്ങള്‍ക്കെല്ലാം തന്നെ സമാനമായ പഴുതുകളും പാളിച്ചകളും കണ്ടെത്താനാവുമെന്ന സാമാന്യവല്‍ക്കരണത്തില്‍ ആശ്വാസം കണ്ടെത്താനെ നമുക്കാവൂ. ഉന്നതമായ മാനവിക മൂല്യങ്ങളുടെ സാര്‍വത്രികതയ്ക്കുവേണ്ടിയുള്ള മനുഷ്യരാശിയുടെ പരിശ്രമങ്ങളുടെയും പോരാട്ടങ്ങളുടേയും നൈര്യന്തര്യത്തിലൂടെയേ അവയെ അതിജീവിക്കാനാവൂ.
അന്തസായി ജീവിക്കുകയെന്നതുപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അന്തസായി മരിക്കാനുള്ള മനുഷ്യന്റെ അവകാശവും അഭിലാഷവും. സാധാരണ ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങിവരാനാവില്ലെന്ന അവസ്ഥയില്‍ നിഷ്ഫലമായ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ മാത്രം സഹായത്തോടെ നിരര്‍ഥകമായി ജീവന്‍ നിലനിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് അതില്‍നിന്നുള്ള മോചനത്തിന്റെ മാര്‍ഗമാണ് സുപ്രിം കോടതി തുറന്നു നല്‍കിയിരിക്കുന്നത്. വൈദ്യശാസ്ത്രരംഗത്ത് നാം കൈവരിച്ച വന്‍പുരോഗതിയിലൂടെ യാന്ത്രികമായി നിലനിര്‍ത്തുന്ന ആയുര്‍ദൈര്‍ഘ്യമെന്ന പ്രതിഭാസത്തെ മറികടക്കാന്‍ ആധുനിക നീതിന്യായ വ്യവസ്ഥയിലൂടെ പ്രതിവിധികണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമമായി ഈ കോടതിവിധി വിലയിരുത്തപ്പെടും. സ്വാര്‍ഥതയും ദുഷ്ടതയും കൈമുതലാക്കിയ മനുഷ്യര്‍ ഈ വിധിയെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മാര്‍ഗം മാനവികതയുടെയും നിയമവ്യവസ്ഥയുടെയും ജാഗ്രത മാത്രമാണ്.