Monday
25 Jun 2018

ശ്രീശാന്ത് കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് ബിസിസിഐ

By: Web Desk | Monday 5 February 2018 10:59 PM IST

ന്യൂഡല്‍ഹി:

മുന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഏഴ് ലക്ഷം രൂപ കോഴ വാങ്ങിയെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ബിസിസിഐ സുപ്രിംകോടതിയെ അറിയിച്ചു. ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിനെതിരേ ബിസിസിഐ നിലപാടാവര്‍ത്തിച്ചത്. ക്രിക്കറ്റില്‍ നിന്നും വിലക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് ശ്രീശാന്ത് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് ബിസിസിഐ അഭിപ്രായം അറിയിച്ചത്.

ഏഴ് ലക്ഷം രൂപ ശ്രീശാന്ത് കോഴയായി വാങ്ങി. ഇതില്‍ മൂന്ന് ലക്ഷം രൂപ ശ്രീശാന്തും നാല് ലക്ഷം രൂപ സുഹൃത്ത് ജിജു ജനാര്‍ദ്ദനനും വേണ്ടിയായിരുന്നു. കോഴ വാങ്ങി ഒത്തുകളിച്ചതിന് ഫോണ്‍ സംഭാഷണം ഉള്‍പ്പടെയുള്ള വ്യക്തമായ തെളിവ് ലഭിച്ചിരുന്നുവെന്നും ബിസിസിഐ കോടതിയെ അറിയിച്ചു. ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേരള ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐ ഭരണ ചുമതല വഹിക്കുന്ന വിനോദ് റായിക്കും നോട്ടീസ് അയച്ചു.

നേരത്തെ ഡല്‍ഹി പൊലീസ് മക്കോക്ക നിയമം ഉള്‍പ്പടെ ചുമത്തി ശ്രീശാന്തിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് ഡല്‍ഹിയിലെ കോടതി റദ്ദാക്കിയിരുന്നു. പിന്നാലെ ബിസിസിഐയുടെ ക്രിക്കറ്റ് വിലക്ക് ചോദ്യം ചെയ്ത് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ശ്രീശാന്തിന് അനുകൂലമായി വിധിച്ചെങ്കിലും ബിസിസിഐ ഡിവിഷന്‍ ബെഞ്ചിന് സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രിംകോടതിയെ സമീപിച്ചത്.