Monday
22 Oct 2018

ഉത്സവക്കാലം, പരീക്ഷക്കാലം

By: Web Desk | Wednesday 13 December 2017 11:26 PM IST

എന്‍ ശ്രീകുമാര്‍

മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പരീക്ഷയെത്തുന്നു. ഈ വിദ്യാഭ്യാസ വര്‍ഷത്തെ രണ്ടാം ടേം പരീക്ഷകള്‍ ഡിസംബര്‍ 13 ന് ആരംഭിക്കുകയാണല്ലോ. കഴിഞ്ഞ പരീക്ഷയുടെ അനുഭവം കൂടി ഉള്‍ക്കൊണ്ടു വേണം ഈ പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടത്. പ്രതീക്ഷിച്ച സ്‌കോറുകള്‍ നേടാനായോ, ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് ചിന്തിച്ചു നോക്കിയിരുന്നോ?. എനിക്ക് നേടാന്‍ കഴിഞ്ഞതെന്ത് എന്നും; കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എത്രമാത്രം കൂടി നേടാമായിരുന്നുവെന്നും വിശകലനം ചെയ്തു നോക്കണം. എന്റെ പരിമിതികള്‍ എന്തായിരുന്നുവെന്നും തിരിച്ചറിയണം. പരിമിതികളെ അതിജീവിക്കാന്‍ സ്വയം പ്രവര്‍ത്തന പദ്ധതി ആവിഷ്‌ക്കരിക്കണം. അപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട വിജയത്തിലേക്കെത്തിച്ചേരാനാകും.
അപഗ്രഥന ശേഷി നേടണം
ദേശീയ തലത്തില്‍ നടന്ന ചില പഠനങ്ങള്‍ കേരളത്തിലെ കുട്ടികളുടെ അപഗ്രഥന ശേഷി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കാര്യങ്ങളെ കാര്യ കാരണ സഹിതം ചിന്തിക്കുന്നതാണ് അപഗ്രഥനം. ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുമ്പോള്‍ മാത്രമല്ല, എല്ലാ വിഷയങ്ങളും ഈ രൂപത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. കവിത പഠിപ്പിക്കുന്ന ടീച്ചര്‍, ഇഷ്ടപ്പെട്ട വരികള്‍ കണ്ടെത്താനും അത് ഇഷ്ടപ്പെടാനുള്ള കാരണം എന്താണ് എന്ന് ചോദിക്കുന്നതും ഈ വിധം ചിന്താശേഷി വളര്‍ത്താനാണ്. പാഠപുസ്തകത്തിലെ വിജ്ഞാനത്തെ ഈ രൂപത്തില്‍ തിരിച്ചറിയാന്‍ ശ്രമിക്കുമ്പോഴാണ് പഠനം യാഥാര്‍ത്ഥ്യമാകുന്നത്. അപഗ്രഥനാത്മക നിലവാരത്തിലുള്ള ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും. പാഠപുസ്തകത്തിലെ ചില വസ്തുതകള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചാല്‍ മാത്രം മതിയാകില്ല. ചിന്തിച്ച് ഉത്തരം കണ്ടെത്താനും പ്രത്യേകം ശീലിക്കണം.
പാഠപുസ്തകത്തില്‍ നിന്നു മാത്രമല്ലല്ലോ നാം പഠിക്കുന്നത്. ചുറ്റുപാടുകളില്‍ നിന്നൊക്കെ ധാരാളം പഠിക്കുന്നുണ്ട്. കണ്ടും കേട്ടും വായിച്ചും അനുഭവിച്ചും പഠിക്കും. എല്ലാ അനുഭവങ്ങളെയും വിശകലനം ചെയ്ത് കാര്യ കാരണ സഹിതം ഉള്‍ക്കൊള്ളാനുള്ള കഴിവാര്‍ജിക്കണം. അപ്പോഴേ നല്ല വിദ്യാര്‍ത്ഥിയാകൂ.
എഴുതി ശീലിക്കണം
പരീക്ഷകളുടെ ഒരു പ്രധാന പരിമിതി നിശ്ചിത സമയത്തിനകം എഴുതി പൂര്‍ത്തീകരി ക്കണമെന്നുള്ളതാണല്ലോ. നമുക്ക് ചോദ്യങ്ങള്‍ വായിക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനും ചിന്തിച്ചവ ചിട്ടയോടെ എഴുതാനും പരിമിത സമയമേയുള്ളൂ. ഒരു പക്ഷേ, ഇത്ര ചുരുങ്ങിയ സമയം കൊണ്ട് നന്നായി ചിന്തിച്ചെഴുതുന്നുണ്ടോ എന്ന ശേഷിയും കൂടി പരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വായന, ചിന്ത, എഴുതി അവതരിപ്പിക്കല്‍ ഈ മൂന്നു ശേഷികളും വേഗത്തിലായാലേ പരീക്ഷയ്ക്ക് മികച്ച വിജയം നേടാനാകൂ. വേഗത്തില്‍ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പലര്‍ക്കും വേഗത്തില്‍ എഴുതാന്‍ കഴിയുന്നില്ലെന്ന പ്രശ്‌നം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട്, മാതൃകാ ചോദ്യങ്ങളെ
മുന്‍നിര്‍ത്തി നിശ്ചിത സമയത്തിനകം പരീക്ഷ എഴുതി പൂര്‍ത്തീകരിക്കുന്നതിന് എഴുതി ശീലിക്കുന്നത് നല്ലതാണ്. എഴുത്തിന്റെ വേഗത വര്‍ധിക്കുന്നതിനും ഇത് സഹായകരമാകും.
മനസ്സും ശരീരവും സജ്ജമാക്കാം
പരീക്ഷ നീണ്ടുനില്‍ക്കുന്ന ഒരാഴ്ചക്കാലത്തേക്ക് മനസ്സും ശരീരവും സജ്ജമായിരിക്കണം. ജലദോഷമോ പനിയോ പോലെയുള്ള അസുഖങ്ങള്‍ പിടിപെടാതെ സൂക്ഷിക്കണം. നന്നായി ഭക്ഷണം കഴിക്കാനും ഉറങ്ങാനും ശ്രദ്ധിക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ചിന്തകള്‍ ഉണ്ടാകൂ. അതിനാല്‍ ശരീരത്തെ പരീക്ഷയ്ക്കായി തയ്യാറാക്കി നിര്‍ത്തുന്നത് ഒരു പ്രധാന കാര്യം തന്നെയാണ്.
മേളകളുടെ ആദരം
കഴിഞ്ഞ പരീക്ഷയ്ക്കും ഈ പരീക്ഷയ്ക്കും ഇടയ്ക്കുള്ള സാധ്യായ ദിനങ്ങളധി കവും മേളകളുടെ ആരവം നിറഞ്ഞതായിരുന്നല്ലോ. സ്‌കൂള്‍തലം മുതലുള്ള വിവിധ മേളകളുടെ സബ്ജില്ല, ജില്ല, സംസ്ഥാനതലം വരെ ഏറെക്കുറെ പൂര്‍ത്തീകരിച്ചു. കലാമേളയുടെ സംസ്ഥാനതലം വരെ മാത്രമേ ഇനി നടക്കാനായി അവശേഷിക്കുന്നുള്ളൂ. മേളകളുടെ വര്‍ണ്ണപ്പകിട്ടിനിടയിലാണ് ക്രിസ്തുമസ് പരീക്ഷ കടന്നു വരുന്നത്. കലാകായിക പ്രവൃത്തി പരിചയ പഠനവും പരീക്ഷയും നടക്കുന്നുണ്ടല്ലോ. ഇതര വിഷയങ്ങളുടെ പഠനത്തിനും പരീക്ഷയ്ക്കും മേളകളുടെ ആരവം സൃഷ്ടിച്ച ഉത്സാഹം പ്രയോജന പ്പെടുത്തണം. മേളകളുടെ ഉത്സവലഹരി പകര്‍ന്ന ഉത്സാഹം പരീക്ഷയ്ക്കായുള്ള പഠനത്തിന് വേണ്ടി ഇനി മാറ്റി വെക്കാം. പരീക്ഷയേയും ഒരു ഉത്സവമാക്കി ആഘോഷി ക്കാന്‍ തീരുമാനിക്കണം. നമ്മുടെ കഴിവുകള്‍ അവതരിപ്പിക്കുന്നതിനുള്ള അസുലഭ അവസരമാണല്ലോ പരീക്ഷകള്‍!