Tuesday
22 Jan 2019

ഭിന്നശേഷിക്കാരുടെ പരീക്ഷാനുകൂല്യം; അടുത്തവര്‍ഷം പഴുതടച്ചുള്ള ക്രമീകരണം: മന്ത്രി രവീന്ദ്രനാഥ്

By: Web Desk | Saturday 10 March 2018 9:23 PM IST

മലപ്പുറം: ഭിന്നശേഷിക്കാരുടെ പരീക്ഷാനുകൂല്ല്യം ദുരപയോഗം ചെയ്യുന്നതായുള്ള പത്രവാര്‍ത്ത വളരെ ഗൗരവമേറിയതാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ സി രവീന്ദ്രനാഥ് പറഞ്ഞു. ഭിന്നശേഷിക്കാരുടെ ആനുകൂല്ല്യം തട്ടിയെടുക്കുന്നതായുള്ള ജനയുഗം വാര്‍ത്താപരമ്പരയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ബോര്‍ഡിനെ പുര്‍ണ്ണമായും വിശ്വാസത്തിലെടുത്താണ് കുട്ടികള്‍ക്ക് പരീക്ഷാനുകൂല്ല്യം നല്‍കുന്നത്. ഡോക്ടര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഗവണ്‍മെന്റ് പരീക്ഷാഹാളില്‍ സൗകര്യം ഒരുക്കുക. വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇതിന്റെ ഓരോ ഘട്ടവും നടക്കുന്നത്. ജനയുഗം പറയുന്നതുപോലെ കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ മൂന്നുപേര്‍ കുറ്റവാളികളാണ്. അധ്യാപകരും രക്ഷാകര്‍ത്താക്കളും ഡോക്ടര്‍മാരുമാണ് ഇതിനുത്തരവാദികള്‍-മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരല്ലാത്ത വിദ്യാര്‍ത്ഥികളെ എം ആര്‍, എല്‍ ഡി വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി പരീക്ഷക്കിരുത്തുന്നതായുള്ള വിവരം സര്‍ക്കാറിന്റെ അറിവിലില്ല. പുറത്തു വന്ന വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കും. ഭിന്നശേഷിക്കാരായ കുട്ടികളെ വളരെ നേരത്തെ തന്നെ കണ്ടെത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പില്‍ എല്ലാം സുതാര്യമാക്കാനാണ് ശ്രമിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ പഴുതടക്കും. അര്‍ഹരായ കുട്ടികള്‍ക്ക് മാത്രമേ ഭിന്നശേഷിക്കാരുടെ പരീക്ഷാനുകൂല്ല്യം കുട്ടുന്നുള്ളൂ എന്ന് ഉറപ്പാക്കും-മന്ത്രി വ്യക്തമാക്കി.

Related News