Saturday
23 Jun 2018

പരീക്ഷയ്‌ക്കൊരുങ്ങാം

By: Web Desk | Monday 28 August 2017 1:40 AM IST

എന്‍ ശ്രീകുമാര്‍

പരീക്ഷാ പരിഷ്‌കരണം
ഈ വര്‍ഷം മുതല്‍ പരീക്ഷയില്‍ ചില പരിഷ്‌ക്കരണങ്ങളുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സൂചിപ്പിച്ചിരുന്നല്ലോ. കുട്ടികള്‍ക്ക് തീര്‍ത്തും സ്വീകാര്യമായ പരിഷ്‌ക്കാരങ്ങളാവും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കാം. പരിഷ്‌ക്കാരങ്ങളുടെ പൊതുസ്വഭാവം താഴെപ്പറയും പ്രകാരമായിരിക്കാനാണിട.
അറിവിന്റെ പരിശോധന
കുട്ടികള്‍ക്ക് എന്ത് അറിയാം എന്ന് അന്വേഷിക്കുംവിധമുള്ള പരീക്ഷാ ചോദ്യങ്ങളായിരിക്കും ചോദിക്കുക. കുട്ടികള്‍ക്ക് അറിയാത്തവ എന്തെല്ലാം എന്നന്വേഷിക്കുന്ന പരീക്ഷാ ചോദ്യങ്ങളായിരിക്കില്ലെന്നു സാരം. സ്‌കൂളില്‍ അധ്യാപകര്‍ പഠിപ്പിക്കുകയും അവരുടെ നിര്‍ദ്ദേശാനുസരണം പഠിക്കുകയും ചെയ്ത കുട്ടികള്‍ക്ക് ഇത് ആശ്വാസകരമാകും. പാഠഭാഗങ്ങളില്‍ നിന്ന് ആര്‍ജിക്കേണ്ട പഠനനേട്ടങ്ങളെല്ലാം ഉള്‍ക്കൊണ്ടിട്ടുള്ള കുട്ടികള്‍ക്ക് ഈ പരീക്ഷ, അവരുടെ നേടിയ ശേഷികള്‍ പ്രകടിപ്പിക്കാനുള്ള നല്ല അവസരമാക്കി മാറ്റാം.
അധിക ചോദ്യങ്ങള്‍
ഓരോ പരീക്ഷയിലും ഇരുപത്തിയഞ്ച് ശതമാനത്തോളം അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കാനാണ് ആലോചിച്ചിട്ടുള്ളത്. പാഠഭാഗത്തിലെ ഏതെങ്കിലും മേഖലകള്‍ വേണ്ടത്ര പുനര്‍വായനയ്ക്ക് വിധേയമാക്കാനോ ഓര്‍ത്തെടുക്കാനോ കഴിയാതെപോയാലും വിഷമിക്കേണ്ടിവരില്ല. പാഠപുസ്തകത്തിലെ ഏറെ വിഷമകരം എന്നു തോന്നി പഠിക്കാനാവാതെ പോയ ഭാഗങ്ങളില്‍ നിന്ന് ചോദ്യം ഉണ്ടായാലും സ്‌കോറിലോ ഗ്രേഡിലോ വലിയ കുറവുവരാതെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് ഈ അധിക ചോദ്യങ്ങള്‍ സഹായകമായി തീരും.
ചോദ്യകര്‍ത്താക്കള്‍ അധ്യാപകര്‍തന്നെ
ചോദ്യകര്‍ത്താവിന്റെ പ്രാഗത്ഭ്യം തെളിയിക്കാനുള്ള ചോദ്യങ്ങളല്ല ഇനി മുതലുണ്ടാകേണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചുകഴിഞ്ഞു. ചോദ്യ നിര്‍മ്മാതാക്കള്‍ അതത് ക്ലാസുകളില്‍ അതത് വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയായിരിക്കും. അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ സംസ്ഥാനതലത്തില്‍ ചോദ്യബാങ്കാക്കി മാറ്റാനും അതില്‍ നിന്ന് പരീക്ഷാ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനുമാണ് പദ്ധതി. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അവരുടെ നിലവാരവും അഭിരുചിയും തിരിച്ചറിഞ്ഞ് ചോദ്യങ്ങള്‍ രൂപീകരിക്കാന്‍ സാധിക്കും. സംസ്ഥാനതലത്തില്‍ തന്നെ ഇതിനായി അധ്യാപകര്‍ക്ക് പരിശീലനവും നല്‍കിക്കഴിഞ്ഞു.
കുട്ടികള്‍ക്കും ചോദ്യം നിര്‍മ്മിക്കാം
അധ്യാപകര്‍ക്കു മാത്രമല്ല, ചോദ്യനിര്‍മ്മാണത്തിനുള്ള അവസരം കുട്ടികള്‍ക്കും ഭാവിയില്‍ ലഭ്യമാകും. പഠിച്ച പാഠഭാഗത്തെ മുന്‍നിര്‍ത്തി പ്രസക്തമായ ചോദ്യങ്ങള്‍ നിര്‍മ്മിക്കുന്ന കുട്ടികള്‍ക്ക് ആ ചോദ്യങ്ങള്‍ സംസ്ഥാനതലത്തില്‍ തയ്യാറാക്കുന്ന ചോദ്യബാങ്കിലേയ്ക്ക് അയച്ചുകൊടുക്കാം. ഐ ടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ‘സമഗ്ര’ എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പോര്‍ട്ടലിലേയ്ക്ക് കുട്ടികള്‍ അയയ്ക്കുന്ന നല്ല ചോദ്യങ്ങളും സ്വീകരിക്കും. ഒരുപക്ഷേ, ഭാവിയില്‍ ചോദ്യബാങ്കില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ചോദ്യങ്ങളില്‍ കുട്ടികള്‍ തയ്യാറാക്കിയ ചോദ്യങ്ങളും സ്ഥാനം പിടിച്ചേയ്ക്കാം.
കാണാപ്പാഠം പഠിക്കലാകരുത്
പാഠഭാഗത്തെ ഒട്ടേറെ കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചുനിര്‍ത്തേണ്ടതായി വരുമെങ്കിലും കാണാപ്പാഠം പഠനമായി അത് ചുരുങ്ങിപ്പോകരുത്. കുട്ടികളുടെ ചിന്താശേഷികള്‍ അളക്കാനുതകുന്ന വിധം ചോദ്യങ്ങള്‍ ഉണ്ടാകും. കാരണങ്ങള്‍ അന്വേഷിക്കാനും അതില്‍ നിന്ന് ചില നിഗമനങ്ങള്‍ രൂപീകരിക്കാനും തീരുമാനം കൈക്കൊള്ളാനും സാധിക്കുന്നുണ്ടോ എന്ന വിധമുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാനും കഴിയണം. സ്വാഭാവികമായും ക്ലാസ് മുറിയിലെ പഠനപ്രവര്‍ത്തനങ്ങള്‍ ഈ രൂപത്തിലായിരിക്കും നടന്നിട്ടുണ്ടാവുക. അതുകൊണ്ട് പഠിച്ചരീതിയില്‍ പരീക്ഷയെഴുതാന്‍ ശ്രദ്ധിക്കണം.
പരീക്ഷയിലൂടെ സ്വയം വിലയിരുത്തുക
ഞാന്‍ പഠിച്ചത് എത്രമാത്രം ഫലപ്രദമായിട്ടാണ് എന്ന് സ്വയം വിലയിരുത്താന്‍ ഓരോ പരീക്ഷയും പ്രയോജനപ്പെടുത്തണം. ഞാന്‍ പഠിച്ച കാര്യങ്ങള്‍, പഠിച്ച രീതി എന്നിവയെ വിലയിരുത്തി, വേണമെങ്കില്‍ തുടര്‍പഠനത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ സ്വയം ശ്രമിക്കണം. പരീക്ഷ എഴുതുമ്പോള്‍ തനിക്കുണ്ടായ നേട്ടങ്ങളും വിഷമങ്ങളും കണ്ടെത്താന്‍ കഴിയണം. നേരിട്ട വിഷമതകളെ ഭാവിയില്‍ അതിജീവിക്കാന്‍ സ്വയം സന്നദ്ധമാവണം. അല്ലെങ്കില്‍ അധ്യാപകരോട് തുറന്നുപറഞ്ഞ് പരിഹാരം കാണണം. പരീക്ഷയില്‍ നിന്ന് ഒട്ടേറെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകും. ഒരു പരീക്ഷ, നമുക്കു മുന്നില്‍ ഒട്ടേറെ തിരിച്ചറിവുകള്‍ നല്‍കുന്നതാണ്. അതുള്‍ക്കൊള്ളാനും പരിമിതികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ മുന്നേറാനും കഴിയണം. പരീക്ഷ, നാം എവിടെ നില്‍ക്കുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതുകൂടിയാണ്. പരീക്ഷകള്‍ വളരെ പ്രസക്തമായ ബോധ്യപ്പെടുത്തലുകളാണ് നമുക്ക് പകര്‍ന്നു തരുന്നത്.