Thursday
24 May 2018

അസൗകര്യങ്ങളുടെ മാനന്തവാടി എക്സൈസ് റേഞ്ച് ഓഫിസ്

By: Web Desk | Thursday 14 September 2017 1:18 PM IST

മാനന്തവാടി: അടിസ്ഥാന സൗകര്യമില്ലാതെ മാനന്തവാടി എക്സൈസ് ഓഫിസ്. വെള്ളമുണ്ട പഞ്ചായത്തിലെ പിച്ചാങ്കോട്ടുള്ള വാടക കെട്ടിടത്തിലാണ് ഓഫിസ്. ജീവനക്കാർക്ക് വിശ്രമിക്കാനും കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ   സുക്ഷിക്കുന്നതിനും സൗകര്യങ്ങൾ ഇല്ല. 2011 മുതലാണ് പിച്ചാങ്കോട് രണ്ട് ക്വാർട്ടേഴ്സ് മുറികളിലായി ഓഫിസ് പ്രവർത്തനം തുടങ്ങിയത്.

ഓഫിസിന് ചുറ്റുമായി 38 വാഹനങ്ങൾ സുക്ഷിച്ചിട്ടുണ്ട്. സമിപത്തെ വിടുകളിലേക്കുള്ള വഴികളിൽ പോലും കേസിൽപ്പെട്ട വാഹനങ്ങൾ നിർത്തിയിട്ടിരിക്കയാണ്. വെള്ളമുണ്ട, തലപ്പുഴ തിരുനെല്ലി, പനമരം, മാനന്തവാടി എന്നി സ്റ്റേഷൻ  പരിധിയിലുള്ള ഏക എക്സൈസ് റേഞ്ച് ഓഫിസിണിത്.വനിതകൾ ഉൾപ്പെടെ 20 ജിവനക്കാരാണുള്ളത്. ജിവനക്കാർക്കും പിടികൂടുന്ന പ്രതികൾക്കുമെല്ലാമായി ഒരു ടോയ്ലറ്റും ബാത്ത് റൂമും മാത്രമാണ് കെട്ടിടത്തിലുള്ളത്.

ഫയലുകൾ സൂക്ഷിക്കാനും വിശ്രമിക്കാനും ചെറിയ മുറിയും മാത്രം. നാല് വർഷം മുമ്പ് വനിത ഗാർഡുമാരെ  എക്സൈസ് സർവിസിലെടുത്തെങ്കിലും ഇവർക്കായി പ്രത്യേക സൗകര്യങ്ങളുമില്ല. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലങ്കിലും കഴിഞ്ഞ ഒരു മാസം 35 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. ഓഫിസ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്നാണ് ആവശ്യം.