Wednesday
19 Dec 2018

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്; ബിജെപി പരുങ്ങലില്‍

By: Web Desk | Friday 7 December 2018 6:21 PM IST

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. തെലങ്കാനയില്‍ ടിആര്‍എസിന് തിരിച്ചടി നല്‍കി സിപിഐ ഉള്‍പ്പെടുന്ന മഹാസഖ്യം അധികാരത്തിലെത്തുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. അതേസമയം മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

രാജസ്ഥാനില്‍ പുറത്തുവന്ന പത്ത് എക്‌സിറ്റ് പോളുകളില്‍ ഒമ്പതെണ്ണവും കോണ്‍ഗ്രസിന് ഭരണനേട്ടം പ്രവചിക്കുന്നു. കോണ്‍ഗ്രസ് 105 സീറ്റും ബിജെപി 85 സീറ്റും നേടുമെന്ന് ടൈംസ് നൗ-സിഎന്‍എക്‌സ് സര്‍വേ പറയുന്നു. ഇന്ത്യ ടുഡേ കോണ്‍ഗ്രസിന് 119 മുതല്‍ 141 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. ബിജെപിക്ക് 55 മുതല്‍ 72 സീറ്റുകള്‍ വരെ നേടാനാകും. റിപ്പബ്ലിക് ടിവി-ജന്‍കി ബാത് സര്‍വേ മാത്രമാണ് രാജസ്ഥാനില്‍ ബിജെപി ഭരണം നിലനില്‍ക്കുമെന്ന് പ്രവചിക്കുന്നത്.
മധ്യപ്രദേശില്‍ പുറത്തുവന്ന ഒമ്പത് സര്‍വേകളില്‍ അഞ്ചെണ്ണം കോണ്‍ഗ്രസിന് അനുകൂലമാണ്. ഇന്ത്യ ടുഡേ-ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസ് 104 മുതല്‍ 122 സീറ്റുകള്‍ നേടും. ബിജെപിക്ക് 102 നും 120നും ഇടയില്‍ സീറ്റുകള്‍ ലഭിക്കുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു. കേവല ഭൂരിപക്ഷത്തിനായി 116 സീറ്റ് വേണം. സീ വോട്ടര്‍, എബിപി-ലോക്‌നീതി സര്‍വേകള്‍ കോണ്‍ഗ്രസിന് 126 സീറ്റുവരെ പ്രവചിക്കുന്നു. 112 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് ന്യൂസ് നേതാ പ്രവചനം. ബിജെപി 106 സീറ്റുകളിലും മറ്റുളളവര്‍ 12 സീറ്റുകളിലും വിജയിക്കും. ടൈംസ് നൗ-സിഎന്‍എക്‌സ് സര്‍വേ ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. ബിജെപിക്ക് 126 സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 89 സീറ്റുകള്‍ മാത്രമാണ് ടൈംസ് നൗ പ്രവചിക്കുന്നത്.
തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് അടിതെറ്റുമെന്ന് സീ വോട്ടര്‍ സര്‍വേയാണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, ടിഡിപി, സിപിഐ, ടിജെഎസ് എന്നിവര്‍ ഉള്‍പ്പെടുന്ന സഖ്യം 117 ല്‍ 64 സീറ്റ് നേടുമെന്നാണ് പ്രവചനം. ടിആര്‍എസ് 42 സീറ്റില്‍ ഒതുങ്ങും. മറ്റുള്ളവര്‍ 13 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

ടൈംസ് നൗ, ഇന്ത്യ ടുഡേ, ന്യൂസ് എക്‌സ് സര്‍വേകള്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചിക്കുന്നത്.

ഛത്തീസ്ഗഡില്‍ ഒമ്പതില്‍ നാല് സര്‍വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നു. കോണ്‍ഗ്രസ് 40-44 സീറ്റ് നേടുമെന്നാണ് ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ ഫലം. ബിജെപിക്ക് 38-42 സീറ്റ് നേടാനാകും. ബിഎസ്പി-അജിത് ജോഗി-സിപിഐ സഖ്യത്തിന് 4-8 സീറ്റ് വരെ കിട്ടിയേക്കാം. കോണ്‍ഗ്രസിന് 42 മുതല്‍ 50 സീറ്റ് വരെ ലഭിക്കുമെന്നാണ് സി വോട്ടര്‍ പറയുന്നത്. ബിജെപിക്ക് 35-42 സീറ്റ് ലഭിക്കുമെന്നും പറയുന്നു.

അതേസമയം കേവല ഭൂരിപക്ഷമായ 46 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നാണ് ടൈംസ് നൗ പ്രവചനം. കോണ്‍ഗ്രസ് 90 അംഗ സഭയില്‍ 35 സീറ്റുകളില്‍ വിജയിക്കും. ബിഎസ്പിക്ക് ഏഴ് സീറ്റ് വരെ നേടാനാകുമെന്നും പ്രവചനം പറയുന്നു. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ടൈംസ് നൗ-സിഎന്‍എക്‌സ്, റിപ്പബ്ലിക് ടിവി-ജന്‍കി ബാത്ത് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
മിസോറാമില്‍ റിപ്പബ്ലിക്-സീ വോട്ടര്‍ പ്രവചനപ്രകാരം കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടേക്കും. മിസോറാം നാഷണല്‍ ഫ്രണ്ടിനാണ് നേരിയ മേല്‍ക്കൈ. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 സീറ്റാണ്. ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ സാധിക്കില്ല. 16 മുതല്‍ 20 വരെ സീറ്റ് എംഎന്‍എഫ് നേടും. 14 മുതല്‍ 18 സീറ്റ് വരെ കോണ്‍ഗ്രസ് നേടും. ടൈംസ് നൗ-സിഎന്‍എക്‌സ് ഫലവും എംഎന്‍എഫിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ബിജെപിക്ക് ഇക്കുറിയും സീറ്റുകളൊന്നും നേടാനാകില്ലെന്ന് രണ്ട് സര്‍വേകളും പ്രവചിക്കുന്നു.

Related News