Wednesday
21 Nov 2018

എഴുത്ത’ച്ച’ന്‍

By: Web Desk | Sunday 3 December 2017 1:55 AM IST

കെ.എസ്. രതീഷ്

ചിലകഥകളങ്ങനെയാണ്, എഴുത്തുകാരന്റെ ജീവിനോളം വിലയുണ്ടാകും. ചിലപ്പോളവ അയാള്‍ക്ക് എഴുതാന്‍ കഴിഞ്ഞെന്നും വരില്ല. തെളിവെടുപ്പ് സംഘത്തിന് ഓണ്‍റോഡ് ജാക്‌സനെ കുഴിച്ചിട്ട സ്ഥലം കാണിച്ചുക്കൊടുത്ത് വീടിന്റെ മുന്നിലേക്ക് നടക്കുന്നതിനിടയില്‍ പറമ്പിലും മുറ്റത്തും കൂടിയിരിക്കുന്നവരെ ഞാന്‍ നോക്കി, ഒരു സാഹിത്യസമ്മേളനത്തിനുള്ള ആളുണ്ട്. ജാക്‌സന്റെ കൊലപാതകം ഒരു ഭാവനയായിരുന്നെങ്കില്‍ അത് കഥാലോകത്തെ എന്റെ മാസ്റ്റര്‍പീസാകുമായിരുന്നു. എഴുത്തുകാരന്‍ ഒരാളെക്കൊല്ലുക, എന്നിട്ട് തന്റെ വായനമുറിയില്‍ ആരുമറിയാതെ കുഴിച്ചിടുക സാഹിത്യചരിത്രത്തില്‍ ഈ ഒരു ചിന്ത ആര്‍ക്കെങ്കിലും വന്നിട്ടുണ്ടാകുമോ.? ഈ ചിന്തമുന്നേ വന്നിരുന്നെങ്കില്‍ എഴുത്തു മുറിയിലിരുന്ന് ഈ കഥ വിരിയിക്കുമായിരുന്നു. ‘അച്ഛാ.’ ഭാഗ്യനാഥും ഗൗരിയും തന്റെ മുന്നില്‍ നില്‍ക്കുന്നത് പോലും എനിക്ക് വ്യക്തമാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ അവരെന്റെ കഥയിലെ അപ്രധാനകഥാപാത്രങ്ങളായിരിക്കുന്നു. ഏതോ പാലത്തിന്റേയോ റോഡിന്റേയോ ഒപ്പ് വാങ്ങിക്കാന്‍ ഓഫീസിലെ ക്ലര്‍ക്ക് സാംബനും, ലാഭത്തിന്റെ സന്തോഷം കടിച്ചമര്‍ത്തിക്കൊണ്ട് പുതിയ പുസ്തകത്തിന്റെ കരാര്‍ രേഖകളുമായി മണിബുക്‌സ് ഉടമ സുജാതനും ആള്‍ക്കൂട്ടത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ട്. ഗൗരി പോലീസുകാരനോട് എന്തോ പറഞ്ഞു, അയാളെന്റെ വിലങ്ങുകള്‍ അഴിച്ചിട്ട് കൈയിലിരുന്ന പേന എന്റെ നേര്‍ക്കുനീട്ടി. ഭാഗ്യനാഥ് രണ്ടാമതും വിളിച്ചു. ശീലമില്ലാത്ത ആ വിളിയില്‍ അച്ഛന്റെ ‘ച്ഛ’ യ്ക്ക് തച്ചന്റെ ‘ച്ച’യുടെ ശ്രുതി. അതിനിടയില്‍ ഞാനതിലെല്ലാം ഒപ്പിട്ടു. അവന്റെ കവിളില്‍ ഇറങ്ങിനില്‍ക്കുന്ന കൃതാവും കീഴ്ത്താടിയിലെ വിടവും എന്റെ തന്നെ, വെളുത്ത നിറവും ഉയരവും പൂച്ചകണ്ണും ഗൗരിയില്‍ നിന്ന് പറിച്ചെടുത്തതുപോലെ, നോക്കിത്തീരുമുമ്പ് ഗൗരി ഭാഗ്യനാഥിനെ വലിച്ചു മുറ്റത്തുനിര്‍ത്തി. മേശയുടെ വലിപ്പില്‍ നിന്ന് താക്കോല്‍ കൂട്ടമെടുത്ത്, ഗൗരിയണിയിച്ച വിവാഹമോതിരം അതിന്റെ വളയത്തില്‍  കൊരുത്തിട്ട് ഭാഗ്യനാഥിനെ ഏല്‍പ്പിച്ചു. ‘ഈ എഴുത്തമുറിപൊളിച്ചുമാറ്റി, മാസ്റ്റര്‍ ബെഡ്‌റൂം പണിയണം, കല്യാണം കഴിഞ്ഞാല്‍ അവിടെ കിടന്നാല്‍ മതി, നിന്റെ പെണ്ണിന് ഈ മോതിരമുരുക്കി മറ്റൊന്ന് പണിയിക്കണം.’ അവര്‍ പൂര്‍ണമായി കേട്ടതായി തോന്നിയില്ല, ഞാന്‍ മോതിരവിരലിലെ തഴമ്പിലും, വിലങ്ങിട്ടതിന്റെ അടയാളത്തിലും തടവിനോക്കി, രണ്ട് മണിക്കൂര്‍ മുന്നേ അണിയിച്ചതിനും, ഇരുപത് കൊല്ലം മുന്നേ അണിഞ്ഞതിനും എന്നില്‍ അടയാളമിടാന്‍ കഴിഞ്ഞു. എന്നിട്ടും മുപ്പത്തിയേഴ് കൊല്ലം എഴുതിയതിന്റെ പേരില്‍ ഒരു മറുക് പോലും ഈ ശരീരത്തിലില്ലല്ലോ.? ഗൗരിയെ കൂട്ടിക്കൊണ്ടുവന്നതിന്റെ മൂന്നാം മാസത്തില്‍ വയനാട് സാഹിത്യസമാജത്തിന്റെ ക്യാമ്പില്‍ വച്ചാണ് അവള്‍ തലചുറ്റിവീണവിവരം അറഞ്ഞത്, ആലപ്പുഴ ഫൈനാട്‌സ് സൊസൈറ്റിയുടെ കഥാപുരസ്‌കാരം വാങ്ങിക്കുന്നതിനായി യാത്രപുറപ്പെട്ട ദിവസമായിരുന്നു, ഭാഗ്യനാഥിനെ പ്രസവിച്ചത്, അവന്റെ നൂലുകെട്ടിന്റെ അന്ന് ഞാന്‍ മരാമത്ത് ജീവനക്കാരുടെ സാഹിത്യക്യാമ്പിലായിരുന്നു. എന്റെ അമ്മ തലചുറ്റിവീണ് ആശുപത്രിയില്‍ മരണപ്പെട്ട ദിവസം ഞാന്‍ കാസര്‍ഗോഡ് ക്യാമ്പില്‍ നിന്ന് മടങ്ങിവരികയായിരുന്നു. വലിയപറമ്പിന്റെ നടുവിലെ ഈ പ്രേതാലയത്തിലേക്കിനിയില്ലെന്നും പറഞ്ഞ് ഗൗരി അവളുടെ വീട്ടിലേക്കുപോയി. എഴുത്തുകാരന്റെ പങ്കാളി എഴുത്തല്ലാതെ മറ്റെന്ത്.? കോടതിയോ വഴക്കോ ഒന്നും ഉണ്ടായില്ല. പതിനേഴ് കൊല്ലങ്ങള്‍ക്ക് ശേഷം അവളെയും മകനേയും കൂട്ടിക്കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ഒരു ശ്രമം നടത്താന്‍ കാരണം ഓണ്‍റോഡ് ജാക്‌സനായിരുന്നു. ഉച്ചഭക്ഷണത്തിനിടയില്‍ ‘ദാമ്പത്യവും എഴുത്തുകാരനും’ എന്ന വിഷയത്തില്‍ തുടങ്ങിയ ചര്‍ച്ച വ്യക്തിപരമായി ഗൗരിയോളം നീണ്ടു, വിവാഹം കഴിഞ്ഞിട്ട് കൊല്ലം അഞ്ചേ ആയിട്ടുള്ളുവെങ്കിലും ജാക്‌സന് മക്കള്‍ രണ്ടായി. ഓഫീസിലും നാട്ടിലും ശരിക്ക് ചുറ്റിക്കളികള്‍, എന്നിട്ടും മാതൃകാഫാമിലിമാനായി അവതരിപ്പിക്കപ്പെടുന്ന അവനോട് അറപ്പുതോന്നി. എല്‍ഡി ക്ലര്‍ക്ക് ശ്രുതിതങ്കപ്പനുമായുള്ള ഫയലുതപ്പലിന്റെ രഹസ്യം സാംബന്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നിട്ടും വിവാഹവാര്‍ഷികം, കുട്ടികളുടെ പിറന്നാളെന്നൊക്കെപ്പറഞ്ഞ് മധുരം വിളമ്പും. ‘സ്വന്തം കുടുംബം നന്നാക്കാനറിയാത്തവനെന്ത് സാഹിത്യസേവനാ ചെയ്യണത്.’ ആ ഒളിയമ്പ് ചാട്ടുളിപോലെ പതിച്ചാണ് ദാമ്പത്യത്തിന്റെ ഒരു കൂട്ടിച്ചേര്‍ക്കലിന് ശ്രമിച്ചത്. അതിന് അളിയന്‍ ഗൗതമന്‍, എന്റെ ഈ വീടും പറമ്പും എന്ന കരാറ് മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഞാന്‍ മോതിരവിരലിന്റെ അടയാളത്തില്‍ പേനകൊണ്ട് വരയ്ക്കുന്നത് കണ്ട് റൈറ്റര്‍ അത് വാങ്ങിച്ചു. ‘ന്റെ സാറേ അത് വേണ്ടായിരുന്നൂട്ടോ, ആ പയ്യനെന്ത് തെറ്റാ ചെയ്തത്, ന്തായാലും സംഭവിച്ചതൊക്കെ സംഭവിച്ചു. ഇതിലൊക്കെ ഒന്ന് ഒപ്പിടീന്‍ ഈ മാസം മാറാനൊള്ളതാ.’ സാംബന്റെ ശബ്ദം ശ്രദ്ധിച്ചെങ്കിലും അയാളുടെ മുഖത്തേക്ക് നോക്കാന്‍ ധൈര്യം പോരാ. പ്യൂണിനെ നോക്കാന്‍ ഭയക്കുന്ന ചീഫ് സൂപ്രണ്ട്. മുമ്പും സാംബന്‍ വന്നിട്ടുണ്ട്, ക്യാമ്പുകളിലും, ബാറിലും വീട്ടിലും. അപ്പോഴെല്ലാം തലചൊറിഞ്ഞ് ചാരിനിന്ന് ഒപ്പ് വാങ്ങും. ‘സാറേ ശിവരാജന്‍ കണ്ട്രാക്കിന്റെ ബില്ലാ, ഒരു പത്ത് കിട്ടും കൊച്ചിന്റെ ഫീസ് കെട്ടാനായി.’ അന്നൊക്കെ സാമ്പന്റെ മുഖത്തുനോക്കി അധികാരത്തോടെ ചിരിക്കും. പാലവും, റോഡും ഈ നാട്ടില്‍ പലതവണപുതുക്കിപ്പണിതു. സന്തോഷത്തിന്റെ ഒരൊറ്റകവറും ഞാന്‍ കൈപ്പറ്റിയിട്ടില്ല. ഓഫീസിലെത്തുന്ന ദിവസങ്ങള്‍ കുറവായി, ലീവെടുത്താലോ എന്ന് ചിന്തിച്ചിരിക്കുന്ന തിനിടയിലാണ്  യുഡി ക്ലര്‍ക്കായി ജാക്‌സനെത്തണത്. കഥയും കവിതയുമൊക്കെ എഴുതാറുണ്ടെന്നു പറഞ്ഞപ്പോള്‍ എനിക്ക് താത്പര്യവും തോന്നി. അടുത്തിടെ അച്ചടിച്ച് വന്ന മാസികകള്‍ കണ്ടപ്പോള്‍ അല്‍പ്പം അസൂയയും. പിഡ്ബ്യുഡി ക്ലര്‍ക്കിനുചേരും വിധം ന്യൂജെന്‍ ലുക്കില്‍ ഓണ്‍റോഡ് എന്ന തൂലികാനാമവും സ്വീകരിച്ച്,  എഴുത്തും തിരുത്തും അയപ്പും അവന്റെ ഫോണിലും, ഓഫീസ് കംമ്പ്യൂട്ടറിലും തന്നെ. ഒരു കഥതന്നെ പലമാസികള്‍ക്ക് അയയ്ക്കും, ഒരേ കഥ പലതിലും അച്ചടിച്ചുവന്നു.  അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍. ‘ആര്‍ക്കാ സാറേ സമയം, എഡിറ്റര്‍മാര്‍ക്ക് ഇഷ്‌ടോങ്കില്‍ എടുക്കട്ടെ ആദ്യം പ്രതികരിക്കണോര്‍ക്ക് കൊടുക്കും. അല്ലാതെ ഇവരുടെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കാനൊന്നും നേരമില്ല. അല്ലേലും ഇതിനൊക്കെ എത്രപേര്‍ പ്രതിഫലംതരണുണ്ട്.’ കത്തുകളയച്ച് മറുപടി കാത്ത്, മാസങ്ങളോളം അച്ചടിച്ചുവരുന്നതും കാത്തിരിക്കുന്ന എന്റെ രീതിയെ എത്ര രൂക്ഷമായി പരിഹസിച്ചിരിക്കുന്നു. അടുത്ത മാസം സര്‍വ്വീസ് സംഘടനനടത്തിയ കഥാമത്സരത്തില്‍ അവന്റെ ‘ബ്രിഡ്ജ്’ എന്ന കഥയ്ക്ക് സമ്മാനം കിട്ടി. പൊതുയോഗത്തില്‍ വകുപ്പ് മന്ത്രി സമ്മാനം കൊടുക്കണത് ദിനപത്രങ്ങളില്‍ അച്ചടിച്ചുവന്നിരുന്നു. എല്ലാ ഓഫീസുകളിലും വാര്‍ഷിക സമ്മേളനസുവനീറില്‍ കഥയും അഭിനന്ദനചിത്രവും അച്ചടിച്ചുവന്നത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. ഓണ്‍റോഡ് ജാക്‌സനുള്ള അഭിനന്ദനക്കത്തും വിളികളും ഓഫീസില്‍ നിറഞ്ഞു. ‘അവനെപ്പോലെ രണ്ടെണ്ണെം എഴുതിവിട് സാറേ…’ സാംബന്‍ പോലും എന്നെ വിലയിരുത്തുന്ന സ്ഥതിയായി. ആര്‍ബി ബിള്‍ഡേഴ്‌സില്‍ നിന്ന് വലിയൊരു പാലംപണിയുടെ സന്തോഷക്കവറിനുപകരം ഒരു സ്മാര്‍ട്ട് ഫോണ്‍ ജാക്‌സന്‍ എനിക്ക് ഒപ്പിച്ചുതന്നു. സാഹിത്യത്തിന്റെ വെര്‍ച്ച്വല്‍ ലോകത്തിലേക്ക് ഞാനും വേഗം കയറിപ്പറ്റി. ജാക്‌സന്‍ എന്നെ എത്തിച്ചെന്ന് പറയുന്നതാകും ശരി. സാഹിത്യഗ്രൂപ്പുകള്‍, ചര്‍ച്ചാവേദികള്‍, ഓണ്‍ലൈന്‍ പതിപ്പുകള്‍, ബ്ലോഗുകള്‍ പുറത്തെ സാഹിത്യലോകത്തെ താളുകള്‍ എത്ര ചിതലരിച്ചതെന്ന് എനിക്ക് വ്യക്തമായി. ഓണ്‍റോഡിന്റെ കീഴില്‍ പലഗ്രൂപ്പിലും ഞാനംഗം. അവന്റെ എഴുത്തുകള്‍ക്ക് ലൈക്കുകുകളും കമന്റുകളും. ഓണ്‍ലൈന്‍ എഴുത്തൊന്ന് ശ്രമിച്ചുനോക്കിയിട്ടും അവരുടെ റേഞ്ചിലേക്ക് ഉയരണില്ല. എന്റെ തലമുറയിലെ എഴുത്തുകാരില്‍ ഏറ്റവും വൈകിയെത്തിയത് ഞാനാണെന്ന് തോന്നുന്നു. ഓഫീസില്‍ പോലും ഒരു ഗ്രൂപ്പ് അതിലും ജാക്‌സന്‍ അവാര്‍ഡ് വാങ്ങിക്കുന്നതിന്റെ മുഖചിത്രം. ‘എസ് എസ്സേ, ആ ഇഞ്ചക്കാട് ഡയറീസന്റെ പ്രൂഫ് ഞങ്ങളിന്നലെ വായിച്ചൂട്ടാ, ഈ കരാറൊന്നൊപ്പിട്.’ മണിബുക്‌സ് സുജാതന്റെ ചിരിച്ചമുഖം. ‘എന്താടോ തനിക്ക് പറ്റിയത്, ഞങ്ങളുണ്ട് തന്റൊപ്പം, ‘ഹോമയാഗോം’ ‘പാലോം’ ഞങ്ങള് പതിപ്പിറക്കും. താന്‍ പേടിക്കണ്ട.’ ഇഞ്ചക്കാട് ഡയറീസ് വായിച്ച് ഒരുമറുപടിതരാതിരുന്ന സുജാതന് കൊലയാളിയായ എഴുത്തുകാരന്റെ മാര്‍ക്കറ്ററിയാം. കഴിഞ്ഞ ഒന്നരക്കൊല്ലമായി എന്തെങ്കിലും അച്ചടിച്ചുവന്നിട്ട് എഴുത്ത് ക്യാമ്പുകളില്‍ ക്ലാസ് എടുക്കല്‍, അല്ലെങ്കില്‍ സാഹിത്യമത്സരങ്ങില്‍ വിധികര്‍ത്താവ്, അതുമല്ലെങ്കില്‍ സുഹൃത്തുക്കളുടെ പുസ്തകപ്രകാശനത്തിന്റെ ചടങ്ങില്‍ ആശംസ. കഴിഞ്ഞ മാസത്തിലെ സാഹിതിയുടെ ക്യാമ്പിലാണതുണ്ടായത്, കഥാചര്‍ച്ചയില്‍ കത്തിക്കയറിയ ജാക്‌സനെ ഞാനും കല്ലേങ്കുണ്ടില്‍ ബാലചന്ദ്രനും, കുഴിപ്പറ്റ സൈമണും ചേര്‍ന്ന് ശരിക്ക് ഇരുത്തി, അവര്‍ക്കും അവനെയത്ര പിടിച്ചമട്ടില്ല. മാന്തോപ്പില്‍ രഘുവിന്റെ ഒരു പൊട്ടക്കഥ വലിയ ചര്‍ച്ച നടത്തി. എന്നിട്ടും അവനെ പിന്തുണയ്ക്കാനാളുണ്ടായി. പിന്നീട് ഞങ്ങളുപോയ സാഹിത്യ മത്സരവേദികളിലെല്ലാം അവന്റെ കഥ തിരഞ്ഞെടുത്ത് തള്ളി. എന്നിട്ടും അവന് ചിലതില്‍ സമ്മാനങ്ങള്‍ കിട്ടുന്നു. വലിയൊരു പത്രത്തില്‍ അടുത്തിടെ ഒരു കഥ അച്ചടിച്ചുവന്നതോടെ ആളിന്റെ അഹങ്കാരം വല്ലാതെ കൂടി. ഞങ്ങള്‍ എഡിറ്റര്‍മാരെ വിളിച്ച് വിലക്കാന്‍ ശ്രമിച്ചുനോക്കി ഒന്നുരണ്ടുപേര്‍ അതവനെ ചൂടോടെ അറിയിച്ചു. അടുത്തിടെ അവന്റെ ഒരു കഥയുടെ വിഷയവും അതായിരുന്നു. അതും ഒരു പത്രത്തില്‍ അച്ചടിച്ചു വന്നു. അതിന്റെ അടുത്ത ദിവസം.  ‘ഇഞ്ചക്കാട് സാറേ, എനിക്ക് ഇതീന്ന് ഒരു പത്ത് കഥ തിരഞ്ഞെടുത്ത് തരാമോ.? ഒരു പബ്ലിഷര്‍ ബുക്ക് ചെയ്യാന്ന് സമ്മതിച്ചിട്ടുണ്ട്.’ ആ മാറ്ററും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആ പബ്ലിഷറെ വിളിച്ച് സംസാരിച്ചു. ഫലമുണ്ടായില്ല. ‘കഴിവുണ്ടെങ്കില്‍ അംഗീകരിക്കണ്ടേ എസ് എസേ, ഇതിപ്പൊ മറ്റേ പ്ലാനിലല്ലേ അച്ചടിക്കണത്, ഞങ്ങളെ ബ്രാന്റ് നെയിം ഉപയോഗിക്കണന്നല്ലാതെ ചിലവൊക്കെ അവന്‍തന്നെ.’ പിറ്റേന്നും അവനെന്നെ വിളിച്ചു.  ‘സാറേ തിരഞ്ഞെടുത്തോ, നാളെ അവധിയല്ലേ ഞാന്‍ വീട്ടിലേക്ക് വരട്ടെ.?’ പിന്നേ ചെയ്തതൊന്നും ഞാനാണെന്ന് വിശ്വസിക്കാന്‍ പറ്റണില്ല, വിഷം ചേര്‍ത്ത ജ്യൂസ്, എഴുത്തുമുറിയിലെ കുഴി. ഓണ്‍റോഡ് ശ്രുതിതങ്കപ്പനയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍. പോലീസിന് വലിയ തെളിവായി, എന്റെ വായനമുറിയില്‍ നിന്നെടുത്ത സെല്‍ഫി, ചാമ്പമരത്തിന്റെ ചിത്രം ഇതൊക്കെ നിങ്ങളും പത്രത്തില്‍ കണ്ടിട്ടുണ്ടാകും. കഴിഞ്ഞ ഒരുമാസമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കണത് ഞാന്‍ തന്നെയാണ്. തെളിവെടുപ്പ് കഴിഞ്ഞ് സബ്ജയിലിലേക്ക് മടങ്ങിപ്പോകുന്നതിനിടയില്‍ ഗൗതമന്റെ കാറ് എന്റെ പറമ്പിലേക്ക് പോകുന്നതു കണ്ടു. ഉടന്‍ എനിക്കൊരു കഥയുടെ ക്ലൈമാക്‌സ് കിട്ടി. ഭാഗ്യനാഥ് എന്റെ എഴുത്തുമുറി  പൊളിക്കുന്നു. അവിടെ അലങ്കരിച്ച ഒരു കട്ടില്‍ അതില്‍ അവന്റെ പെണ്ണ്. അവളുടെ വിരലില്‍ എന്റെ മോതിരം,  പറമ്പിന്റെ തെക്കേയറ്റത്ത് പുസ്തകങ്ങള്‍ ചേര്‍ത്തൊരുക്കിയ ചിതയില്‍ എന്നെ കിടത്തിയിരിക്കുന്നു.  പെരുന്തച്ചന്റെ കഥ വായിച്ച ഒരു പല്ലി തീയുടെ ചൂടേറ്റ് വാല്‍മുറിഞ്ഞ് രക്ഷപ്പെടുന്നു…!!