Monday
25 Jun 2018

നടന്‍ ഫഹദ് ഫാസില്‍ ക്രൈെംബ്രാഞ്ചിന് മുന്നില്‍

By: Web Desk | Monday 25 December 2017 10:57 AM IST

തിരുവനനന്തപുരം: സംസ്ഥാനത്തെ നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ക്രൈെംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. രാവിലെ പത്തുമണിയോടെ പൊലീസ് അസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഫഹദ് ഹാജരായത്. ഐ.ജിയും എസ്.പിയും അടങ്ങുന്ന സംഘമായിരിക്കും ചോദ്യം ചെയ്യുക.

നിലവില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഒരു കേസുമാത്രമാണ് ഫഹദിന്റെ പേരിലുള്ളത്. രണ്ട് തവണ ആഡംബര കാര്‍ വാങ്ങി നികുതി വെട്ടിച്ച്‌ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

ആലപ്പുഴ കോടതിയില്‍ നിന്നും ഫഹദ് ഫാസില്‍ നേരത്തെ വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്.

നേരത്തെ തന്റെ വാഹനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പും ക്രൈംബ്രാഞ്ചും താരത്തിന് നോട്ടീസ് നല്‍കിയിരുന്നു. ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് മുതല്‍ ഇരുപത് ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടി വരുമ്ബോള്‍ പോണ്ടിച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനുള്ളില്‍ കേരളാ രജിസ്ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം.

എന്നാല്‍ ഇത് ലംഘിച്ച്‌ ഫഹദ് ഫാസില്‍ തന്റെ ബെന്‍സ് കാര്‍ ഉപയോഗിക്കുന്നതായി സംസ്ഥാന പൊലീസ് മേധാവിയ്ക്കടക്കം പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.