Tuesday
16 Oct 2018

ആ ബസ്സപകടത്തിൽ 27 പേർ മരിച്ചില്ല,അധികൃതരും ദേശീയ മാധ്യമങ്ങളും വെട്ടിലായി

By: Web Desk | Saturday 5 May 2018 11:09 AM IST

പട്‌ന (ബിഹാര്‍): മരണസംഖ്യയടക്കം ദേശീയമാധ്യമങ്ങള്‍ പൊലിപ്പിച്ച  ബസ്‌ ദുരന്തം ഒടുവില്‍ കാറ്റുപോയ ബലൂണായി  മരിച്ചവര്‍ക്ക്‌ ആദരാഞ്‌ജലിയര്‍പ്പിക്കുകയും ബന്ധുക്കള്‍ക്കു ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌ത മുഖ്യമന്ത്രിയും, ദുരന്തം സ്‌ഥിരീകരിച്ച മന്ത്രിമാരും ശരിക്കും ഞെട്ടിയത്‌ ഇപ്പോഴാണ്‌.
ബിഹാറില്‍ ബസ്‌ കൊക്കയിലേക്കു മറിഞ്ഞ്‌ തീപിടിച്ചുണ്ടായ അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്ന്‌ അധികൃതര്‍ വിശദീകരിച്ചതോടെയാണ്‌, കാള പെറ്റെന്നു കേട്ടപാടേ കയറെടുത്ത വാര്‍ത്താ ഏജന്‍സികളടക്കം വെട്ടിലായത്‌. മാധ്യമങ്ങളുടെ അനാസ്‌ഥമൂലമുണ്ടായ ആശങ്ക ഒടുവില്‍ ആശ്വാസത്തിനു വഴിമാറി. വ്യാഴാഴ്‌ചയുണ്ടായ ബസ്‌ അപകടത്തില്‍ 27 പേര്‍ മരിച്ചെന്നാണു ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നത്‌. ഇതോടെ സത്യാവസ്‌ഥ വെളിപ്പെടുത്താന്‍ കിഴക്കന്‍ ചമ്പാരന്‍ ജില്ലാഭരണകൂടം രംഗത്തിറങ്ങി.
മുസാഫര്‍പൂരില്‍നിന്നു ഡല്‍ഹിയിലേക്കു പുറപ്പെട്ട ബസ്‌ മോത്തിഹാരി പട്ടണത്തിനു സമീപം ദേശീയപാത 28-ല്‍ വൈകിട്ട്‌ അഞ്ചോടെ അപകടത്തില്‍പ്പെട്ടതിനു പിന്നാലെ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ദുരന്തനിവാരണവകുപ്പ്‌ മന്ത്രിയും മരണസംഖ്യ 20-നും 24-നും ഇടയിലാണെന്നു ട്വീറ്റ്‌ ചെയ്‌തു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പങ്കെടുത്തുകൊണ്ടിരുന്ന പൊതുപരിപാടിയില്‍, “മരിച്ചവര്‍ക്ക്‌” ആദരാഞ്‌ജലി അര്‍പ്പിച്ച്‌ രണ്ടുമിനിട്ട്‌ മൗനമാചരിക്കുകയും ബന്ധുക്കള്‍ക്കു നാലുലക്ഷം രൂപവീതം നഷ്‌ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതോടെ സാമൂഹികമാധ്യമങ്ങളിലടക്കം അനുശോചനപ്രവാഹമായി.
ഇന്നലെ കഥയാകെ മാറി. അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്നും പരുക്കേറ്റ 13 ബസ്‌ യാത്രികര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സ്‌ഥിരീകരിച്ച്‌ കിഴക്കന്‍ ചമ്പാരന്‍ ജില്ലാഭരണകൂടം പ്രസ്‌താവനയിറക്കി. ബസ്‌ ഡ്രൈവറെയും സഹായിയേയും കാണാനില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. മുസഫര്‍പുരില്‍നിന്ന്‌ 32 പേരാണ്‌ ബസില്‍ സീറ്റ്‌ ബുക്ക്‌ ചെയ്‌തിരുന്നത്‌.
എന്നാല്‍ 13 പേര്‍ മാത്രമാണു ബസില്‍ ഉണ്ടായിരുന്നത്‌. അപകടസ്‌ഥലത്ത്‌ ആദ്യമെത്തിയ നാട്ടുകാര്‍ 13 പേരെയും പൊള്ളലേറ്റനിലയില്‍ രക്ഷിച്ചു. അധികം വൈകാതെ ബസ്‌ കത്തിയമരുകയും ചെയ്‌തു. തുടര്‍ന്ന്‌ ബസിലെ സീറ്റുകളുടെ എണ്ണം കണക്കാക്കി, യാത്രികരെല്ലാം ചാരമായെന്ന്‌ പോലീസും മറ്റ്‌ അധികൃതരും ഉറപ്പിക്കുകയായിരുന്നു.

Related News