Thursday
15 Nov 2018

തലക്കോട്‌ കള്ളനോട്ട്‌ കേസിലെ പ്രതികള്‍ക്കു നോട്ട്‌ ലഭിച്ചത്‌ ബംഗ്ലാദേശില്‍നിന്ന്‌

By: Web Desk | Wednesday 14 February 2018 3:30 PM IST

കോതമംഗലം: തലക്കോട്‌ കള്ളനോട്ട്‌ കേസിലെ പ്രതികള്‍ക്കു നോട്ട്‌ ലഭിച്ചത്‌ ബംഗ്ലാദേശില്‍നിന്ന്‌. ഇതു സംബന്ധിച്ച തെളിവുകള്‍ പോലീസിനു ലഭിച്ചു.

ബംഗ്ലാദേശിനോടു ചേര്‍ന്ന അതിര്‍ത്തി ഗ്രാമമായ മാള്‍ഡയിലാണു പ്രതികളായ സഹോദരിമാര്‍ സുഹാനയും സാഹിമും ജനിച്ചുവളര്‍ന്നത്‌. ഇവിടെ നിന്നുള്ള ചില അടുപ്പങ്ങളാണ്‌ ഇവരെ കള്ളനോട്ട്‌ വ്യാപാരത്തിലെത്തിച്ചതെന്നാണു പോലീസിനു ലഭിച്ച വിവരം.
ഇവരുടെ മാതാപിതാക്കളും രണ്ടു സഹോദരന്‍മാരും മുംബൈയില്‍ കള്ളനോട്ട്‌ കേസിലെ പ്രതികളാണ്‌.

അധോലോക, സെക്‌സ്‌ റാക്കറ്റ്‌ ബന്ധങ്ങളുള്ള ഇവര്‍ മുംബൈയിലെ വിവിധ പോലീസ്‌ സ്‌റ്റേഷനുകളിലെ ആറു കള്ളനോട്ട്‌ കേസുകളില്‍ പ്രതികളാണ്‌. ഇതില്‍ മൂന്നെണ്ണത്തില്‍ സുഹാന ഒന്നാം പ്രതിയാണ്‌. മാതാപിതാക്കള്‍ ഒരു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.
വിവാഹിതരായ ഇരുവരെയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ചശേഷം ഇവര്‍ കള്ളനോട്ട്‌ വ്യാപാരം വിപുലപ്പെടുത്തുകയായിരുന്നു. സാഹിം സെക്‌സ്‌റാക്കറ്റുമായി ബന്ധപ്പെട്ട്‌ ഗള്‍ഫ്‌, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇടയ്‌ക്കു സന്ദര്‍ശനം നടത്തി. അങ്ങനെയൊരു യാത്രയിലാണു കേസിലെ ഒന്നാം പ്രതിയായ അനൂപ്‌ വര്‍ഗീസുമായി പരിചയത്തിലാകുന്നത്‌.
ബഹ്‌റൈനിലും നാട്ടിലും ചില തട്ടിപ്പുകള്‍ നടത്തിയിരുന്ന അനൂപിനെ കള്ളനോട്ട്‌ വ്യാപാരത്തിലേക്ക്‌ ഇവര്‍ എത്തിക്കുകയായിരുന്നു. അനൂപിന്‌ സ്‌ഥലം വിറ്റ വകയില്‍ ലഭിച്ച അഡ്വാന്‍സ്‌ പണം ഇതിനായി ഉപയോഗപ്പെടുത്തി.
സുഹാനയും സാഹിമും തങ്ങളുടെ അഴക്  കള്ളനോട്ട്‌ കച്ചവടത്തിനായി പ്രയോജനപ്പെടുത്തി. കേരളത്തിലേക്കുള്ള ഇവരുടെ വരവ്‌ ആദ്യമായിരുന്നു. മുംബൈയില്‍ ഇവര്‍ ഉള്‍പ്പെട്ട കള്ളനോട്ട്‌ കേസുകള്‍ കോടികളുടേതാണ്‌. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഇതേ കാര്യത്തിനിറങ്ങിയത്‌ ഈ രംഗത്തുള്ളവരുടെ ഭീഷണിയെത്തുടര്‍ന്നാണെന്നു ഇവര്‍ പോലീസില്‍ മൊഴി നല്‍കിയത്‌.
ഇത്തരം വ്യാപാരത്തിനൊപ്പം അന്താരാഷ്‌ട്ര മയക്കുമരുന്ന്‌ മാഫിയയുമായും ചില കച്ചവടങ്ങള്‍ നടത്തിയതായി മുംബൈ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. എന്നാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിനായില്ല. ആലുവ റൂറല്‍ എഎസ്‌പി സുജിത്‌ ഇന്നലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്‌തു.
പ്രതികളുടെ കസ്‌റ്റഡി കാലാവധി ഇന്നു തീരുന്നതിനു മുമ്പ്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണു പോലീസ്‌.

Related News