Saturday
26 May 2018

മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകള്‍: അന്വേഷണം വേഗം പൂര്‍ത്തിയാക്കണം;സുപ്രിംകോടതി

By: Web Desk | Tuesday 13 March 2018 9:49 PM IST

ന്യൂഡല്‍ഹി: മണിപ്പൂരില്‍ പൊലീസും സൈന്യവും അസ്സാം റൈഫിള്‍സും നടത്തിയിട്ടുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും ജുഡീഷ്യറി കൊലപാതകങ്ങളിലും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീംകോടതി നിര്‍ദ്ദശം.

മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ പരിധിയില്‍ നിയമപരമായ അന്വേഷണം നടത്തി വരുന്നതും ഹൈക്കോടതി കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളതുമായ 13 കേസുകളില്‍ ആദ്യം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഹെഡ്ജിന്‍റെ നേതൃത്വത്തിലുള്ള സമിതിക്ക് കീഴില്‍ വരുന്ന കേസുകളും ശേഷം മറ്റ് കമ്മീഷനുകള്‍ക്ക് കീഴില്‍ വരുന്ന കേസുകളും തീര്‍പ്പാക്കണം.

ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, യുയു ലളിത് എന്നിവരടങ്ങിയ ബഞ്ചാണ് നാല് മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ രൂപരേഖ ബന്ധപ്പെട്ട അന്വേഷണസംഘത്തിന് കൈമാറിയിരിക്കുന്നത്. സിബിഐ സമര്‍പ്പിച്ച അപേക്ഷപ്രകാരം കേസന്വേഷണം സുഗമമാക്കാന്‍ കേസുകള്‍ കാലക്രമം അനുസരിച്ച് തരംതിരിക്കുന്നതിന് ഹൈക്കോടതിയോട് ആവശ്യപ്പെടാന്‍ മണിപ്പൂരിലെ സിബിഐ അഭിഭാഷകന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ മണിപ്പൂര്‍ സര്‍ക്കാരിനും പൊലീസ് വിഭാഗത്തിനും കോടതി നിര്‍ദ്ദേശം നല്‍കി. വരുന്ന ഏപ്രില്‍ 16ന് കോടതി കേസ് വീണ്ടും കേള്‍ക്കും. ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ വൈകുന്നതു കാരണം അന്വേഷണത്തില്‍ കാലതാമസം ഉണ്ടാകുന്നതായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയത് പ്രകാരം നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസുകളില്‍ മതിയായ അന്വേഷണം നടന്നു വരികയാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് സുപ്രീം കോടതിയെ അറിയിച്ചു. മണിപ്പൂരില്‍ വ്യാപകമായ വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്നും അവയുടെ അന്വേഷണം നീണ്ടു പോവുകയാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കഴിഞ്ഞ ജൂലായില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. കേസുകളുടെ അന്വേഷണം ഇഴയുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി സിബിഐയെ നേരത്തെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു.

Related News