Friday
14 Dec 2018

വ്യാജ ഏറ്റുമുട്ടല്‍: ഉദ്യോഗസ്ഥനെതിരെ കള്ളക്കേസുകള്‍

By: Web Desk | Sunday 11 February 2018 12:05 AM IST

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ
മോഡി സര്‍ക്കാരിന്റെ പകപോക്കല്‍. സുഹറാബ്ദീന്‍-കൗസര്‍ബി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷായുടെ പങ്ക് പുറത്തുകൊണ്ടുവന്നഉദ്യോഗസ്ഥനെതിരെയാണ് വ്യാജ കേസുകള്‍ ചമച്ച് കെണിയില്‍പെടുത്താനുള്ള തന്ത്രങ്ങള്‍ ഒരുക്കുന്നത്. നാഗാലാന്‍ഡ് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സന്ദീപ് തമാങ്ങിനെതിരെയാണ് മോഡിയും അമിത്ഷായും ചേര്‍ന്ന് കള്ളക്കേസുകള്‍ ചമയ്ക്കുന്നത്.
സുഹറാബ്ദീന്‍-കൗസര്‍ബി, തുളസീറാം പ്രജാപതി, ഇസ്രത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ എന്നീ കേസുകള്‍ അനേ്വഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദേ്യാഗസ്ഥനാണ് തമാങ്ങ്. 2011 ഒക്‌ടോബര്‍ മുതല്‍ 2015 ഒക്‌ടോബര്‍ വരെ സിബിഐയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഈ കേസുകള്‍ അനേ്വഷിച്ചത്. അനേ്വഷണ റിപ്പോര്‍ട്ടും കുറ്റപത്രവും സമര്‍പ്പിച്ചതോടെ തമാങ്ങ് ബിജെപിയുടെ കണ്ണിലെ കരടായി. തുടര്‍ന്ന് രഞ്ജിത് സിന്‍ഹ സിബിഐ ഡയറക്ടറായിരിക്കെ തമാങ്ങിനെ നാഗാലാന്‍ഡ് കേഡറിലേയ്ക്ക് തിരിച്ചയച്ചു. നാഗാലാന്‍ഡിലെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഒരു അഴിമതിക്കേസ് തമാങ്ങ് അനേ്വഷിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു. ബിജെപി മന്ത്രിസഭ നാഗാലാന്‍ഡില്‍ അധികാരത്തിലെത്തിയതോടെ ഈ അഴിമതിക്കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് അനേ്വഷണ ഉദേ്യാഗസ്ഥനായ തമാങ്ങ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഇപ്പോള്‍ മോഡിയുടെയും അമിത്ഷായുടെയും ആശിര്‍വാദത്തോടെ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്.
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ മുതിര്‍ന്ന പൊലീസ് ഉദേ്യാഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി രണ്ട് കുറ്റപത്രങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെയും ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായുടെയും പങ്കും ഈ റിപ്പോര്‍ട്ടില്‍ തമാങ്ങ് പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്രത്ത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട് അമിത്ഷായെ തമാങ്ങ് രണ്ടു തവണ ചോദ്യം ചെയ്തു. പ്രജാപതി കൊലപാതകക്കേസിലാണ് രണ്ടാം തവണ അമിത്ഷായെ ചോദ്യം ചെയ്തത്. പ്രജാപതി കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അമിത്ഷായുടെ പേര് അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. ഇസ്രത്ത് ജഹാന്‍ കേസില്‍ തെളിവില്ലെന്ന കാരണത്താല്‍ അമിത്ഷായെ ഒഴിവാക്കിയെങ്കിലും അമിത്ഷായുമായി ബന്ധപ്പെട്ട മുതിര്‍ന്ന പൊലീസുദേ്യാഗസ്ഥരെ പ്രതികളാക്കി കുറ്റപത്രം നല്‍കി. കൂടാതെ സുഹറാബുദീന്‍-കൗസര്‍ബി കേസില്‍ അനേ്വഷണത്തിന്റെ വിവിധ ഘട്ടങ്ങളിലെ തല്‍സ്ഥിതി റിപ്പോര്‍ട്ടും കോടതിയില്‍ തമാങ്ങ് സമര്‍പ്പിച്ചു. തമാങ്ങിന്റെ റിപ്പോര്‍ട്ടില്‍ പൂര്‍ണ തൃപ്തിയാണ് ജഡ്ജിമാര്‍ രേഖപ്പെടുത്തിയത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെതന്നെ തമാങ്ങിനെ സിബിഐയില്‍ നിന്നും പുകച്ച് പുറത്തുചാടിച്ചു. നാഗാലാന്‍ഡിലെത്തിയ തമാങ്ങിനെ കള്ളക്കേസില്‍ കുടുക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ അമിത്ഷായും മോഡിയും പയറ്റുന്നത്. തമാങ്ങിനെ കുറ്റക്കാരനാക്കി മൊഴി നല്‍കാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നതായി അഴിമതിക്കേസിലെ രണ്ട് സാക്ഷികള്‍ കോടതിയെ അറിയിച്ചു. അതോടെയാണ് തമാങ്ങിനെ വേട്ടയാടാനുള്ള നീക്കങ്ങള്‍ പുറംലോകം അറിയുന്നത്.
കേന്ദ്ര തൊഴില്‍മന്ത്രാലത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ”സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വര്‍ക്കേഴ്‌സ് എഡ്യൂക്കേഷന്‍” എന്ന സ്ഥാപനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് തമാങ്ങിനെ കെണിയില്‍പെടുത്താനുള്ള മറ്റൊരു കരുനീക്കം നടക്കുന്നത്. നാല് ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് തമാങ്ങിനെതിരെയുള്ള ആരോപണം. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്നും തങ്ങളെക്കൊണ്ട് തമാങ്ങ് കോഴ വാങ്ങിയതായി പറയിപ്പിക്കാന്‍ ബാഹ്യസമ്മര്‍ദങ്ങള്‍ ശക്തമാണെന്നും നാഗ്പൂര്‍ കോടതിയില്‍ ഈ കേസിലെ സാക്ഷികള്‍ അറിയിച്ചു. കൂടാതെ കേസിലെ പ്രതികളായ ശാന്താറാം പാട്ടീല്‍, സഞ്ജയ് സിന്‍ഹ എന്നിവര്‍ തമാങ്ങിനെതിരെ പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ തമാങ്ങ് തങ്ങളെ ശാരീരികമായി ഉപദ്രവിച്ചുവെന്നും വെള്ളക്കടലാസില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും ഇരുവരും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 323, 506, 504 എന്നീ വകുപ്പുകള്‍ പ്രകാരം തമാങ്ങിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമാങ്ങിനെതിരെയുള്ള ഈ പ്രതികാര നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Related News