Thursday
24 Jan 2019

‘ഹിന്ദുയിസ’ത്തിന്റെ കാപട്യം

By: Web Desk | Thursday 17 May 2018 11:00 PM IST

പൂവറ്റൂര്‍ ബാഹുലേയന്‍

വസ്തുതാപരമായി പരിശോധിച്ചാല്‍ സഹിഷ്ണുതയ്ക്കപ്പുറം സംഘട്ടനങ്ങളുടെ സാമ്രാജ്യചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. വിവിധ മതങ്ങളും ജാതികളും വര്‍ണ, വര്‍ഗ വൈജാത്യങ്ങളും ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ ഇന്ത്യയുടെ ഏത് ഘട്ടമെടുത്തു പരിശോധിച്ചാലും സംഘര്‍ഷങ്ങളുടേയും സംഘട്ടനങ്ങളുടേയും പോര്‍മുഖങ്ങള്‍ കാണാം. ആര്യന്മാരുടെ ആഗമനകാലം തൊട്ട് ഇത് കാണാനാവും. സിന്ധു നദീതട സംസ്‌കാരത്തിന്റെ പിന്‍മുറക്കാരെന്നു വിശേഷിപ്പിക്കാവുന്ന ദ്രാവിഡന്മാരെ അരിഞ്ഞുവീഴ്ത്തിയാണ് ആര്യന്മാര്‍ ഇവിടെ അധീശത്വം സ്ഥാപിച്ചത്. എന്നാല്‍ അധിനിവേശം നടത്തിയ ഈ ആര്യന്മാരുടെ ആദിമകാലത്ത് ജാതിയും മതവും ഇല്ലായിരുന്നു.
ഋഗ്‌വേദകാലത്ത് ഇല്ലാതിരുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥ പില്‍ക്കാലവേദങ്ങളുടെ കാലത്താണ് ഉടലെടുത്തത്. പ്രകൃതിയേയും പ്രകൃതി പ്രതിഭാസങ്ങളേയും ഭയപ്പെടുകയും ആരാധിക്കുകയും ചെയ്ത ജനവിഭാഗം അന്ധമായ ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിച്ചത് ഇക്കാലത്താണ്. അനാര്യന്മാരായ ദ്രാവിഡര്‍ ഉള്‍പ്പെടെയുള്ളവര്‍ ദൈവത്തിന്റെ വിരോധികളാണെന്നു വരുത്തിത്തീര്‍ത്തത് ഇപ്പോഴാണ്. മുമ്പില്ലാതിരുന്ന ചാതുര്‍വര്‍ണ്യം പണ്ടേ ഉണ്ടായിരുന്നുവെന്നു വരുത്തിത്തീര്‍ത്തതും ഈ പില്‍ക്കാല വേദകാലത്താണ്. എട്ട് അധ്യായങ്ങള്‍ മാത്രമുണ്ടായിരുന്ന ഋഗ്‌വേദത്തിന് രണ്ട് അധ്യായങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത് ഒന്നും പത്തും അധ്യായങ്ങളാക്കുകയായിരുന്നു. ഇതിലെ പത്താം അധ്യായമായി എഴുതിച്ചേര്‍ത്ത പുരുഷസൂക്തത്തിലാണ് ബ്രാഹ്മണന്‍ ഭഗവാന്റെ മുഖത്തുനിന്നും ക്ഷത്രിയന്‍ കൈകളില്‍ നിന്നും വൈശ്യര്‍ തുടകളില്‍ നിന്നും ശൂദ്രന്‍ പാദങ്ങളില്‍ നിന്നും ഉടലെടുത്തു എന്നു സൂചിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലെ തിരുത്തും തിരിമറിയും അങ്ങനെ അന്നേ തുടങ്ങി.
കറുത്ത ശരീരമുള്ള നീളം കുറഞ്ഞ, ഒട്ടിയ മൂക്കുകകളുള്ള, കറുത്ത ചുരുണ്ട മുടിയുള്ള, രാക്ഷസരെന്ന് ആര്യന്മാര്‍ മുദ്രചാര്‍ത്തിയ ദ്രാവിഡരെ കൊന്നുതുടങ്ങിയ കാലം മുതലുള്ള ചരിത്രമെടുത്താല്‍ സഹിഷ്ണുതയുടെ അധ്യായങ്ങള്‍ അത്രത്തോളമൊന്നും കണ്ടെത്താനാവില്ല. ബ്രാഹ്മണരുടെ മേല്‍ക്കോയ്മയില്‍ വളര്‍ന്നുവന്ന മതമേധാവിത്വത്തിന് കൊണ്ടും കൊടുത്തുമുള്ള ചരിത്രമാണുള്ളത്. ബ്രാഹ്മണ മതമേധാവിത്വത്തിന്റെ ഉച്ചനീചത്വങ്ങളിലധിഷ്ഠിതമായ സാമൂഹീകാന്ധകാരത്തിനെതിരെയുള്ള പ്രതിഷേധമായി ഉടലെടുത്ത ജൈനമതവും ബുദ്ധമതവുമായി എന്തെന്തു സംഘര്‍ഷങ്ങളാണ് ഉണ്ടായിട്ടുള്ളത്.
സ്വന്തം മതത്തെ ഉദ്‌ഘോഷിക്കുന്നതിനും എതിര്‍മതത്തെ ഇടിച്ചുതാഴ്ത്തുന്നതിനും വേണ്ടി ഉണ്ടായിട്ടുള്ള മതസാഹിത്യസൃഷ്ടികള്‍ മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതയുടെ തെളിവാണ്. ബ്രാഹ്മണമത ഗ്രന്ഥമായ ‘അയരംഗസൂക്ത’ത്തില്‍ പറയുന്നത് ‘ജൈനസന്യാസിമാര്‍ കള്ളന്മാരാണെന്നും അതുകൊണ്ടാണ് അവര്‍ രാത്രിയില്‍ മാത്രം യാത്ര ചെയ്ത് പകല്‍സമയത്ത് ഒളിച്ചിരിക്കുന്നത്’ എന്നുമാണ്. ബ്രാഹ്മണന്മാരും ബുദ്ധമതക്കാരും തമ്മില്‍ കീരിയും പാമ്പും പോലെ നിതാന്ത ശത്രുക്കളായിരുന്നുവെന്നാണ് പതഞ്ജലി പോലും എഴുതിയിട്ടുള്ളത്. ബുദ്ധമത ഗ്രന്ഥമായ ‘ദിവ്യവദന’യില്‍ പറയുന്നത് പുഷ്യമിത്രസംഗന്‍ ഏറ്റവും നിഷ്ഠുരനായ ഭരണാധികാരിയാണെന്നും ആയിരക്കണക്കിന് ബുദ്ധമത സ്തൂപങ്ങള്‍ തകര്‍ത്ത് ബുദ്ധമത സന്യാസിമാരെ കൊന്നൊടുക്കുകയും ചെയ്തുവെന്നാണ്. സ്വന്തം മാതാപിതാക്കളോട് കടപ്പാടില്ലാത്ത നന്ദികെട്ടതും വെറുക്കപ്പെട്ടതുമായ കുട്ടികളെ പോലെയാണ് ജൈനമതക്കാരും ബുദ്ധമതക്കാരും’ എന്നാണ് എട്ടാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന ഭാഷാവിദഗ്ധനായ കുമാരിലഭട്ട രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് മതങ്ങളോടു മാത്രമല്ല സ്വന്തം മതത്തില്‍ തന്നെ ശത്രുതയുടേയും സംഘട്ടനങ്ങളുടേയും നിരവധി കഥകളാണ് ബ്രാഹമണമതത്തില്‍ ഉള്ളത്. ശിവനെ ആരാധിക്കുന്ന ശൈവരും വിഷ്ണുവിനെ ആരാധിക്കുന്ന വൈഷ്ണവരും തമ്മില്‍ നടത്തിയ പോരാട്ടങ്ങളില്‍ ധാരാളം ചോരപ്പുഴയൊഴുകിയിട്ടുണ്ട്. ബ്രഹ്മാവിനും ശിവനും മേലുള്ള മേല്‍ക്കോയ്മ അവകാശപ്പെടുന്ന പുരാണഗ്രന്ഥമാണ് വിഷ്ണുപുരാണം. വിഷ്ണുവിനു സുദര്‍ശനചക്രം നല്‍കിയ മേല്‍ക്കോയ്മയാണ് ശൗരപുരാണത്തിനുള്ളത്. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പോരില്‍ പലപ്പോഴും മുന്നിട്ടുനിന്നത് ശൈവമതഭ്രാന്താണ്. വൈഷ്ണവരെ കൂട്ടത്തോടെ നാടുകടത്തുന്നതിലും വൈഷ്ണവ പ്രതിമകള്‍ തകര്‍ക്കുന്നതിലും വൈഷ്ണവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിലും ശൈവമതക്കാര്‍ ആനന്ദം കണ്ടെത്തി.
ബ്രാഹ്മണമത വിഭാഗത്തിലേതുപോലുള്ള ചേരിതിരിവുകള്‍ ജൈനമതത്തിലും ബുദ്ധമതത്തിലുമുണ്ടായിരുന്നു. ശ്വേതംബരന്മാരെന്നും ദിഗംബരന്മാരെന്നും പരസ്പരം തിരിഞ്ഞ് ജൈനമതക്കാര്‍ ഭിന്നിച്ചു നിന്നപ്പോള്‍ മഹായാന ബുദ്ധമതമെന്നും ഹീനയാന ബുദ്ധമതമെന്നും ബുദ്ധമതത്തില്‍ ഭിന്നിപ്പുണ്ടായി. ആയിരക്കണക്കിന് ആള്‍ക്കാരെ കൊന്നൊടുക്കിയ ശേഷം മനം മാറ്റമുണ്ടായ അശോകചക്രവര്‍ത്തിയുടെ കാലത്താണ് സഹിഷ്ണുതയുടെ വേരുകള്‍ പുരാതന ഇന്ത്യന്‍ ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത് മധ്യകാലഘട്ടത്തില്‍ മുഗള്‍ചക്രവര്‍ത്തിയായ അക്ബറിന്റെ കാലത്തും മതസൗഹാര്‍ദത്തിന്റെ അടയാളങ്ങള്‍ കാണാനാവും. അനുയായികള്‍ അധികം ഉണ്ടായില്ലെങ്കിലും അദ്ദേഹം സ്ഥാപിച്ച ‘ദിന്‍ ഇലാഹി’ എന്ന മതം എല്ലാ മതങ്ങളുടേയും സാരാംശങ്ങള്‍ കോര്‍ത്തിയിണക്കിയതായിരുന്നു.
മതസംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞപ്പോഴും ഇന്ത്യ മറ്റുപല മതഭ്രാന്തന്‍ രാജ്യങ്ങളില്‍ നിന്നും ഭിന്നമായി ബഹുസ്വരതയില്‍ നിലനിന്നിരുന്നു എന്നത് വസ്തുതയാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രവുമായി റോബര്‍ട്ട് ക്ലൈവിനെപോലെയുള്ള ബ്രിട്ടീഷ് ഭരണാധികാരികള്‍ വാഴുമ്പോഴും ഇവിടെ ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ജൈനരും ബുദ്ധരും പാഴ്‌സികളുമൊക്കെ വളര്‍ന്നു. മതവൈവിധ്യം മാത്രമല്ല, വേഷഭൂഷാദികളിലും ആചാരാനുഷ്ഠാനങ്ങളിലും ഭാഷകളിലുമെല്ലാം ഈ വൈവിധ്യം നിലനിര്‍ത്തി. നാനാത്വത്തില്‍ ഏകത്വം എന്ന ഈ ബഹുസ്വരതയെ ഇന്ത്യന്‍ സംസ്‌കാരമെന്നല്ലാതെ ഹിന്ദുസംസ്‌കാരം എന്നെങ്ങനെ വിശേഷിപ്പിക്കാനാവും? പുരാതനേന്ത്യന്‍ ചരിത്രം പോയിട്ട് മധ്യകാല ഇന്ത്യന്‍ ചരിത്രം പരിശോധിച്ചാല്‍ പോലും ‘ഹിന്ദു’, ‘ഹിന്ദുയിസം’ എന്നീ വാക്കുകള്‍ പോലും ഉപയോഗിച്ചിരുന്നതായി കാണാനാവില്ല. പതിന്നാലാം നൂറ്റാണ്ടുവരെയും ഇന്ത്യക്കാര്‍ സ്വയം ഹിന്ദുക്കള്‍ എന്നു വിശേഷിപ്പിച്ചിരുന്നില്ല എന്നാണ് പ്രമുഖ ചരിത്രഗവേഷകനായ ദ്വിജേന്ദ്ര നാരായണ്‍ഝാ വ്യക്തമാക്കുന്നത്. കൊളോണിയല്‍ കാലഘട്ടത്തിനു മുമ്പുള്ള സംസ്‌കൃത ഗ്രന്ഥങ്ങളില്‍ ‘ഹിന്ദു’ എന്നും ‘ഹിന്ദുധര്‍മ്മ’ എന്നും ഉപയോഗിച്ചു കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു.
മതസ്പര്‍ധയിലൂടെ ചേരിതിരിവുണ്ടാക്കി മുതലെടുക്കുന്ന ഹിന്ദുത്വവാദികള്‍ അവകാശപ്പെടുന്ന ഹിന്ദു സംസ്‌കാരം പുരാതനേന്ത്യന്‍ ആര്യന്‍ ബ്രാഹ്മണ മതമേധാവിത്വത്തിന്റെയും ഇതിന്റെ നവോത്ഥാന ഗുപ്തകാലവുമാവാം. പക്ഷേ, അതിന്റെയും അന്തസത്തകളില്‍ ഇത്തരം അസഹിഷ്ണുതകള്‍ കാണുമോയെന്നു സംശയമാണ്. ഹിന്ദുബൈബിള്‍ എന്നു വിശേഷിപ്പിക്കുന്ന ഭഗവത്ഗീതയില്‍ സത്യത്തിനും ധര്‍മത്തിനും വേണ്ടിയുള്ള യുദ്ധത്തില്‍ പക്ഷപാതിത്തം കാണിക്കരുതെന്നാണ് പറയുന്നത്. അല്ലാതെ തങ്ങളുടെ പക്ഷക്കാരല്ലാത്ത മുഴുവന്‍ പ്രതിപക്ഷക്കാരേയും ഉന്മൂലനം ചെയ്യണമെന്നല്ല; എട്ടു വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നൊടുക്കിയ നീചന്മാര്‍ക്കുവേണ്ടി പ്രകടനം നടത്തണമെന്നില്ല; യുവതിയെ ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കുന്ന ജനപ്രതിനിധിയെ സൃഷ്ടിക്കണമെന്നുമില്ല.
ഇന്ത്യയുടെ പൈതൃകങ്ങള്‍ മായ്ച്ചുകളയുകയും വിറ്റുതുലയ്ക്കുകയും ചെയ്യുന്നത് എന്ത് സഹിഷ്ണുതാ സംസ്‌കാരമാണ്? അടിക്കടി ജനാധിപത്യ ധ്വംസനങ്ങള്‍ നടത്തുകയും നീതിന്യായവ്യവസ്ഥയെ അട്ടിമറിച്ച് വരുതിയില്‍ നിര്‍ത്തുകയും ചെയ്യുന്നത് എന്ത് ധര്‍മമാണ്? പലവിധ നിര്‍ബന്ധങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ജനങ്ങളെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതാണോ മോക്ഷകര്‍മം? വിലക്കയറ്റംകൊണ്ടും ജീവിതദുരിതങ്ങള്‍കൊണ്ടും ജനങ്ങള്‍ എത്ര പൊറുതിമുട്ടിയാലും ‘ഹിന്ദുയിസം’ എന്ന തുറുപ്പുചീട്ടുകൊണ്ട് വിജയിക്കാം എന്ന മോഹം ഇനിയും വിലപ്പോവുമോ?