Sunday
23 Sep 2018

പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക്ഉട്ടിന്‍റെ ആലപ്പുഴ സന്ദര്‍ശനം

By: Web Desk | Tuesday 13 March 2018 8:57 PM IST

ആലപ്പുഴ:

അമ്പലപ്പുഴ പാല്‍പ്പായസം കുടിച്ചും വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ അഭിവാദ്യം അര്‍പ്പിച്ചും ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക്ഉട്ടിന്‍റെ ആലപ്പുഴ സന്ദര്‍ശനം. അമ്പലപ്പുഴയിലെത്തിയ അദ്ദേഹം ഓട്ടന്‍തുള്ളല്‍കണ്ട് മനം നിറഞ്ഞാണ് മടങ്ങിയത്. ക്യാമറയില്‍ അത്ഭുതം തീര്‍ക്കുന്ന ലോക പ്രശസ്ത ഫോട്ടോഗ്രാഫറായ നിക് ഉട്ടിനോടൊപ്പം ലോസ് എഞ്ചല്‍സ് ടൈംസ് എഡിറ്റര്‍ റൗള്‍റോയും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ ഇവരെ ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍ സ്വീകരിച്ചു.

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര പ്രസ് ഫോട്ടോ ഫെസ്റ്റിവലില്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഇദ്ദേഹം മടക്കയാത്രയിലാണ് അമ്പലപ്പുഴയിലെത്തിയത്. ഇവര്‍ എത്തിയപ്പോള്‍ ക്ഷേത്രത്തില്‍ ഉച്ചശീവേലിയായിരുന്നു. ശീവേലിയുടെ ചിത്രങ്ങള്‍ തന്റെ ക്യാമറ കണ്ണില്‍ ഒപ്പിയെടുത്തശേഷം ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുട്ടികളുടേയും ഭാഗവാനെ തൊട്ടുനില്‍ക്കുന്ന ഭക്തരുടെ ചിത്രവും ഇദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണം റസൂല്‍പൂക്കുട്ടിയാണ് നല്‍കിയത്. തുടര്‍ന്ന് നിക് ഊട്ടിനായി അമ്പലപ്പുഴ സുരേഷ് വര്‍മ്മ ഓട്ടന്‍തുള്ളലിന്റെ ചില ഭാഗങ്ങളും അവതരിപ്പിച്ചു. തുള്ളല്‍പിറന്ന കളിത്തട്ടിലാണ് വര്‍ണ്ണ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്. ഓട്ടന്‍തുള്ളലിന്റെ മിന്നുന്ന പ്രകടനം ക്യാമറയില്‍ എത്ര പകര്‍ത്തിയിട്ടും ഈ ലോക പ്രശസ്ത ഫോട്ടോഗ്രാഫറിന് മതിയായില്ല. തുള്ളലിന് ശേഷം സുരേഷ് വര്‍മ്മ നല്‍കിയ അമ്പലപ്പുഴ പാല്‍പ്പായസവും കുടിച്ചശേഷമാണ് നിക്ക് ഊട്ടും റസൂല്‍ പൂക്കുട്ടിയും മടങ്ങിയത്. ഇതിനിടയില്‍ നമ്പ്യാരുടെ മിഴാവിന്റെ ചിത്രമെടുക്കാനും നിക് ഊട്ട് മറന്നില്ല. ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ച ഈ ഫോട്ടോഗ്രാഫറിന് അമ്പലപ്പുഴ ക്ഷേത്രവും ഓട്ടന്‍തുള്ളലും അത്ഭുതമായിരുന്നു. ഒട്ടേറെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ നിക് ഊട്ടിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താനും തിരക്കായിരുന്നു. ഒട്ടേറെപ്പേര്‍ നിക് ഊട്ടിനും റസൂല്‍ പൂക്കുട്ടിക്കുമൊപ്പം സെല്‍ഫിയുമെടുത്തു. ക്യാമറ കണ്ണില്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങളുടെ ശേഖരം ആല്‍ബമാക്കാനാണ് നിക് ഊട്ടിന്റെ തീരുമാനം. പിന്നീട് പുന്നപ്ര രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിലെത്തി അദ്ദേഹം രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു.

ആലപ്പുഴ പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹം ഉച്ചയ്ക്ക് ശേഷം മുഹമ്മ ലേബേഴ്‌സ് കയര്‍ മാറ്റ്‌സ് ആന്റ് മാറ്റിംഗ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലും സന്ദര്‍ശനം നടത്തി.