Saturday
21 Oct 2017

സംയുക്ത മാര്‍ച്ചില്‍ കര്‍ഷക രോഷമിരമ്പി

By: Web Desk | Tuesday 26 September 2017 10:58 AM IST

തിരുവനന്തപുരം: സംയുക്ത കര്‍ഷകസമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന മാര്‍ച്ചില്‍ കര്‍ഷകരോഷമിരമ്പി. 14 ജില്ലകളിലും നടന്ന മാര്‍ച്ചിലും ധര്‍ണയിലും ആയിരങ്ങളാണ് അണിനിരന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേയ്ക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ അഭിവാദ്യം ചെയ്തു.

പാലക്കാട് ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച് കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരിയും കൊല്ലത്ത് ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണിയും ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ആദായ നികുതി ഓഫീസ് മാര്‍ച്ച് കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജയകുമാറും മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിന് മുന്നില്‍ സംയുക്ത കര്‍ഷക സമിതി സംസ്ഥാന കണ്‍വീനര്‍ കെ വി രാമകൃഷ്ണനും കല്‍പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് ജനതാദള്‍ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയിയും കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് ഇ പി ജയരാജന്‍ എം എല്‍ എയും കാസര്‍കോട് നടന്ന കര്‍ഷക മാര്‍ച്ച് പി കരുണാകരന്‍ എം പിയും ഉദ്ഘാടനം ചെയ്തു.

എറണാകുളം ബി എസ് എന്‍ എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഇടുക്കിയില്‍ കട്ടപ്പന ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് ജോയ്‌സ് ജോര്‍ജ് എം പിയും തൃശൂര്‍ സ്പീഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി ജോണും ആലപ്പുഴയില്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സെന്‍ട്രല്‍ കിസാന്‍ കൗണ്‍സില്‍ അംഗം കെ എന്‍ ബാലഗോപാലും കോട്ടയത്ത് പോസ്റ്റോഫീസ് മാര്‍ച്ച് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരനും പത്തനംതിട്ട ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ നാഷണലിസ്റ്റ് കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റവും ഉദ്ഘാടനം ചെയ്തു.

കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവും അതിന്റെ 50 ശതമാനവും ചേര്‍ത്ത് താങ്ങുവില നിശ്ചയിക്കുക, ഡോ. എം എസ് സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക, റേഷന്‍ അരി, മണ്ണെണ്ണ, പഞ്ചസാര എന്നിവയുടെ വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക മാര്‍ച്ചും ധര്‍ണയും നടത്തിയത്.