Sunday
24 Jun 2018

ചായ് പെ’ ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

By: Web Desk | Wednesday 13 December 2017 11:05 PM IST

ഭോപ്പാല്‍: 2014ലെ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മോഡിയുടെ ‘ചായ് പെ’ ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷകന്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ദഭാഡി സ്വദേശി കൈലേഷ് കിസാന്‍ മങ്കറാണ് (28) കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. 2014ല്‍ കൈലേഷിന്റെ നാട്ടിലെത്തി കര്‍ഷകരോട് സംവദിച്ച മോഡി പലിശക്കാരില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാനായി കിസാന്‍ മിത്ര പദ്ധതി രൂപീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. മികച്ച വിത്തുകളും വളങ്ങളും വായ്പയും വിള ഇന്‍ഷൂറന്‍സും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മികച്ച കാര്‍ഷിക പോളിസി നടപ്പാക്കുമെന്നും മോഡി വാഗ്ദാനം ചെയ്തിരുന്നു.
2012ല്‍ പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൈലേഷ്. മൂന്ന് ഏക്കര്‍ കൃഷിയിടത്തില്‍ പരുത്തിക്കൃഷി ചെയ്തിരുന്ന കൈലേഷ് വിളനാശം മൂലം ഏറെ വിഷമത്തിലായിരുന്നു. സഹകരണ ബാങ്കില്‍ നിന്നും 30,000വും സ്വകാര്യ വ്യക്തിയില്‍ നിന്ന് ഒരു ലക്ഷവും കടമെടുത്തിരുന്നു. ഇതിന്റെയെല്ലാം തിരിച്ചടവ് മുടങ്ങിയതാണ് കൈലേഷ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സൂചന. അടുത്തുതന്നെ നടക്കാനിരുന്ന സഹോദരിയുടെ വിവാഹത്തിന് പണം സ്വരൂപിക്കാന്‍ കഴിയാത്തതും ഇയാളെ വിഷമത്തിലാഴ്ത്തിയിരുന്നു.
കടക്കെണി മൂലമല്ല, അയല്‍ക്കാരനുമായുണ്ടായ ചില പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍, ഭരണകൂടത്തിന്റെ ഈ വാദങ്ങളെല്ലാം സഹോദരന്‍ തള്ളിക്കളഞ്ഞു.സാമ്പത്തിക പ്രശ്‌നങ്ങളാണ് തന്റെ സഹോദരനെ അലട്ടിയിരുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ചായ് പെ ചര്‍ച്ചയില്‍ പങ്കെടുത്ത് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ കര്‍ഷകനാണ് കൈലേഷ്.

Related News