Friday
15 Dec 2017

കര്‍ഷകര്‍ക്കുനേരെ പൊലീസ് അതിക്രമം

By: Web Desk | Wednesday 4 October 2017 10:51 PM IST

ഭാപ്പാല്‍: സംസ്ഥാനത്ത് ഏറ്റവുമധികം കര്‍ഷകര്‍ ദുരിതമനുഭവിക്കുന്ന ബുന്ദേല്‍ഖണ്ഡിലെ ടിക്കാംഘറില്‍ സമരം നടത്തിയ കര്‍ഷകര്‍ക്കുനേരെ പൊലീസ് അതിക്രമം. ടിക്കാംഘര്‍ കളക്ടറേറ്റിന് മുന്നില്‍ പ്രക്ഷോഭത്തിനെത്തിയ കര്‍ഷകര്‍ക്കുനേരെയാണ് മൃഗീയമായ പൊലീസ് അതിക്രമങ്ങള്‍ നടന്നത്. അവകാശപത്രിക സമര്‍പ്പിക്കാനെത്തിയ കര്‍ഷകരെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി. പൊലീസ് നരനായാട്ടില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റു.

പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്ന 40 കര്‍ഷകരെ കസ്റ്റഡിയിലെടുത്ത പൊലീസ് അടിവസ്ത്രവുമായാണ് ലോക്കപ്പിലടച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു കര്‍ഷകര്‍ പ്രക്ഷോഭവുമായി കളക്‌ട്രേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. കളക്ടറെ കണ്ട് നിവേദനം നല്‍കാന്‍ അനുവദിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പൊലീസ് അനുവദിച്ചില്ല. തുടര്‍ന്നാണ് പിരിച്ചുവിടുന്നതിന് ലാത്തിച്ചാര്‍ജ്ജും ടിയര്‍ഗ്യാസ്, ജലപീരങ്കി പ്രയോഗവും നടത്തിയത്. ഗുരുതരമായി പരിക്കേറ്റ കര്‍ഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ടിക്കാംഘര്‍ ജില്ലയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമരക്കാരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച സംഭവം കടുത്ത മനുഷ്യാവകാശലംഘനമാണെന്നും ഇതിനെതിരെ കേന്ദ്ര മനുഷ്യാവകാശകമ്മിഷന് പരാതി നല്‍കുമെന്നും സമരനേതാവ് അജയ് സിങ് പറഞ്ഞു.

2016 ഫെബ്രുവരി മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ 1982 കര്‍ഷകരാണ് ടിക്കാംഘറില്‍ മാത്രം ആത്മഹത്യ ചെയ്തത്. സംസ്ഥാനത്താകെ നടന്ന കര്‍ഷക ആത്മഹത്യയുടെ അഞ്ചിലൊന്നും നടക്കുന്നത് ഈ ജില്ലയിലാണ്. 16 വര്‍ഷത്തിനിടെ 21,000 കര്‍ഷകര്‍ ഈ മേഖലയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. മധ്യപ്രദേശില്‍ തന്നെയാണ് ജൂണ്‍ മാസം നടന്ന കര്‍ഷക പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവയ്ക്കുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തത്.