Sunday
17 Dec 2017

മഹാരാഷ്ട്രയില്‍ ഓഗസ്റ്റില്‍ മാത്രം 260 കര്‍ഷക ആത്മഹത്യ

By: Web Desk | Tuesday 19 September 2017 10:56 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ ഓഗസ്റ്റ് മാസം നടന്നത് 260 കര്‍ഷക ആത്മഹത്യകള്‍. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനമുണ്ടായതിന് ശേഷമുള്ള മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 722 കര്‍ഷകരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ജൂണ്‍ രണ്ടിനാണ് കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ അത് നടപ്പിലാക്കുന്നതിനുള്ള യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ആത്മഹത്യകള്‍ തുടരുകയും ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം 2,062 ആത്മഹത്യകളാണുണ്ടായതെങ്കില്‍ ഈ വര്‍ഷം എട്ടുമാസത്തിനിടെയുണ്ടായത് 1,881 ആത്മഹത്യകളാണ്. ഓഗസ്റ്റ് മാസം വരെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ 70 പേര്‍ ആത്മഹത്യയില്‍ അഭയം തേടി. വിദര്‍ഭ മേഖലയില്‍ ഈ വര്‍ഷം ഇതുവരെ 691 ഉം മറാത്ത്‌വാഡയില്‍ 628 ഉം ഉത്തര മഹാരാഷ്ട്രയില്‍ 325 ഉം കര്‍ഷകരാണ് എട്ടുമാസത്തിനിടെ ആത്മഹത്യ ചെയ്തതെന്നാണ് സംസ്ഥാന റവന്യു വകുപ്പിന്റെ കണക്ക്.
വായ്പ എഴുതിത്തള്ളുന്നതിനുളള അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഒക്‌ടോബര്‍ അവസാനിക്കുന്നതോടെ മാത്രമേ അര്‍ഹരായവരെ തീരുമാനിക്കാനാകൂവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം ഇതിനാവശ്യമായ പണം ഏത് ഇനത്തില്‍ നിന്ന് കണ്ടെത്തുമെന്നതാണ്.
ബജറ്റില്‍ തുക നീക്കി വയ്ക്കുകയോ വായ്പകള്‍ എഴുതിത്തള്ളുന്നതിന് പ്രത്യേക നിയമം കൊണ്ടുവരികയോ ചെയ്യാതെ അപേക്ഷകള്‍ സ്വീകരിക്കുന്നതുകൊണ്ട് എന്ത് ഫലമായിരിക്കും ഉണ്ടാവുകയെന്നാണ് കര്‍ഷക സംഘടനകളുടെ ചോദ്യം.