Tuesday
25 Sep 2018

മഹാരാഷ്ട്രയില്‍ കടാശ്വാസം പ്രഖ്യാപിച്ച് നാലുമാസം- 1,020 കര്‍ഷക ആത്മഹത്യ

By: Web Desk | Thursday 23 November 2017 10:58 PM IST

സ്വന്തം ലേഖകന്‍

മുംബൈ: സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതികള്‍ അര്‍ഹരായവരിലേയ്ക്ക് എത്തുന്നില്ലെന്ന് തെളിയിച്ചുകൊണ്ട് മഹാരാഷ്ട്രയില്‍ ആത്മഹത്യ തുടരുന്നു. വായ്പ എഴുതിത്തള്ളല്‍ ആരംഭിച്ചതിന് ശേഷമുള്ള നാലുമാസത്തിനിടെ ആത്മഹത്യ ചെയ്തത് 1,020 കര്‍ഷകര്‍. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജനുവരി ഒന്നുമുതല്‍ ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ 2,414 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതില്‍ 1,020 ആത്മഹത്യകളും നടന്നിരിക്കുന്നത് നാലുമാസത്തിനിടയിലാണ്.
വിദര്‍ഭയിലെ അമരാവതിയിലാണ് ജൂലൈ ഒന്നുമുതല്‍ ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ നടന്നിരിക്കുന്നത്, 395. മറാത്ത്‌വാഡ മേഖലയില്‍പ്പെട്ട ഔറംഗാബാദില്‍ 330, വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ഡിവിഷനില്‍ 179 കര്‍ഷക ആത്മഹത്യകളും നാലുമാസത്തിനിടെയുണ്ടായി. പത്തുമാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ നാസിക്കില്‍ 907 പേര്‍ ആത്മഹത്യയില്‍ അഭയം തേടിയിട്ടുണ്ട്. പൂനെ മേഖലയില്‍ 80, നാഗ്പൂര്‍ മേഖലയില്‍ 226 കര്‍ഷക ആത്മഹത്യകളും നടന്നു.
ജൂണ്‍മാസത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിനൊടുവിലാണ് കടാശ്വാസ പദ്ധതികള്‍ക്കായി 34,000 കോടി രൂപ നീക്കിവച്ചതായും വായ്പകള്‍ എഴുതിത്തള്ളുന്ന നടപടി ആരംഭിച്ചതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന്റെ ഗുണഫലം സാധാരണ കര്‍ഷകരിലേയ്ക്ക് എത്തിയില്ലെന്നാണ് ഈ ആത്മഹത്യകള്‍ തെളിയിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ ഇതിന്റെ സങ്കീര്‍ണതകള്‍ അപേക്ഷ നല്‍കുന്നതിന് പ്രയാസങ്ങളുണ്ടാക്കി. കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണണ മേഖലയില്‍ നിന്ന് മണിക്കൂറുകള്‍ സഞ്ചരിച്ച് എത്തുമ്പോഴേയ്ക്കും ബന്ധം വിഛേദിക്കപ്പെട്ടു തുടങ്ങിയ കാരണങ്ങളാല്‍ തിരിച്ചുപോകേണ്ട സ്ഥിതിയുമുണ്ടായി. നല്‍കിയ അപേക്ഷകളെ കുറിച്ച് പിന്നീട് അന്വേഷിക്കുമ്പോള്‍ ലഭ്യമായില്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നത്.
ആധാര്‍ നിര്‍ബന്ധമാക്കിയതും നിരവധി പേരെ യഥാസമയം അപേക്ഷ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. ഇപ്പോള്‍ അപേക്ഷ രേഖാമൂലം നല്‍കിയാല്‍ മതിയെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ച ചുകപ്പുനാടയും നടപടിക്രമങ്ങള്‍ വൈകിപ്പിച്ചു. രണ്ടും മൂന്നും ലക്ഷം രൂപ വായ്പയെടുത്തവര്‍ക്കുപോലും നാമമാത്രമായ തുകയാണ് ഇളവ് ലഭിച്ചത്. ഇതെല്ലാം കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതിയിലുള്ള വിശ്വാസവും നഷ്ടപ്പെട്ടാണ് കര്‍ഷക ആത്മഹത്യ വീണ്ടും വര്‍ധിച്ചതെന്നാണ് വിലയിരുത്തല്‍.
കടലാസില്‍ മാത്രമേ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളുള്ളുവെന്നും യഥാര്‍ഥത്തില്‍ ആനുകൂല്യങ്ങളൊന്നും തന്നെ നല്‍കുന്ന സ്ഥിതിയില്ലെന്നും കര്‍ഷക നേതാവ് അജിത് നാവലേ പറഞ്ഞു. ലക്ഷക്കണക്കിന് രൂപ പരസ്യത്തിന് ചെലവഴിക്കുന്നതല്ലാതെ സാധാരണക്കാര്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കര്‍ഷകരുടെ പ്രയാസങ്ങള്‍ മനസിലാക്കുന്നുവെന്നും സുപ്രധാനമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നുമാണ് കൃഷി വകുപ്പ് മന്ത്രി ശതഭൗ ഖോട്ട് പറയുന്നത്.